കവിത


വേവാതെ കല്ലിച്ചു പോയ ധാന്യങ്ങൾ

പഴവിള രമേശന്‍
വെറുപ്പിന്റെ അടുപ്പിൽ
വേവാത്ത ധാന്യം പോലെ
കുറേ ബന്ധങ്ങൾ
നിന്റെ പേർ ?
അർത്ഥമില്ലാത്ത ആരായൽ,
അരിശമാകുന്നല്ലേ ?
നീ എന്റെ ഭാര്യയാണ്
ഓ , ഒരു സത്യദർശി
ഭ്രാന്തൻ
നിന്റെ പേർ
നിന്റെതോ ?
ഏതു മവു നത്തിന്റെ
ആഴത്തിലാണെങ്കിലും
നിങ്ങളെന്റെ മക്കളാണ്
അച്ഛനു ഭാന്തണെന്നും
ഭർത്താവ്
കിറുക്കനാണെന്നും പറയാത്ത
നിങ്ങളുടെ നാട്യം
വേവാതെ കല്ലിച്ചു പോയ ധാന്യത്തെ
അണപ്പല്ലിലിട്ടു
കടിച്ചു പൊട്ടിക്കുന്നു
അനുഭവമാകുമ്പോൾ
ഇതാ
പതുക്കെ
പ്പതുക്കെ
ഒരു കാൽപ്പെരുമാറ്റം
എന്റെ ഉള്ളിലേക്ക്
ഉള്ളതു പറയാമല്ലോ
ഈ നടപ്പാത വെട്ടിയത്
ആരാണെന്നറിയില്ല .
കണ്ണു തുറന്നപ്പോൾ
നിലത്തുർന്ന ചീവരം പോലെ
നിലാവിൽ കുളിച്ച
നെടുനെടുങ്കൻ പാത
ധമനികളിലിരമ്പം
നിഴലുകളിൽ
മണൽ ചൊരിഞ്ഞ കാലത്തിന്റെ
നാഴികവട്ട
തകർന്നു പോയിരിക്കുന്നു
സമയം
ദുരത്തിൽ
വിലയം കൊണ്ട്
നടപ്പാത
എന്നിലൊതുങ്ങുന്നു
പ്രവേശന കവാടത്തിൽ
തഥാഗതന്റെ
നെടിയ രൂപം
ഷഡഭിജ്ഞാ ,
ഇതിലേ ;
ഇതിലേ ;
ഇതെന്റെ മാർഗ്ഗം
നിർനിദ്രമെത്ര രാവുകൾ
നീ വരൂ
നിന്നെ ഞാനിന്നെതിരേല്പ -
തെന്റെ മാർഗ്ഗത്തിലൂ -
ടെന്നിലേക്കെന്നിലേ -
ക്കെത്രശാന്തമീ മാർഗ്ഗം !
ഇതേ നിന്റെ മാർഗ്ഗം
ആർഹത പദപ്രാപ്തയാത്ര -
യ്ക്കൊരുങ്ങിക്കഴിഞ്ഞോ
മുഹുർത്തം ?
ധമനീകളിലിരബം, നിലയ്ക്കു
ന്നിടുന്നെന്നിൽ
വീഴാതെ
കാലം
കലങ്ങുന്ന കണ്ണിൽ
കയങ്ങളും
കാഴ്ചയും
പുറപ്പാടോ
രണ്ടായാലും
സഹിക്കാനാവുന്നില്ല
ഇതെന്റെ ശബ്ദമാണല്ലോ 
കാതോർത്തു നില്ക്കെ
കല്ലേറേറ്റ ചില്ലു പോലെ
ഞാൻ തകരുകയാണോ ?
അരുതേ ,
ഏറിഞ്ഞെന്നെത്തകർക്കരുതേ
അവൻ
എന്റെ ബുദ്ധൻ
അവനെന്നിൽ ജീവിച്ചു കൊള്ളട്ടെ ;
അല്ലങ്കിൽ
അവന്റെ മുൻപിൽ
അർത്ഥകാരുടെ
ശുശ്രുഷാഹസ്‌തങ്ങൾ
* "വെസ് പെറാക് സും
അമിട്രിനും കൊണ്ട്
അവനെ -
ക്കൊല്ലായ്ക കൊല്ലായ്ക"

ഞാനവനായി
ജീവിച്ചു കൊള്ളട്ടെ
അവനെ ഹനിക്കായ്ക
എന്നെ ഹിംസിക്കായ്ക,
വെസ് പെറാക്സും
അമിട്രിനും കൊണ്ട്
ഞങ്ങളെ -
ക്കൊല്ലായ്ക
കൊല്ലായ്ക
വെറുപ്പിന്റെ അടുപ്പിൽ
വേവാതെ
അണപ്പല്ലിലിട്ടു
കടിച്ചു പൊട്ടിക്കാൻ പാകത്തിൽ
കല്ലിച്ചു പോയ ധാന്യങ്ങൾ
ഞാനും
എന്റെ ബുദ്ധനും
ബോധി വൃക്ഷച്ചുവട്ടിലെ
ജയന്തിപത്രങ്ങളിൽ
ദു:ഖിതരുടെ കണ്ണുനീർ
പ്രശമനവിധികളുടെ 
അക്ഷയപാത്രങ്ങൾക്കുട്ടി വളർത്താൻ
ഒരു തലമുറ

Comments

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code