കവിത
തിരക്കുന്നുകളില്‍
പിടിച്ചുകയറാന്‍ മിടുക്കുള്ളവനാണ്
മുക്കുവന്‍.
 
തിരകള്‍ നുരഞ്ഞുയരുന്നത്‌ 
ആഴങ്ങളിലെ അഴലുകളില്‍ നിന്നാണ്.
ഉയര്‍ന്നുമറിയുന്ന
ജലമലയുടെ ഉള്ളിലേക്ക് 
തുളഞ്ഞിറങ്ങാന്‍
തയ്യാറെടുപ്പ് നല്ലതാണ്.
 
കരിമേഘങ്ങള്‍
കര നനയ്ക്കുമ്പോഴും
കതിരവന്‍
കഠിനമായി കത്തിയാളുമ്പോഴും 
കടലാഴങ്ങളില്‍ നിന്ന് അഴലുകള്‍,
തിരകളെ മെനഞ്ഞുവിട്ടുകൊണ്ടേയിരിക്കുന്നു 
തിരമറിയും
മനസ്സുകളില്‍ തുഴ വലിയ്ക്കാന്‍
പോരാളികള്‍ക്കേകഴിയൂ.
 
എനിക്ക് പോരുതിയേ തീരൂ.
ഇല്ലെങ്കില്‍
എന്റെ എല്ലുകള്‍
നുറുങ്ങിപ്പോവും.
 
ജലബിന്ദുക്കള്‍ക്ക് 
നട്ടെല്ലൊടിക്കാന്‍ 
ത്രാണിയുണ്ടാകുന്നത്, അവ
അഴലുകള്‍ ആത്മാവാക്കിയ
ജലമലകളുടെ ഭാഗമാവുമ്പോഴാണ്.
എന്നാല്‍
ഒരു മുക്കുവനല്ലാതായിട്ടും 
ഒരു നാവികനല്ലാതായിട്ടും 
അഴലുകളുടെ മഹാ സാഗരത്തോട്
ഞാന്‍ പൊരുതി നില്‍ക്കുന്നു.
കാരണം ഞാനൊരു പോരാളിയാണ് 

Comments

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code