പുസ്തകപരിചയം


അപൂർണതയുടെ ഒരു പുസ്തകം

Kunjuss Canada (കുഞ്ഞൂസ്)

 അപ്രതീക്ഷിതമായ വഴിത്തിരിവുകളും അത്ഭുതകരമായ യാദൃശ്ചികതകളും ചേർന്ന ജീവിതത്തിന്റെ പ്രതിബിംബമാണ് സൈബർ സ്പേസ്.  എന്നാൽ അവിടെ നിങ്ങളുടെ വിധിയെ നിയന്ത്രിക്കുന്നത്‌ നിങ്ങളുടെ ഉറ്റ മിത്രമാകാം, ശത്രുവാകാം, ലോകത്തിന്റെ ഏതോ കോണിലിരിക്കുന്ന ഒരജ്ഞാത വ്യക്തിയാകാം.അല്ലെങ്കിൽ സമർത്ഥനായ ഒരു ഹാക്കറുമാകാം... പ്രവീണ്‍ ചന്ദ്രന്റെ 'അപൂർണതയുടെ ഒരു പുസ്തകം എന്ന നോവൽ സൈബർ ലോകത്തെ ഹാക്കറുടെ വിസ്മയിപ്പിക്കുന്ന കഥയുമായി മലയാള നോവലിലെ ഒരു പുതിയ ചുവടുവെപ്പായി മാറുന്നു ... 

 

നരേന്ദ്രൻ എന്ന ടെലികോം സ്വിച്ച് എഞ്ചിനീയറുടെ ജീവിതത്തിലൂടെ സൈബർ ലോകത്തിന്റെ സ്വപ്നജാഗരങ്ങളിലേക്ക് കഥാകാരൻ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു . ഒരു ഹാക്കർ മൂലം ജീവിതം നഷ്ടമാകുന്ന പലരുടെയും കഥ... ഒപ്പം പ്രണയം ഒരാളെ ഏതൊക്കെ വഴികളിലൂടെ നടത്തുന്നുവെന്ന പ്രഹേളികയും... 

 

വമ്പൻ കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി നോക്കുന്ന നരേന്ദ്രന് സുരക്ഷാത്തകരാറിന്റെ പേരിൽ ജോലി നഷ്ടപ്പെടുന്നു. അത്, ശമ്പള പരിധി കഴിയുമ്പോഴുള്ള കമ്പനികളുടെ പൊതു അടവായി കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായ ചില സംഭവങ്ങൾ ഉണ്ടാകുന്നത്. നരേന്ദ്രന്റെ കൂടെ ജീവിക്കുന്ന സൂസന്നയുടെ ബന്ധു വഴി അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ഭുവനേശ് വെളിപ്പെടുത്തുന്ന സത്യങ്ങൾ .... യഥാർത്ഥ ജീവിതത്തെക്കാൾ അയഥാർത്ഥ ലോകത്തിൽ ജീവിക്കുന്ന സൈബർ ജീവികൾ.... യഥാർത്ഥ ജീവിതത്തെ നേരിടാനാവാതെ ജീവിതത്തിൽ നിന്നു തന്നെ ഒളിച്ചോടുന്നവർ ... പരാജയപ്പെടാൻ മക്കളെ പഠിപ്പിക്കാതിരുന്ന മാതാപിതാക്കൾ , വിജയമല്ലാതെ മറ്റൊന്നും അംഗീകരിക്കാൻ കഴിയാത്തവർ ... നഷ്ടപ്പെടുമ്പോൾ മാത്രം തങ്ങളുടെ തെറ്റ് തിരിച്ചറിഞ്ഞിട്ടു എന്തു കാര്യം....?

 

സ്വന്തം രൂപത്തിലും വ്യക്തിത്വത്തിലും ആത്മവിശ്വാസമില്ലാതെ മുഖംമൂടിയണിഞ്ഞു സൈബർ ലോകത്തെ വ്യക്തിത്വത്തിൽ ആശ്വാസം കണ്ടെത്തുന്നവരുടെ പ്രതിനിധിയാണ് ഭുവനേശും.....   അപകർഷബോധത്തിൽ നിന്നും ഉരുത്തിരിയുന്ന വ്യക്തിത്വങ്ങൾ ...!

 

അതിനിടയിൽ ലോകത്ത് ഒരു ഹാക്കർക്കും തകർക്കാനാവാത്ത പ്രോഗ്രാം ഡിസൈൻ ചെയ്ത് അതു തകർക്കുന്നവർക്ക് ആ സോഫ്റ്റ്‌വെയർ സൗജന്യമെന്ന് വെല്ലുവിളിച്ച ഭുവനേശ് ആഗ്രഹിച്ചത്‌ സ്വന്തം വിധിയെത്തന്നെ കൈപ്പിടിയിലാക്കാനായിരിക്കാം.  എന്നാൽ ജീവിതം അതിന്റെ ചിപ്പിൽ ഒളിപ്പിച്ചു വെച്ച വിസ്മയങ്ങൾ ഏതു ഹാക്കറെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു....

 

"പ്രണയം ഡിജിറ്റൽ സ്വപ്നമായി അതിന്റെ അനശ്വര ചക്രവാളങ്ങൾ വിട്ടു ഒന്നിലേക്കും പൂജ്യത്തിലേക്കും ഒതുങ്ങാതെ സ്പർശനങ്ങൾ കൊണ്ട് വർണാഭമാക്കാം ..." എന്നു പറയുന്ന കാമുകിയോട് ... "പ്രണയം ശാശ്വതമായ കാവ്യസങ്കൽപ്പമല്ല, തൊട്ടറിയാനാവാത്ത വികാരമാണെന്ന ഓർമിപ്പിക്കലാണ് ഡിജിറ്റൽ ലോകം ചെയ്യുന്നത്.... നമ്മുടെ സങ്കല്പത്തിലാണ് അവ പ്രതിഫലിപ്പിക്കുന്നത്, യഥാർത്ഥത്തിൽ ഒന്നും എഴുതപ്പെടുന്നില്ല, ഒന്നും പൂജ്യവും ചേർന്ന ബൈനറി ശൃംഖലയിൽ നാം അവ കണ്ടെത്തുകയാണെന്ന് ....." ഓർമിപ്പിക്കുന്നു

 

ഭുവനേശിലെ തത്വചിന്തകൻ  .... നോവലിൽ ഉടനീളം ഇത്തരം നിരവധി കാവ്യാത്മക മുഹൂർത്തങ്ങൾ നിറഞ്ഞു നിൽക്കുന്നു...

 

മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച് 2014 ഓഗസ്റ്റിൽ പുറത്തിറങ്ങിയ  പ്രവീണ്‍ ചന്ദ്രന്റെ 'അപൂർണതയുടെ ഒരു പുസ്തകം' വായനയിൽ ഒരു പുതുവിസ്മയമായി.....

 

Comments

 
ഗംഗ     2015-05-04 12:23:05
പഠനം നന്നായി ,നല്ല വിവരണം
 

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code