കഥ


റിയാലിറ്റി

ബാബു കുഴിമറ്റം
മകളോ മകനോ ?
അറിയില്ല .
അറിയുവാന്‍ ശ്രമിക്കരുതെന്നാണ് നിയമാനുശാസനം.
ആണായാലും പെണ്ണായാലും ആദ്യത്തെ കണ്മണി പൊന്മണി തന്നെ .
സുഹാസിനി അറിയാതെ അവളുടെ വിരലുകള്‍ സ്വന്തം വയറില്‍ ഇഴഞ്ഞുനടന്നു .
ഒട്ടേറെ വഴിപാടുകള്‍ നല്‍കി ഉരുവാക്കിയെടുത്ത പൊന്നോമന.
ഒരേയൊരു ലക്ഷ്യമേ ഇനി സുഹാസിനിക്കുള്ളൂ:
ഒരു കുറവും അറിയിക്കാതെ കുഞ്ഞിനെ വളര്‍ത്തുക;
വളര്‍ത്തി വളര്‍ത്തി വലുതാക്കുക;
വലിയൊരു വ്യക്തിയാക്കുക.
ആണായാലും പെണ്ണായാലും തന്‍റെ കുഞ്ഞ്‌ സമൂഹത്തില്‍
അറിയപ്പെടുന്ന ആളായിത്തീരണം
ആദരണീയ വ്യക്തിയാവനം
ആരാധകവൃന്ദത്തെ നേടണം.
പുസ്തകം മാറ്റിവച്ച് സുഹാസിനി ചിന്തിച്ചു:
ആണായാല്‍ സക്കറിയ എന്നു പേരിടാം
അയ്യോ വേണ്ട. അതു നസ്രാണിപ്പേരാണല്ലോ.
ബഷീറും പറ്റില്ല .
മുകുന്ദന്‍ കുഴപ്പമില്ലാത്തൊരു പേരുതന്നെ.
പെണ്ണായാല്‍ സുഗതകുമാരി മതി .
അല്ലെങ്കില്‍ വേണ്ട ; സാഹിത്യത്തിനൊന്നും ഇപ്പോള്‍ മാധ്യമപ്രീതിയില്ല.
മോഹന്‍ലാലോ ശ്വേതയോ മതി
എന്തായാലും പേരിടീല്‍കര്മ്മത്ത്തിനു ചേട്ടന്‍ എത്തണം. പ്രസവത്തിനു മുമ്പെ വന്നെത്താന്‍ ലീവ് കിട്ടില്ലാത്രെ; ഒരാഴ്ചയെങ്കിലും വൈകും.
ഒരാഴ്ചയല്ല; ഇരുപത്തെട്ടിനു തലേന്നേ അദ്ദേഹം വന്നുള്ളൂ.
ആദ്യത്തെ കണ്മണി ആണായതില്‍ കൂടുതല്‍ അഭിമാനംകൊണ്ടത് സുഹാസിനിതന്നെയായിരുന്നു;
അച്ഛന്‍റെ തനിയാവര്‍ത്തനം .
കറുത്ത ചരടിനൊപ്പം പൊന്നരഞ്ഞാണ്‍കൂടി അണിയിച്ചുംകൊണ്ട്,
സുഹാസിനിയും ഭര്‍ത്താവും ചേര്‍ന്ന്‍ ആദ്യജാതന്‍റെ കാതുകളില്‍
മൂന്നുതവണയും പേര്‍ ചൊല്ലിവിളിച്ചു :
ബണ്ടിച്ചോര്‍ ;
ബണ്ടിച്ചോര്‍ ;
ബണ്ടിച്ചോര്‍ .

Comments

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code