ലേഖനം


പുരാതനകാലം മുതൽ നിലനിന്നുപോരുന്ന ഒന്നാണ് ഈശ്വരവിശ്വാസവുംനിരീശ്വരവാദവും. പീഡനങ്ങളും അക്രമവും യുദ്ധങ്ങളുമെല്ലാം ദൈവനാമത്തിൽ ധാരാളം ഉണ്ടായിട്ടുണ്ട്. ഒരുപക്ഷെ ജനസംഖ്യാ നിയന്ത്രണത്തിനായി പ്രകൃതി സ്വീകരിച്ചിട്ടുള്ള മാർഗ്ഗങ്ങളിൽ ഒന്നാവാം ഇത്തരം തമ്മിലടികൾ. അല്ലെങ്കിൽ മനുഷ്യർ എന്ന ഇരുകാൽ ജീവികൾ എങ്ങനെ ഇത്ര ചിന്താശൂന്യരായിത്തീരുന്നു എന്ന് ആശ്ചര്യപ്പെടേണ്ടിവരും. എതായാലും ഭൂമിയിൽ കാണപ്പെടാത്തതും അന്യഗ്രഹങ്ങളിൽ സുലഭമായതുമായ 'സമാധാനം' എന്ന സംഗതി ഇന്നല്ലെങ്കിൽ നാളെ മനുഷ്യർ തേടുമ്പോൾ ഒരു ബാലനെക്കുറിച്ചുള്ള ഈ ലേഖനം ഈശ്വര വിശ്വാസികൾക്കും നിരീശ്വരവാദികൾക്കും ഒരു പക്ഷെ പ്രയോജനംചെയ്തേക്കാം.
ദൈവമുണ്ടോ, ഉണ്ടെങ്കിൽ ആര്, എവിടെ, എങ്ങനെ നിലകൊള്ളുന്നു എന്നാണവൻ കുട്ടിക്കാലം മുതൽ തേടിയത്.അതാണ്‌, ഇതാണ്, അവിടെയുണ്ട്, ഇവിടെയുണ്ട് ദൈവം എന്നും ദൈവമില്ല എന്നും കേട്ട് വളർന്നവൻ. നന്മകളും തിന്മകളും പേറിയവൻ. കഷ്ടതകളിലും അന്വേഷണം നിർത്താഞ്ഞവൻ. ഒരു യുവാവായി വളർന്നു.അപ്പോഴും അന്വേഷിച്ചു. ഒടുവിൽ ദൈവത്തെ കണ്ടു. നഗ്ന നേത്രങ്ങളാൽ അല്ല, വിശിഷ്ടമായ അന്തർ നേത്രങ്ങളാൽ.ദൈവം ഉണ്ടെന്ന് അവൻ കണ്ടെത്തി. അതിലെന്താണ് ഇത്ര പുതുമ? എത്രയോ ഗുരുക്കന്മാർ പണ്ടു തൊട്ടേ ദൈവം ഉണ്ടെന്നു പറഞ്ഞിട്ടുണ്ട്! പക്ഷെ അവൻ കണ്ട ദൈവം അല്പം വ്യത്യസ്തമായിരുന്നു.
മനുഷ്യരൂപം ധരിച്ച ഒരു ദൈവത്തെ അവൻ കണ്ടില്ല. ഭൂമി,സ്വർഗ്ഗം, പാതാളം എന്നീ മൂന്നു ലോകങ്ങളുടെ അധിപതിയായി, വലിയ സിംഹാസനത്തിൽ ചെങ്കോലും കിരീടവുമായി ഇരിക്കുന്ന ദൈവത്തെ അവൻ കണ്ടില്ല. ഉച്ച ഭാഷിണികളിലൂടെ പുകഴ്ത്തൽ ഗീതങ്ങൾ ആലപിച്ചാൽ പ്രസാദിക്കുകയും ഇല്ലെങ്കിൽ മൂക്കുകുത്തി താഴേയ്ക്ക് പതിക്കുകയും ചെയ്യുന്ന പൊങ്ങച്ചരൂപിയായ കോമാളിയെ അയാൾ കണ്ടില്ല. ജീവിച്ചിരുന്നപ്പോൾ തിരിഞ്ഞു നോക്കാത്ത മാതാപിതാക്കൾ മരിച്ചുകഴിയുമ്പോൾ പുരോഹിതന്മാരെ ക്കൊണ്ടു കർമ്മങ്ങൾ ചെയ്യിച്ചാൽ പരേതാത്മാക്കൾക്ക് സ്വർഗ്ഗത്തിലേക്ക് ടിക്കറ്റുകൊടുക്കുന്ന കൈക്കൂലിക്കാരൻ ദൈവത്തെ കണ്ടില്ല. ഇത്ര മതസ്ഥരെകൊന്നൊടുക്കിയാൽ പ്രതിഫലമായി സ്വർഗ്ഗത്തിൽ ശ്രേഷ്ഠ പദവി പതിച്ചു നൽകുന്നഅധോലോക നായകനെയോ ഭാര്യയെയോ സന്താനങ്ങളെയോ അയാൾ കണ്ടില്ല. എന്നാൽ അയാൾ ദൈവത്തെ കണ്ടു!
ഏതൊരു സത്തയ്ക്കുള്ളിലാണോ, ഏതൊരു സത്തയിൽ നിന്നാണോ ഗാലക്സികൾ ഉൾപ്പെടുന്ന ദ്രവ്യപിണ്ഡം മുഴുവാൻ രൂപം കൊള്ളുന്നത്‌, ഏതൊരു സത്തയിലേക്കാണോ അവ വിലയം പ്രാപിക്കുന്നത്, ആ മഹാ ശക്തിയെ, മഹാബുദ്ധിയെ അയാൾ ദർശിച്ചു. ക്ഷീരപഥത്തിന്റെ അനേകായിരം കൈവഴികളിൽ ഒരു കുഞ്ഞുപൊട്ടായി. തിരിഞ്ഞുകൊണ്ടിരിക്കുന്ന സൗരയൂഥവും അതിലെ ഭൂമിയെന്ന ഗ്രഹവും കടൽത്തീരത്തെ കോടാനുകോടി തരികളിൽ ഒരു കുഞ്ഞു തരിയായി മാറുന്ന ആ മഹാ പ്രതിഭാസത്തെ അയാൾ കണ്ടു. ഭൂത-ഭാവി-വർത്തമാനങ്ങൾ സമന്വയിച്ച് ദ്രവ്യോർജ്ജങ്ങളും ജീവനും തന്നുള്ളിൽ ഉൾക്കൊണ്ട് അനന്തമായി നിലകൊള്ളുന്ന സ്ഥൂലവും സൂക്ഷ്മവുമായ ആ പ്രതിഭാസത്തെ അയാൾ കണ്ടു.
ആ സർവ്വ വ്യാപിയായ സത്തയിൽ നിന്നാണ് പ്രപഞ്ചവും അതിന്റെ നിയമസംഹിതകളും രൂപപ്പെട്ടതെന്നും, മനുഷ്യജീവിതത്തിന് ഉതകുന്ന ശ്രേഷ്ഠമായ തത്വ സംഹിതകൾ ഉപദേശിച്ച ഗുരുക്കന്മാരും പ്രതിഭാശാലികളായ ശാസ്ത്രജ്ഞന്മാരും ആ നിയമസംഹിതകളുടെ അംശങ്ങൾ ശേഖരിക്കുക മാത്രമാണ് ചെയ്തതെന്നും അയാൾ കണ്ടു. പരസ്പര പൂരകമായ ആ മഹാ ബുദ്ധിയാണ് ജീവികളിൽ ഭിന്നമായി പ്രവർത്തിക്കുന്നതെന്നും അയാളറിഞ്ഞു. തന്റെ ദർശനം അയാൾ വിവരിച്ചു. പക്ഷേ പിന്നീടാണ് അംഗീകരിക്കപ്പെട്ടത്; ആ മനുഷ്യൻ ജോണ്‍ കോല്യാവ്

Comments

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code