കവിത


നളിനീദലഗതജലം

രമേശ് കുടമാളൂര്‍
പൊയ്കയില്‍ താമരപ്പൂവിനെത്തൊട്ടു നിന്ന
ഇലയിലൊരു നീര്‍ത്തുള്ളി വീണു.
പച്ചപ്പരപ്പില്‍ തുള്ളിത്തുടിക്കവേ
മരതക മണിപോലവള്‍ തിളങ്ങി.
അരികിലെ താമരപ്പൂവിന്റെ പാടല
വര്‍ണ്ണം തന്നില്‍ ലയിപ്പിച്ചു നില്‍ക്കവേ
പവിഴമണിയായി- പിന്നെ
വെയില്‍പ്പോളക്കുമ്പിളില്‍ വജ്രം,
ആകാശ നീലത്തിലിന്ദ്രനീലം,
പോക്കുവെയിലില്‍ പുഷ്യരാഗം,
അസ്തമയ സൂര്യന്റെ രാഗാംശുവേല്‍ക്കെ
ഗോമേദകം,
രാവില്‍ പനിമതിയുടെ തൂവല്‍ത്തലോടലില്‍
വൈഡൂര്യം.
നളിനീദലത്തിലെ ലാസ്യനൃത്തം മുറുകവേ
ഇലയൊരു കാറ്റേറ്റുലഞ്ഞിടവേ
ഇളകിത്തെറിച്ചു തകര്‍ന്നു
പൊയ്കയില്‍ പരശതം നീര്‍മണികളില്‍ വീണു
സ്വയമവളില്ലാതെയായി.
മറ്റൊരു കാറ്റില്‍ , മറ്റൊരു തിരയിളക്കത്തില്‍
ദലത്തില്‍ തുളുമ്പി വീണിപ്പോഴിതാ
മറ്റൊരു നീര്‍മുത്തിന്നുന്മാദനര്‍ത്തനാന്ദോളനം
അതിതരളം, അതിശയചപലം.

 

Comments

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code