കായികം


കളിക്കളത്തിൽ

Sunil M S
2006-07 കാലഘട്ടത്തിൽ ശ്രീശാന്ത് ഒന്നാന്തരമൊരു ബോളറായിരുന്നു. ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റിൽ ശ്രീശാന്ത് പത്തു വിക്കറ്റെടുത്തത് അവിസ്മരണീയമായൊരു പ്രകടനമായിരുന്നു. സൌത്ത് ആഫ്രിക്കയെ അവരുടെ മണ്ണിൽ വച്ച് ആദ്യമായി തോൽ‌പ്പിച്ചതിന്റെ പിന്നിലും ശ്രീശാന്തുണ്ടായിരുന്നു. 2007-ലെ ട്വെന്റി-ട്വെന്റി ലോകകപ്പിലും ശ്രീശാന്ത്, ഇടയ്ക്കിടെയെങ്കിലും, മിന്നുന്ന പ്രകടനം കാഴ്ച വച്ചു.
 
ഇതൊക്കെയാണെങ്കിലും, ആവേശം കൂടിക്കഴിയുമ്പോൾ ശ്രീശാന്ത് പലപ്പോഴും നിയന്ത്രണം വിട്ടിരുന്നു. അപ്പീൽ ചെയ്യുമ്പോഴുള്ള രൌദ്രഭാവവും ശബ്ദകോലാഹലവും ശ്രീശാന്തിനു വിനയായി. വിക്കറ്റെടുത്ത ശേഷമുള്ള അമിതമായ ആഹ്ലാദപ്രകടനവും അതിരു കടന്നതായി മാദ്ധ്യമങ്ങൾ അഭിപ്രായപ്പെട്ടു. വിദേശടീമുകളിലെ കളിക്കാരുമായി ഉണ്ടായ ഉരസലുകളും വിമർശിയ്ക്കപ്പെട്ടു. കളിക്കളത്തിലെ വികാരവിക്ഷോഭങ്ങൾക്കു കടിഞ്ഞാണിടാൻ കഴിയാത്ത ശ്രീശാന്തിനെ നിരോധിയ്ക്കണം എന്നു വരെ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്ക് ആതർട്ടൺ ആവശ്യപ്പെട്ടു. ശ്രീശാന്തിനു പിഴശിക്ഷയും താക്കീതും ഒന്നിലേറെത്തവണ നൽകപ്പെട്ടു. ശ്രീശാന്തിനെ വാത്സല്യത്തോടെ നോക്കിക്കണ്ടിരുന്ന മുതിർന്ന കേരളീയ വനിതകൾ പോലും “ചെക്കന് കുറെ കൂടിപ്പോണ്ണ്ട്” എന്നു പറഞ്ഞു.
 
ക്രിക്കറ്റ് മര്യാദക്കാരുടെ കളിയാണ് എന്നായിരുന്നു മുൻ‌കാലങ്ങളിലെ ചിന്താഗതി. കഴിഞ്ഞ ഒന്നു രണ്ടു ദശാബ്ദങ്ങളായി ആ വീക്ഷണത്തിനു കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. ചില വിദേശരാജ്യങ്ങളിലെ ഫുട്ബാൾ ഭ്രാന്തന്മാരുടെ അക്രമപ്രവൃത്തികൾ ക്രിക്കറ്റ് പ്രേമികൾ ഇതുവരെ ആവർത്തിച്ച ചരിത്രമുണ്ടായിട്ടില്ലെങ്കിലും, ക്രിക്കറ്റ് മൈതാനമദ്ധ്യത്തിലെ സൌഹൃദത്തിനു മങ്ങൽ സംഭവിച്ചിട്ടുണ്ട്. എങ്കിലും അതൊന്നും അല്പം പോലും ബാധിയ്ക്കാത്ത, മഹാനായൊരു ഇന്ത്യൻ കളിക്കാരനായിരുന്നു, രാഹുൽ ദ്രാവിഡ്. സെഞ്ചുറി നേടിക്കഴിഞ്ഞാൽ ആഹ്ലാദപ്രകടനമൊന്നുമില്ലാതെ, ബാറ്റ് അല്പമൊന്നുയർത്തി കാണികളെ അഭിവാദ്യം ചെയ്യുക മാത്രമാണ് ദ്രാവിഡ് ചെയ്യാറ്. താരത‌മ്യേന നിശ്ശബ്ദമായി ബാറ്റു ചെയ്ത് ലോകത്തിൽ ടെസ്റ്റു മാച്ചുകളിൽ ഏറ്റവുമധികം റണ്ണുകൾ സ്കോർ ചെയ്ത മൂന്നാമത്തെ ബാറ്റ്സ്മാനായിത്തീർന്നു ദ്രാവിഡ്. മിതഭാഷിയായ ദ്രാവിഡ് ഒരിയ്ക്കൽ പോലും പ്രകോപിതനായി കണ്ടിട്ടില്ല. ശാന്തത മുഖമുദ്രയായുള്ള സച്ചിനെ തെല്ലും വിസ്മരിച്ചുകൊണ്ടല്ല ഇതു പറയുന്നത്.
 
2011ൽ രാഹുൽ ദ്രാവിഡിന്റെ അവസാന ഏകദിനത്തിൽ ദ്രാവിഡിനെ ബോൾ ചെയ്തു പുറത്താക്കിയത് ഗ്രേയിം സ്വാൻ ആയിരുന്നു. ദ്രാവിഡിന്റെ വിക്കറ്റു കിട്ടിയ ഉടനെ സ്വാൻ ആ സന്തോഷം ആഘോഷിയ്ക്കുകയല്ല, ദ്രാവിഡിന്റെ കൈ പിടിച്ചു കുലുക്കുകയാണു ചെയ്തത്. തുടർന്ന് ഇംഗ്ലണ്ടിന്റെ എല്ലാ കളിക്കാരും വരിയായി വന്ന് ആദരപൂർവ്വം ദ്രാവിഡിന്റെ കൈ പിടിച്ചു കുലുക്കി. അവരിൽ ജൊനാഥൻ ട്രോട്ട് ദ്രാവിഡിനോടുള്ള ആദരസൂചകമായി തൊപ്പി മാറ്റിയ ശേഷമാണ് ദ്രാവിഡിന്റെ കൈ പിടിച്ചു കുലുക്കിയത്. ഇംഗ്ലണ്ടിൽ ദ്രാവിഡിനു കിട്ടിയ ആദരവു കണ്ടു കൊണ്ടിരുന്ന ഭാരതീയരെയെല്ലാം വികാരഭരിതരാക്കിയിരുന്നിരിയ്ക്കണം, ആ രംഗം. രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിയ്ക്കാനും ക്രിക്കറ്റിനു കഴിയുമെന്നതിനു വേറെ തെളിവു വേണ്ട.
 
അന്താരാഷ്ട്ര ഫുട്ബാൾ മത്സരങ്ങളിൽ ഗോളടിച്ച ശേഷം കളിക്കാർ നടത്തുന്ന ആഹ്ലാദപ്രകടനങ്ങൾ കാണാൻ രസമുള്ളവയാണ്. 1990-ലെ ലോകകപ്പിൽ റൊമേനിയയ്ക്കെതിരെ വിജയം നേടിയ കാമറൂണിന്റെ രണ്ടു ഗോളുകളും നേടിയത് റോജർ മില്ലയായിരുന്നു. ആ ടൂർണ്ണമെന്റിൽ മില്ല ആകെ നാലു ഗോളുകൾ നേടി. ഓരോ ഗോളും നേടിയ ഉടനെ റോജർ മില്ല കോർണർ ഫ്ലാഗിന്നടുത്തേയ്ക്കോടുകയും അതിൽ പിടിച്ചു നിന്നുകൊണ്ട് നൃത്തം ചെയ്യുകയും ചെയ്തു. ഈ നൃത്തം അക്കാലത്തു വളരെ പ്രസിദ്ധമായിത്തീർന്നു. ബ്രസീലിന്റെ റൊമാറിയോ ഗോളടിച്ചയുടനെ കാണികളുടെ മുൻപിൽ ചെന്നു നിന്നുകൊണ്ട് ഇരുകൈകളിലും ഒരു കുഞ്ഞിനെ താരാട്ട് ആട്ടുന്ന പോലെ അഭിനയിച്ചു കാണിച്ചിരുന്നു. ആവേശഭരിതരായ ബ്രസീലിന്റെ ആരാധകർ എഴുന്നേറ്റു നിന്ന്, വലിയ ആരവത്തോടെ റൊമാറിയോയെ അനുകരിച്ചു. നൈജീരിയൻ കളിക്കാർ പല അഭ്യാസങ്ങളും കാണിയ്ക്കാറുണ്ടായിരുന്നു. അവരിലൊരാളായിരുന്നു, ജൂലിയസ് ആഘഹോവ. ഒരിയ്ക്കൽ ഗോളടിച്ചയുടനെ ആഘഹോവ തുടർച്ചയായി പുറകോട്ടു മലക്കം മറിഞ്ഞു, കാണികൾ ആർത്തു വിളിച്ചു. അതു കണ്ട് പലരും അത്ഭുതപരതന്ത്രരായി നിന്നു പോയിക്കാണണം. എത്ര അനായാസേനയായിരുന്നു, ആഘഹോവ മലക്കം മറിഞ്ഞത്!
 
2009ലെ യൂ എസ് ഓപ്പൺ ടെന്നീസ് ടൂർണ്ണമെന്റിന്റെ സെമിഫൈനൽ. സെറീന വില്യംസും കിം ക്ലൈസ്റ്റേഴ്സും തമ്മിലാണ് ‘യുദ്ധം.’ രണ്ടു പേരും വനിതകളാണെങ്കിലും, പല പുരുഷന്മാരേക്കാളും ശക്തമായി ടെന്നീസ് കളിയ്ക്കുന്നവരാണിരുവരും. ഏയ്സുകളുതിർക്കാനും തീപാറുന്ന ഫോർഹാൻഡ് ഷോട്ടുകൾ പായിയ്ക്കാനും കഴിവുള്ളവർ. കായികശക്തിയിലും രണ്ടു പേരും മികച്ചവർ. ആദ്യസെറ്റ് ക്ലൈസ്റ്റേഴ്സ് എടുത്തു. രണ്ടാമത്തെ സെറ്റിലും ക്ലൈസ്റ്റേഴ്സ് തന്നെ മുന്നിട്ടു നിൽക്കുന്നു. ക്ലൈസ്റ്റേഴ്സിന് കേവലം ഒരു പോയിന്റു മാത്രം മതി ജയിയ്ക്കാൻ. സെറീന സെർവ് ചെയ്യുന്നു. ടെന്നീസിൽ സെർവു ചെയ്യുമ്പോൾ പാദം വരകളിൽ സ്പർശിയ്ക്കാൻ പാടില്ല. സെറീനയുടെ പാദം ലൈനിൽ സ്പർശിച്ചു, പുറകിലിരുന്ന ലൈൻ ജഡ്ജ് (ലൈൻസ് വുമൻ) സെർവീസ് തെറ്റെന്നു വിധിച്ചു. സെറീന കുപിതയായി ലൈൻ ജഡ്ജിയുടെ നേരേ ചെന്ന്, ചൈനീസ് വംശജയായ അവരോട് എന്തൊക്കെയോ പറഞ്ഞു. “നിങ്ങളുടെ തൊണ്ടയിൽ പന്തു കുത്തിയിറക്കും...” എന്നു സെറീന പറഞ്ഞുവെന്ന് പത്രങ്ങൾ പിന്നീടു റിപ്പോർട്ടു ചെയ്തു.
 
അമ്പയർ ലൈൻ ജഡ്ജിയെ വിളിച്ചു സംസാരിച്ചു. അതിനൽ‌പ്പം മുൻപ് റാക്കറ്റ് നിലത്തടിച്ചൊടിച്ചതിന് അമ്പയർ സെറീനയെ താക്കീതു ചെയ്തു കഴിഞ്ഞിരുന്നു. രണ്ടാമതും കുറ്റം ചെയ്തതു കണക്കിലെടുത്ത് പെനാൽറ്റിയായി അമ്പയർ ഒരു പോയിന്റ് ക്ലൈസ്റ്റേഴ്സിനു നൽകി. ആ പോയിന്റു കിട്ടിയതോടെ ക്ലൈസ്റ്റേഴ്സ് വിജയിച്ചു. പിന്നീട് സെറീന പത്രങ്ങൾക്കു നൽകിയ ഒരു പ്രസ്താവനയിലൂടെ ലൈൻജഡ്ജിയോടു ക്ഷമായാചനം ചെയ്തെങ്കിലും ലോകമൊട്ടാകെയുള്ള ടെന്നീസ് പ്രേമികൾക്ക് സെറീനയോടുണ്ടായിരുന്ന ആരാധനയ്ക്ക് വലുതായ ഇടിവു സംഭവിച്ചു.
 
കുറച്ചുകാലം ലോക ഒന്നാം നമ്പർ ടെന്നീസ് താരമായിരുന്ന റഫേൽ നദാൽ സ്പെയിൻ‌കാരനാണ്. സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ വച്ച് വർഷങ്ങൾക്കു മുൻപ് റഫേൽ നദാലും ചെക് റിപ്പബ്ലിക്കുകാരനായ തോമസ് ബേർഡിച്ചും തമ്മിലുള്ള മത്സരം നടന്നു കൊണ്ടിരിയ്ക്കെ, നാട്ടുകാരനായ നദാലിന്നു വേണ്ടി ആരവമുയർത്തിക്കൊണ്ടിരുന്ന കാണികളോട് നിശ്ശബ്ദരായിരിയ്ക്കാൻ ബേർഡിച്ച് ചുണ്ടത്തു വിരൽ വച്ച്, കാർക്കശ്യത്തോടെ, ആംഗ്യം കാണിച്ചു. അന്നു മുതൽ കാണികൾക്ക് ബേർഡിച്ചിനോടു താത്പര്യക്കുറവുണ്ട്. 2012ലെ ആസ്ട്രേല്യൻ ഓപ്പണിൽ നദാലിന്റെ നാട്ടുകാരനായ നിക്കൊളാസ് അൽമാഗ്രോവുമായി ബേർഡിച്ച് കളിച്ചു കൊണ്ടിരിയ്ക്കെ, അൽമാഗ്രോ ഓട്ടത്തിന്നിടയിൽ അടിച്ച പന്ത് ബേർഡിച്ചിന്റെ ശരീരത്തിൽ കൊള്ളുകയും ബേർഡിച്ച് താഴെ വീഴുകയും ചെയ്തു. അൽമാഗ്രോ ഓടിച്ചെന്ന് ബേർഡിച്ചിനോട് ക്ഷമായാചനം ചെയ്തെങ്കിലും ബേർഡിച്ച് ആ ക്ഷമായാചനം സ്വീകരിച്ചില്ല.
 
കളിയിൽ ബേർഡിച്ച് ജയിച്ചു. കളി കഴിയുമ്പോൾ കളിക്കാർ പരസ്പരം കൈ പിടിച്ചു കുലുക്കുന്ന പതിവുണ്ട്. അൽമാഗ്രോ കൈ നീട്ടിക്കൊണ്ടു ചെന്നെങ്കിലും, ബേർഡിച്ച് അതും നിരസിച്ചു. കാണികൾ ബേർഡിച്ചിനെ കൂവി. തുടർന്നു നടന്ന ഹ്രസ്വമായ അഭിമുഖത്തിൽ, “കോർട്ടിൽ ധാരാളം സ്ഥലം ഒഴിഞ്ഞു കിടന്നിരുന്നു, എന്നിട്ടും അങ്ങോട്ടൊന്നും അടിയ്ക്കാതെ എന്റെ ശരീരത്തെത്തന്നെ മനഃപൂർവ്വം ലക്ഷ്യമാക്കിയതാണ് അൽമാഗ്രോ“ എന്ന് ബേർഡിച്ച് സൂചിപ്പിച്ചു. അതും കാണികളുടെ അപ്രീതിയ്ക്കിടയാക്കി. അന്നു മുതൽ ബേർഡിച്ചിനു വേണ്ടി കരഘോഷം മുഴക്കുന്നവരുടെ എണ്ണം വളരെക്കുറഞ്ഞു.
 
ഇതൊക്കെയാണെങ്കിലും, എതിരാളി മികച്ച കളി പുറത്തെടുക്കുമ്പോൾ അതിനു കരഘോഷം മുഴക്കുന്ന ഒരു കളിക്കാരനെയെങ്കിലും അന്താരാഷ്ട്ര ടെന്നീസിൽ കണ്ടിട്ടുണ്ട്. സെർബിയയിൽനിന്നുള്ള, ഇപ്പോഴത്തെ ലോക ഒന്നാം നമ്പർ താരമായ നൊവാക് ജ്യോക്കോവിച്ച്. 2009ലെ യൂ എസ് ഓപ്പണിലാണെന്നു തോന്നുന്നു, റോജർ ഫെഡററുമായി കളിയ്ക്കുമ്പോൾ, ജ്യോക്കോവിച്ച് ഫെഡററുടെ ശിരസ്സിനു മുകളിലൂടെ കോർട്ടിന്റെ പുറകിലേയ്ക്ക് ലോബ് ചെയ്തു. ഫെഡറർ പുറംതിരിഞ്ഞോടുകയും ഓട്ടത്തിന്നിടയിൽ കാലുകൾക്കിടയിലൂടെ, അതിവിദഗ്ദ്ധവും ശക്തവുമായി പന്തു മടക്കിക്കൊടുക്കുകയും ചെയ്തു. അതിന്നകം നെറ്റിന്നടുത്തേയ്ക്കു വന്നു കഴിഞ്ഞിരുന്ന ജ്യോക്കോവിച്ചിന്ന് സ്പർശിയ്ക്കാൻ പോലും പറ്റാത്ത തരത്തിൽ ആ പന്ത് സൈഡ് ലൈനിനോടു ചേർന്നു വീഴുകയും, ഫെഡറർ അനായാസേന പോയിന്റു നേടുകയും ചെയ്തു. സ്തബ്ധനായിപ്പോയിരുന്ന ജ്യോക്കോവിച്ച്, എഴുന്നേറ്റു നിന്നു കരഘോഷം മുഴക്കിക്കൊണ്ടിരുന്ന കാണികളോടൊപ്പം ചേർന്ന് മടി കൂടാതെ കൈയടിച്ചു.
 
ഒരു പോയിന്റു നേടിയ ഉടനെ എതിരാളിയുടെ നേരെ മുഷ്ടി ചുരുട്ടി അലറുന്ന പതിവ് ടെന്നീസിൽ മാത്രമല്ല, ഷട്ടിൽ ബാഡ്മിന്റണിലുമുണ്ട്. മിയ്ക്ക ചൈനീസ് കളിക്കാരും - വനിതകളുൾപ്പെടെ - ഈ അലറൽ പതിവായി നടത്താറുണ്ട്. പലപ്പോഴും അത് അരോചകവുമായിരിയ്ക്കും. ഇക്കാര്യത്തിൽ ഇന്ത്യൻ കളിക്കാർ താരതമ്യേന ഭേദമാണ്. പ്രകാശ് പഡുകോണും ഗോപീചന്ദും അങ്ങനെ ചെയ്തു കണ്ടിട്ടില്ല. ഇന്നിപ്പോൾ മുൻപന്തിയിലുള്ള സായി പ്രണീത്, പി കാശ്യപ്, ഗുരുസായിദത്ത്, ചേതൻ ആനന്ദ്, അനൂപ് ശ്രീധർ, എന്നിവരൊന്നും അത്തരം ഹാവഭാവാദികൾ അതിരു കടന്നു പ്രകടിപ്പിച്ചു കാണാറില്ല. വനിതകളിലും വലിയ വ്യത്യാസമില്ല. സൈന നെഹ്‌വാൾ പൊതുവിൽ കോലാഹലങ്ങൾ കൂടാതെയാണു കളിയ്ക്കാറ്. എന്നിരുന്നാലും ഷട്ടിൽ ബാഡ്മിന്റൺ കളിക്കാർ പൊതുവിൽ വിനയം പ്രകടിപ്പിച്ചു കാണാറില്ല. എന്നാൽ ഇതിൽ നിന്നു വ്യത്യസ്തമായൊരനുഭവം കുറച്ചു നാൾ മുൻപുണ്ടായി.
 
ഒരു ചൈനീസ് കളിക്കാരിയും ഒരു തായ്ലന്റ് കളിക്കാരിയും തമ്മിലുള്ള മത്സരമായിരുന്നു, അത്. പൊരിഞ്ഞ മത്സരം. ബാഡ്മിന്റണിൽ ലോക വൻശക്തിയാണല്ലോ, ചൈന. പക്ഷേ ഈ കളിയിൽ ഇരു കളിക്കാരികളും ഒന്നിനൊന്നു പൊരുതുന്നുണ്ടായിരുന്നു. ഇടയ്ക്കാണ് അതു കണ്ടത്: പുതിയ ഷട്ടിലിന്നു വേണ്ടി ഒഫീഷ്യലിനെ സമീപിയ്ക്കുമ്പോൾ തായ്ലന്റിൽ നിന്നുള്ള കളിക്കാരി രണ്ടു കൈയും കൂപ്പി ഒഫീഷ്യലിനെ തൊഴുന്നു! പഴയ ഷട്ടിൽ മാറ്റണമെങ്കിൽ എതിരാളിയുടേയും റഫറിയുടേയും സമ്മതം വാങ്ങണം. അവർ രണ്ടുപേരും സമ്മതിച്ചു കഴിഞ്ഞാൽ, പഴയ ഷട്ടിൽ ഒഫീഷ്യലിന്റെ സമീപം വയ്ക്കുകയോ ഇടുകയോ ചെയ്യുന്നു, നീട്ടിയ റാക്കറ്റിൽ ഒഫീഷ്യൽ പുതിയ ഷട്ടിൽ വച്ചു കൊടുക്കുകയും ചെയ്യുന്നു. ഇതാണു പതിവ്. ആരും ഒഫീഷ്യലിനെ തൊഴുന്നതു പോകട്ടെ, ഒരു തരത്തിലുമുള്ള കൃതജ്ഞത പ്രകടിപ്പിയ്ക്കുക പോലും ചെയ്തു കണ്ടിട്ടില്ല. അങ്ങനെയിരിയ്ക്കെ, ഒഫീഷ്യലിനെ ഒരു കളിക്കാരി ആദരവോടെ, ഇരുകൈയും കൂപ്പി തൊഴുന്നു. ഇത് ആദ്യമായാണു കാണുന്നത്. അതു കണ്ടതോടെ ഇതാരാണ് ഈ വിനയം നിറഞ്ഞ കളിക്കാരിയെന്ന് അന്വേഷണമായി.
 
റച്ചനോക്ക് ഇന്തനോൺ ആയിരുന്നു, ആ കളിക്കാരി. ഇപ്പോൾ 18 വയസ്സു മാത്രം പ്രായം. ലോക എട്ടാം നമ്പർ താരം. 2010ൽ മലേഷ്യയിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ കേവലം 14 വയസ്സു മാത്രം പ്രായമുള്ളപ്പോൾ കപ്പു നേടി. തുടർന്ന് രണ്ടു തവണ കൂടി റച്ചനോക്ക് ആ കപ്പു നേടി. മറ്റു ചില കപ്പുകൾ കൂടി റച്ചനോക്ക് നേടിയിട്ടുണ്ട്. നമ്മുടെ സൈന നെഹ്‌വാൾ ലോക രണ്ടാം നമ്പർ താരമാണ്. റച്ചനോക്ക് എട്ടാം സ്ഥാനത്തും. അവർ തമ്മിൽ ഏഴു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ആദ്യത്തെ നാലു തവണ സൈനയും അവസാനത്തെ മൂന്നു തവണ റച്ചനോക്കും വിജയം നേടിയിട്ടുണ്ട്. ഈയ്യിടെ നടന്ന ഓൾ ഇംഗ്ലണ്ട്, സ്വിസ്സ് ഓപ്പൺ എന്നീ ടൂർണ്ണമെന്റുകളിൽ റച്ചനോക്ക് റണ്ണറപ്പായി. 18 വയസ്സു മാത്രം പ്രായമായ റച്ചനോക്ക് മുന്നോട്ടു വന്നു കൊണ്ടിരിയ്ക്കുകയാണെന്ന കാര്യത്തിൽ സംശയമില്ല.
 
റച്ചനോക്ക് ഇരുകൈയും കൂപ്പി, വിനയത്തോടെ ഒഫീഷ്യലിനെ തൊഴുന്നതു കണ്ടപ്പോൾ റച്ചനോക്കിന്റെ രാജ്യമായ തായ്ലന്റിനെപ്പറ്റി കൂടുതലറിയാൻ താത്പര്യം തോന്നി. കൈകൂപ്പിത്തൊഴൽ ഭാരതത്തിനു മാത്രം സ്വന്തമായുള്ളൊരു വിനയപ്രകടനമാണ് എന്നായിരുന്നു, അതുവരെയുള്ള വിശ്വാസം. ആ വിശ്വാസം റച്ചനോക്ക് തിരുത്തി. ഭാരതത്തിലെപ്പോലെ തന്നെ തായ്ലന്റിലും പരസ്പരം അഭിവാദ്യം ചെയ്യുന്നത് തൊഴുതുകൊണ്ടാണെന്നു വിക്കിപ്പീഡിയ പറയുന്നു. തായ് ഭാഷയിൽ ഇതിന് “വായ്” എന്നു പറയുന്നു. ഭാരതത്തിന്റെ അഞ്ജലീമുദ്രയിൽ നിന്ന് ഉരുത്തിരിഞ്ഞുണ്ടായതാണ് വായ്. തൊഴുമ്പോൾ “സവാസ്ദീ” എന്നു പറയുക കൂടി ചെയ്യുന്നുണ്ട്. സംസ്കൃതത്തിലെ സ്വസ്തിയിൽ നിന്നുണ്ടായതാണ് സവാസ്ദീ. ബുദ്ധമതത്തിനും അതിൽ പങ്കുണ്ട്. തായ്ലന്റിലെ ജനതയുടെ 94 ശതമാനവും ബുദ്ധമതാനുയായികളാണ്. തായ്ലന്റിൽ മാത്രമല്ല ഈ തൊഴൽ നിലവിലുള്ളത്. ഇന്തൊനേഷ്യ, ലാവോസ്, കമ്പോഡിയ, മലേഷ്യ, ബ്രൂണൈ, എന്നീ രാജ്യങ്ങളിലും സമാനമായ അഭിവാദ്യം നിലവിലുണ്ട്. ‘നമസ്തേ’ 4000 വർഷങ്ങൾക്കു മുൻപ് സിന്ധുനദീതടത്തിലാണ് ഉത്ഭവിച്ചതെന്നും വിക്കിപ്പീഡിയ പറയുന്നു.
 
ആരാധനാലയങ്ങൾക്കുള്ളിലെ പതിവു മാറ്റിനിർത്തിയാൽ, കൈകൂപ്പി നമസ്തേ പറഞ്ഞ് പരസ്പരം അഭിവാദ്യം ചെയ്യുന്ന പതിവ് ‘നമസ്തേ’യ്ക്കു ജന്മം കൊടുത്ത ഭാരതത്തിന്റെ അവിഭാജ്യഘടകമായ കേരളത്തിൽ വേരറ്റു പോയെന്നാണു തോന്നുന്നത്. തെരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ കൈകൂപ്പി “നമസ്കാര”ത്തോടെ സമ്മതിദായകരെ സമീപിയ്ക്കുന്ന സ്ഥാനാർത്ഥികളേയും മാറ്റിനിർത്തി നോക്കിയാൽ ഈ പരിപാടി കേരളത്തിൽ അന്യം നിന്നു പോയിക്കഴിഞ്ഞുവെന്നു തന്നെ വേണം പറയാൻ. പണ്ട് ദില്ലി ദൂരദർശനിൽ നിന്നു സം‌പ്രേഷണം ചെയ്തിരുന്ന ഹിന്ദി സീരിയലുകളിൽ നമസ്തേ പറയുന്നതും മുതിർന്നവരുടെ പാദം സ്പർശിയ്ക്കുന്നതുമെല്ലാം കാണാറുണ്ടായിരുന്നു. ദൂരദർശന്റെ നാഷണൽ ചാനലിലെ സീരിയലുകളിൽ പോലും ഇന്നവയൊന്നും കാണാറില്ല. രാഷ്ട്രത്തിന്റെ അഭിമാനമായി ഇടയ്ക്കൊക്കെ നാം കരുതാറുള്ള നമ്മുടെ ക്രിക്കറ്റ് ടീം പോലും, ഒരിയ്ക്കൽ പോലും കാണികളെ വിനയത്തോടെ തൊഴുന്നതായി കണ്ടിട്ടില്ല. കളിക്കളത്തിലേയ്ക്കു പ്രവേശിയ്ക്കുമ്പോഴും കളിക്കളത്തിൽ നിന്നു പുറത്തേയ്ക്കു പോകുമ്പോഴും നമ്മുടെ ടീമംഗങ്ങൾ പ്രേക്ഷകരെ തൊഴുതിരുന്നെങ്കിൽ എത്ര നന്നായേനേ! കൈകൂപ്പി തൊഴൽ പടർന്നു പിടിയ്ക്കാനുള്ള പ്രചോദനവും തുടക്കവുമായേനെ, അത്. നെഞ്ചിൽ കൈവയ്ക്കാൻ ആഹ്വാനം ചെയ്തതിനു പകരം ശശി തരൂരിന്ന് കൈകൂപ്പാൻ പറയാമായിരുന്നു! ഭാരതാംബയ്ക്ക് സല്യൂട്ടിനേക്കാളിഷ്ടം കൈകൂപ്പി വണങ്ങലായിരുന്നേനേ, തീർച്ച.
 
പരസ്പരമുള്ള ആദരവ് പ്രകടിപ്പിയ്ക്കുന്ന പതിവ് ജനമദ്ധ്യത്തിൽ നിന്ന് അപ്രത്യക്ഷമായിപ്പോയോ

 

Comments

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code