കഥ


കാത്തിരിപ്പിനൊടുവില്‍

ഹരി നായർ
ഒരു വരവേല്‍പ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുകയായിരുന്നു.
ഞാന്‍ പിച്ചവെക്കും മുമ്പ്, എന്റെ അകക്കണ്ണുകള്‍ തുറക്കും മുമ്പ്, ഒരു രാവിന്റെ ഇരുളിലേക്കിറങ്ങി നടന്നു മറഞ്ഞുപോയ അച്ഛന്റെ ഓര്‍മ്മകള്‍ക്കുമുമ്പില്‍ ഒരു യവനിക വീണു തുടങ്ങുകയായിരുന്നു. ഇപ്പോള്‍ ഞാനും ഒരച്ഛനായിക്കഴിഞ്ഞിരിക്കുന്നു. മുറ്റത്തെ ചൊരിമണലില്‍ പിച്ച വെയ്ക്കുന്ന എന്റെ മകന്‍ അവന്റെ മുത്തച്ഛന്റെ തനി സ്വരൂപമാണെന്ന് അമ്മ പറഞ്ഞു വിസ്വസിപ്പിച്ചിരുന്നു. അവന്റെ ഓമനത്വം തുളുമ്പുന്ന മുകുരത്തിലും, തിളങ്ങുന്ന കണ്ണുകളിലും, ഞാന്‍ എന്റെ അച്ഛന്റെ രൂപം കാണാന്‍ ശ്രമിച്ചിരുന്നു. അമ്മയുടെ മുഖത്തുനിന്നും, അച്ഛനെക്കുറിച്ചുള്ള നഷ്ടസ്മൃതികള്‍ മറഞ്ഞു തുടങ്ങിയിരുന്നു. അച്ഛന്‍ നടന്നു നടന്ന് മറ്റൊരു സമൂഹത്തിലെ മറ്റൊരു കണ്ണിയായിരിക്കാമെന്നോ, കാലം തെളിച്ചിട്ട മൃതിഗോപുരത്തിനുള്ളിലേക്ക് ഒരുപക്ഷെ ഏകനായി കടന്നുപോയിരിക്കാമെന്നോ ഒക്കെ ചിന്തിക്കാന്‍ അമ്മക്കു ശക്തി ലഭിച്ചു തുടങ്ങിയിരുന്നു. അങ്ങിനെയൊരു സമയത്താണ് വിധിനിയോഗം പോലെ, അച്ഛന്റെ വടിവൊത്ത കൈപ്പടയില്‍, ഒരു സന്ദേശം ലഭിക്കുന്നത്. വളരെ ചുരുക്കി കുറച്ചു വരികളില്‍ ഒതുങ്ങിനില്‍ക്കുന്ന ആ സന്ദേശത്തിന്റെ ഉള്ളടക്കം നോക്കി അമ്മ എത്ര നേരം നിന്നുവെന്നറിയില്ല. അമ്മയുടെ മുഖം വിടര്‍ന്നു വികസിക്കുന്നതും, ഗതകാലസ്മരണകളില്‍ വളരെനേരം തളയ്ക്കപ്പെടുന്നതും ഒരു ആത്മനിര്‍വൃതിയോടെയാണ് കണ്ടുനില്‍ക്കാന്‍ കഴിഞ്ഞത്. അച്ചനോടൊത്തുള്ള ജീവിതകാലത്തിന്റെ സുഖ ദു:ഖ സ്മൃതികളും, നഷ്ടപ്പെട്ടതിനു ശേഷമുള്ള ഏകാന്തതയില്‍ നിന്നുയിര്‍കൊണ്ടിരിക്കാവുന്ന ഭീതിത സ്വപ്നങ്ങളും, നഷ്ട ബോധത്തിന്റെ കരിനിഴലും എല്ലാം അമ്മയുടെ മുഖത്ത് മാറിമറയുന്നതും കണ്ട്, ഞാനും വളരെ നേരം നിന്നു.
“ഞാന്‍ വരുന്നു.
പാപശാപത്താല്‍ നിന്നെ വിട്ടുപോയതില്‍ പരിഭവമുണ്ടെന്നറിയാം…….. എങ്കിലും ഞാന്‍ വരുന്നു…… വരുന്ന വെളുത്ത വാവിന്‍നാള്‍….. അന്ന് ബുദ്ധപൂര്‍ണ്ണിമയാണെന്നോര്‍ക്കുമെല്ലോ……. നമ്മള്‍ ഒന്നിച്ച നാള്‍…. എല്ലാവരെയും കാണണം…… നിന്നെയും, മകനെയും, പേരക്കിടാവിനെയും എല്ലാം……. കാത്തിരിക്കുമെല്ലോ…?
സ്നേഹപൂര്‍വ്വം”
അന്നുമുതല്‍ തുടങ്ങിയ വരവേല്‍പ്പിന്റെ ഒരുക്കങ്ങളായിരുന്നു. എനിക്കാകട്ടെ, അതില്‍ വലിയ താത്പര്യമൊന്നും തോന്നിയുമില്ല. തന്റെ ഓര്‍മ്മകളുടെ പിറവിക്കുമുമ്പെ, എങ്ങോ മറഞ്ഞുപോയ അച്ഛനെപറ്റി ഞാന്‍ വേവലാതിയോടെ ഒരിക്കലും ചിന്തിച്ചില്ല. അതുകൊണ്ട്, ഈ സന്ദേശവും ഒരു തമാശയായി കാണാനെ എനിക്കു കഴിഞ്ഞുള്ളു.
തൊടിയിലും, മുറ്റത്തും പണിയാളന്മാരുടെ പിറകെ ഓടിനടക്കുന്ന അമ്മക്ക്, നഷ്ടപ്പെട്ടുപോയ, കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷങ്ങളുടെ ചെറുപ്പവും ആയുസ്സും തിരിച്ചുകിട്ടിയിരിക്കുന്നു. ചെത്തിമിനുക്കിയ മുറ്റവും, വെട്ടിയൊരുക്കിനിറുത്തിയിരിക്കുന്ന മുറ്റത്തരുകിലെ പൂച്ചെടികളും കണ്‍നിറയെ കണ്ടാസ്വദിക്കുവാന്‍ അമ്മക്കിന്നു കഴിയുന്നുവെന്നോര്‍ത്തപ്പോള്‍ എനിക്ക് അത്ഭുതം തോന്നി. കതകുപാളികള്‍ക്കുമുമ്പില്‍ തൂക്കിയിട്ടിരിക്കുന്ന വെണ്മയേറുന്ന ഡോര്‍കര്‍ട്ടനുകള്‍ അമ്മ അതൃപ്തിയോടെ നോക്കുകയും, തൃപ്തിയാംവണ്ണം വിരിച്ചിടുകയും ചെയ്തു. തൂത്തുമിനുക്കിയ നിലവിളക്കും, എണ്ണച്ചെമ്പും, സാംബ്രാണി സ്റ്റാന്റും വൃത്തിയായിരിക്കുന്നുവെന്നമ്മ ഉറപ്പു വരുത്തി. എന്നിട്ട്, ആകാംക്ഷയില്‍നിന്നുയിര്‍ത്ത ആസക്തിയോടെ, അമ്മ, ഉമ്മറത്തുചെന്ന് പുറത്തേക്കു കണ്ണു നട്ടു.
കൊയ്ത്തുകഴിഞ്ഞ വിരിപ്പുനിലത്തില്‍, പാറി നടന്ന മുണ്ടിക്കൊറ്റികള്‍, കൊച്ചു പ്രാണികളെയും പുഴുക്കളെയും കൊത്തിയെടുത്ത്, മേഞ്ഞുനടക്കുന്ന പശുക്കിടാങ്ങല്‍ക്കരികില്‍ നിലയുറപ്പിച്ചു. പള്ള വീര്‍ത്ത പശുക്കള്‍, അയവിറക്കാനായി, വയല്‍കരയിലെ വൃക്ഷച്ചുവടുകളില്‍ കിടന്നു വിശ്രമിച്ചു. വിശപ്പ് അമ്മയെ അലട്ടിയില്ല. മകനും മരുമകളും പേരക്കിടാവും വന്നു വിളിച്ചിട്ടും, അമ്മ അവരെ അവഗണിച്ച്, ഒരേ ഒരു ലക്ഷ്യത്തില്‍ കണ്ണുംനട്ട് നിന്നു.
പകല്‍ മറഞ്ഞു, ബുദ്ധപൂര്‍ണ്ണിമയിലെ ചന്ദ്രന്‍, കിഴക്കന്‍ ആകാശത്ത് ചന്ദനച്ചാറൊഴുക്കി. കളഭാഭിഷിക്തമായ ഒരു സാളഗ്രാമം പോലെ അതു മെല്ലെ മെല്ലെ ഉയര്‍ന്നുവന്നു. ചന്ദ്രിക തെളിയവെ, പുതുതായി പണിതീര്‍ത്തുകൊണ്ടിരിക്കുന്ന, വയലിലെ വെട്ടുവഴിയിലൂടെ, ഒരു മനുഷ്യന്‍ നടന്നുവരുന്നതു കാണായി. ഒരു നിഴല്‍ പോലെ നടന്നു വരുന്ന ആ മനുഷ്യന്റെ രൂപം ആരുടേതെന്നു നിര്‍ണ്ണയിക്കുവാന്‍ ആദ്യമൊന്നും കഴിയുമായിരുന്നില്ല. ആ രൂപം അടുത്തടുത്തു വരവെ, അവ്യക്തതയില്‍ തന്നെ അച്ഛനെ മനസ്സിലാക്കുവാന്‍ അമ്മക്കു കഴിഞ്ഞു. അമ്മ നിശ്ചേഷ്ടയായി നിന്നു പോയി. മുണ്ഡനം ചെയ്ത ശിരസ്, കാഷായാംബരം, തോളില്‍ ഒരു കാവി തൂക്കുസഞ്ചി. കാഞ്ഞിരപ്പലകയില്‍ തീര്‍ത്ത മെതിയടി. ശരീരമാകെ നീട്ടി വരച്ചിരിക്കുന്ന ഭസ്മക്കുറികള്‍ വിയര്‍പ്പില്‍ നനഞ്ഞ് ഒട്ടൊക്കെ ഒഴുകിപ്പോയിരിക്കുന്നു.
തേച്ചുമിനുക്കി എണ്ണയൊഴിച്ചുവെച്ചിരുന്ന നിലവിളക്ക് കത്തിച്ച് അമ്മ, അച്ഛനെ ആരതിയുഴിഞ്ഞു.
നിശബ്ദനായി പടികയറി, അച്ഛന്‍ ഉമ്മറത്തിരുന്നു. തന്റെ ഭാണ്ഡത്തില്‍നിന്നും ചെമ്പില്‍ തീര്‍ത്ത ചില ചെറിയപാത്രങ്ങള്‍ പുറത്തെടുത്തു. എന്നിട്ട് അമ്മയെ വിളിച്ച് അടുത്തിരുത്തി, പാത്രങ്ങള്‍ ഓരോന്നായി അമ്മയുടെ അറ്റുത്തേക്ക് നീക്കി വെച്ചു. ഓരോ പാത്രങ്ങളും നീക്കിവെയ്ക്കുമ്പോള്‍ അച്ഛന്‍ പറഞ്ഞുകൊണ്ടിരുന്നു.
“ഇത് പ്രയാഗയിലെ തീര്‍ത്ഥം”.
“ഇത് ഗംഗോത്രിയില്‍ നിന്നെടുത്ത ശുദ്ധജലം”
“ഇത് മാനസ സരോവറിലെ ….. ഇതു…….”
അങ്ങിനെ പോയിക്കൊണ്ടിരുന്നു, അച്ഛന്റെ പരിചയപ്പെടുത്തലുകള്‍.
“അവസാന കാലത്ത് ഇതൊക്കെ പ്രയോജനപ്പെടും……കരുതിയിരിക്കുക……”
എന്തെങ്കിലും ചോദിക്കുവാനോ, എന്തെങ്കിലും കാണുവാനോ അച്ഛന്‍ ആഗ്രഹിച്ചില്ല. തനിക്കു ചുറ്റും നില്‍ക്കുന്ന പുത്രനെയും, പുത്രഭാര്യയേയും, പിഞ്ചുകുഞ്ഞിനെയും ഊറി വന്ന ഒരു പുഞ്ചിരിയോടെ വീക്ഷിച്ചിട്ട്, കാവിസഞ്ചിയെടുത്ത് തോളില്‍ തൂക്കി,. എന്നിട്ട് അമ്മയോടായി പറഞ്ഞു…
“ഇനിയും ഒരുപാടു ദൂരം നടന്നു ചെല്ലേണ്ടതുണ്ട്…… ലോകം ഒരുപാടു വലുതാണ്……. ഇങ്ങിനെയൊരു സന്ദര്‍ഭം ഇനി ഉണ്ടായെന്നും വരില്ല…. എല്ലാവരെയും കണ്ടു….. എല്ലാവര്‍ക്കും നന്മ ഭവിക്കട്ടെ… “
അമ്മ പറയുവാനാഗ്രഹിച്ചിരിക്കാവുന്ന ഒരു മറുപടിക്കോ, തന്റെ പൌത്രിയുടെ ‘മുത്തച്ഛാ’ എന്നുള്ള ഒരു കൊഞ്ചലിനോ, അമ്മ സ്നേഹത്തോടെ കാത്തുവെച്ചിരുന്ന കുറെ ചുടുനിശ്വാസങ്ങള്‍ക്കോ കാത്തുനില്‍ക്കാതെ, അച്ഛന്‍ മുറ്റത്തേക്കിറങ്ങി. ബുദ്ധപൂര്‍ണ്ണിമയിലെ ചന്ദ്രന്‍ കാണിച്ച വെട്ടുവഴിയിലൂടെ, നീട്ടിവെച്ച ചുവടുകളോടെ നടന്നു. അച്ഛന്‍ നടന്നുപോകുന്ന വഴിയിലൂടെ, അച്ഛന്റെ പിന്നാലെ, അമ്മയുടെ കണ്ണുകളും നടന്നുകൊണ്ടിരുന്നു. നടന്നുമറയുന്ന അച്ഛന്റെ നിഴലിനൊപ്പം അച്ഛനും കണ്മുന്നില്‍നിന്നും മറയവെ, അമ്മയുടെ ഈറന്‍ വാര്‍ന്ന കണ്ണുകള്‍ക്കുമുന്നിലൂടെ, ഒരു രാപ്പക്ഷി, നീട്ടികരഞ്ഞുകൊണ്ട്, ചിറകടിച്ചു പറന്നുപോയി.

Comments

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code