ലേഖനം


മുറിവുണങ്ങാത്ത പക്ഷി

സബീന എം സാലി
ലോകത്തെ ഏറ്റവും സുന്ദരിയായ പ്രണയിനി ആരെന്നു ചോദിച്ചാൽ ഒരു ഉത്തരമേയുള്ളു....കമല...കമല ദാസ്.....കമല സുരയ്യ.....എരിയുന്ന ദീപം പോലെ വശ്യമായിരുന്നു ആ സൗന്ദര്യം.  വാക്കുകളുടെ അതിവൈകാരികതയാൽ വായനക്കാരെ വശീകരിച്ച ഒരെഴുത്തുകാരി അവർക്ക് മുൻപും പിൻപും ഉണ്ടായിട്ടില്ല. സ്ത്രൈണ ജീവിതാനുഭവങ്ങളുടെ നിറക്കൂട്ടുകൾ ആ കണ്ണുകളിലെ നക്ഷത്രദീപ്തിയായ് ജ്വലിക്കുമ്പോൾ വസ്തുസൂക്ഷ്മതകളുടെ  പ്രകൃതിഭാവം തിരയുന്ന ഏതൊരു കാമുകനും ആ മുഖത്തു നിന്നും കണ്ണെടുക്കാനാവില്ല.  “ഞാനൊരു പുഴയായിപ്പോയി....തോട്ടിലേക്ക് ഒഴുകാനെനിക്കാവില്ല....”എന്ന് ഉള്ളിലെന്നും ഒരു കലാപം കൊണ്ടുനടന്നിരുന്നു തന്റേടിയായ ആമി. സ്വപ്നാടനങ്ങളുടെ തോടുകളിലേക്ക് ഉൾവലിയുമ്പോഴും എനിക്കിനിയും പൂർണത കിട്ടാനുൺടെന്ന്‌ ലോകത്തോട്‌ വിളിച്ചു പറയാനുള്ള ചങ്കൂറ്റംവേറെ ഏത് എഴുത്തുകാരിക്കാണുള്ളത്...?  മറ്റുള്ളവരുടെ പ്രീതിക്കു വേൺടി അവർ സ്വന്തം മനസ്സക്ഷിയെ ഒരിക്കലും വഞ്ചിച്ചിരുന്നില്ല.പ്രകൃതിയിലെ സകല ചരാചരങ്ങളേയും സ്നേഹം കൊൺട് കീഴ്പ്പെടുത്താനുള്ള നിരുപമമായ ആ കഴിവു തന്നെയാണ്‌ അവരെ എല്ലാ ഋതുക്കളിലും പൂക്കുന്ന നീർമാതളമാക്കിയത്. 

സദാചാര വിലക്കുകൾ ഭയന്ന്‌ പലരും സ്വന്തം ഇഷ്ടങ്ങൾ മനസ്സിന്റെ വാരിക്കുഴിയിൽ മൂടുമ്പോൾ, സ്നേഹം കൊൺടു തന്നെയാണ്‌ സ്വാതന്ത്ര്യത്തിന്റെ അർത്ഥം കമല ലോകത്തിന്‌ കാട്ടിക്കൊടുത്തത്. ചില നേരങ്ങളിൽ വിലക്കുകളും തടസ്സങ്ങളും അതിജീവിക്കാനുള്ള മനസ്സിന്റെ പകർന്നാട്ടങ്ങൾ, ചില നേരങ്ങളിൽ അധീരമായ ക്ഷമാപണങ്ങൾ, ആർക്കും പിടികൊടുക്കാത്ത വൈരുദ്ധ്യങ്ങളായി കമലയുടെ കൃതികളിൽ നിഴലിക്കുന്നു.ആ വാക്കുകളുടെ നിഗൂഢതകളും അവയുടെ ഭാവനിർഭരമായ അർത്ഥതലങ്ങളും അതേപടി ഉൾക്കൊൺടവർ  മാത്രമാണ്‌ പൂർണമായ അർത്ഥത്തിൽ കമലയെ സ്നേഹിച്ചത്.  സ്ത്രീ രചനകളിലെല്ലാം ആത്മാംശമുൺടെന്ന ധാരണയാവാംഒരേ സ്വത്വത്തെ അതർഹിക്കുന്ന പ്രാധാന്യത്തോടെ ഉൾക്കൊള്ളാനാവാതെ വാക്കുകളുടെ ഉറവ തേടിച്ചെന്ന് അവരെ വ്യക്തിപരമായി വേദനിപ്പിക്കാൻ ചിലരെയെങ്കിലും പ്രേരിപ്പിച്ചത്. ഭാവനകൊൺട് ജീവിക്കുകയാണെങ്കിൽപ്പോലും  “എന്റെ ശരികൾ എന്റെ മാത്രം ശരികളാണ്‌ അതിൽ വേറൊരാൾ കൈ കടത്തേൺടതില്ല എന്ന താക്കീതോടെ, സ്ത്രൈണസത്തയുടെ പ്രക്ഷുബ്ധതകൾ ക്രോധങ്ങൾ, സങ്കടങ്ങൾ, വിതുമ്പലുകൾ ഒക്കെയും ധ്വനിസാന്ദ്രമായി അക്ഷരങ്ങളിലൂടെ അവർ പ്രകാശിപ്പിച്ചിരുന്നു. കളിപ്പാട്ടം വലിച്ചെറിയുന്ന കുട്ടിയുടെ മർക്കടമുഷ്ടി നിഷ്കളങ്കതയുടെ നേർരൂപമാണെന്ന് മനസ്സിലാക്കാത്തവരാണ്‌ പഴിചാരലുകളാൽ അവരെ മുറിവേൽപ്പിച്ചത്‌. നീ വെറും പെണ്ണാണെന്ന്‌ പുച്ഛിക്കുന്ന പുരുഷ ധാർഷ്ട്യത്തിനെതിരെ പുറം തിരിഞ്ഞതും, അക്ഷരത്തെറ്റുകൾ മാത്രമാണ്‌ അവരുടെ ജീവിതമെന്ന്‌ വ്യാഖ്യാനിക്കാൻ മലയാളിയെ പ്രേരിപ്പിച്ചു,മനുഷ്യനെ പച്ചയ്ക്ക്‌ കത്തിക്കുമ്പോഴുൺടാകുന്ന സാഡിസ്റ്റ് ആനന്ദം അന്ന്‌ സമൂഹത്തിലെ ചിലരെങ്കിലും അനുഭവിച്ചിരിക്കണം.

പ്രണയപാരവശ്യം പൂൺട ശൂർപ്പണഖയുടെ മൂക്കും മുലയും അരിഞ്ഞ പാരമ്പര്യം നമുക്കുൺടായിട്ടും പ്രണയത്തിലൂടെ കലഹിക്കുക, സ്നേഹിക്കുക സ്വയം കൺടെത്തുക എന്ന്‌ ലോകത്തെ ആഹ്വാനം ചെയ്യുകയായിരുന്നു കമല. വസന്തത്തിന്റെ ആത്മാവു കൺടെടുക്കാൻ മാത്രമായിരുന്നു അവരുടെ രക്തത്തിലൂടെ പ്രണയത്തിന്റെ കൈത്തോടുകൾ പതഞ്ഞൊഴുകിയത്.  “ ഞാനൊരു ഏകാന്ത ദ്വീപാണ്‌. നീയവിടേക്ക് വരിക. എന്നെ ഖനനം ചെയ്യുക എനിക്ക് നിന്നോടുള്ള പ്രണയം നീ കൺടെടുക്കും.” എന്നിങ്ങനെ പ്രണയത്തിന്റെ കൊടും വിഷം കലർന്ന വീഞ്ഞാണ്‌ അവരുടെ ആത്മസത്തയെ മരവിപ്പിച്ചതെന്ന്‌ സദാചാരവാദികൾ ഘോരഘോരം പ്രഘോഷിക്കുമ്പോഴും കമലയെ സംബന്ധിച്ച്, സ്നേഹ നീരാസം സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.
            ഉത്തരാധുനിക കാലത്തെ  കമ്പോളവൽകൃത പെൺകാഴ്ചകളും അവ നൽകുന്ന അലസസുഖങ്ങളും കൺട് മനം മടുക്കാതെ, അക്ഷരങ്ങളെ അനാഥരാക്കി, നിത്യശാന്തിയുടെ ദൂരതീരങ്ങൾ തേടി പോയെങ്കിലും, കമലയെ സ്നേഹിച്ചവരുടെ മനസ്സുകളിൽ സ്നേഹം പകർന്ന്‌ കൊളുത്തിയ മൺചിരാതുകൾ ഇപ്പോഴും അണയാതെ കത്തുന്നുൺട്. കറങ്ങുന്ന ഫാനിൽത്തട്ടി തെറിച്ചു വീണ കുരുവിയുടെ മരണം പക്ഷിയുടെ മണമായ് ആത്മാവിന്റെ ഗന്ധവുമായി ചേരുമ്പോഴും പ്രജ്ഞയിൽ  മുറിവുണങ്ങാത്ത ഒരു പക്ഷിയുടെ തേങ്ങൽ......ശിശിരത്തിന്റെ ആഴക്കാഴ്ചകളിൽ  എന്നിലെ വേനലിനെ ഞാൻ തിരിയുമ്പോഴും, മൗന വിരഹങ്ങൾ ചിലപ്പോൾ വേദനയുടെ വേലിയെറ്റങ്ങൾ തീർക്കുമ്പോഴും എന്റെ നിശ്വാസങ്ങൾ കൊൺട് ഞാനെന്നും തൊടാനാഗ്രഹിക്കുകയാണ്‌  ആ വാക്കിന്റെ ചിമിഴിനെ...ആ പ്രണയാത്മാവിനെ......പ്രിയപ്പെട്ട ആമിയെ....

Comments

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code