കവിത


ആരറിവാന്‍

മൈമൂണ്‍ അസിസ്സ്
തരംഗിണി ഡോട്ട് കോം കവിത മത്സരത്തിൽ അവാർഡിനായി ശക്തമായ മത്സരം കാഴ്ച വച്ച കവിത 
മരത്തിന്‍ കടയ്ക്കലായ് മഴുവീണ നേരം
മാതൃഹൃദയത്തില്‍ നിണം പൊടിഞ്ഞു.
നാളുകളേറെയായുള്ളൊരാ ബന്ധനം,
ഇന്നിതാ വെട്ടി വീഴ്ത്തുന്നു മക്കള്‍ .
അകാലത്തില്‍ പോയൊരു പ്രിയന്റെ
അസ്ഥിമാടത്തിനു തണല്‍ വിരിച്ചും,
അതിര്‍ത്തികാക്കുന്ന യോദ്ധാവെപ്പോലെ
തലയെടുപ്പോടെ നിന്നൊരാ മാമരം.
നെഞ്ചുപിടയുമ്പോള്‍ തഞ്ചത്തില്‍ മിണ്ടാന്‍
ഓടിയെത്തുമ്പോള്‍ കാളും മനസ്സിനെ
വീശിത്തണുപ്പിക്കും വിശറിയായി,
സാന്ത്വനമേകും കൂട്ടുകാരി.
ഭാഗപത്രം കഴിഞ്ഞോരോരുത്തരായ് ,
പടിയിറങ്ങിപ്പോകെ,തിരിഞ്ഞൊന്നു നിന്നില്ല ,
കണ്ണീരണിഞ്ഞില്ല, ആശ്വാസമുതിര്‍ത്തു പോകെ ,
ആരറിവാനെന്‍റെ ആര്‍ത്തവിലാപം.
പട്ടണ നടുവിലെ ഫ്ലാറ്റിനേക്കാളും പ്രിയതരമല്ലല്ലോ
നാട്ടിന്‍പുറത്തെ അസ്ഥിമാടം .
ജീവിച്ചിരിക്കെ സ്മരണയില്ലാത്തോര്‍ക്ക്
മണ്‍മറഞ്ഞെന്നാല്‍ പ്രസക്തിയെന്ത്?
തന്നെ അറിയുന്ന, ആശ്വാസമേകും
മരം വെട്ടിവീഴ്ത്തുന്നു തുട്ടുകള്‍ക്കായി,
ഏകാന്തത്തടവിലിനിയെന്നെത്തഴുകുവാന്‍
കൂട്ടിന്നായിനി തേന്‍ വരിക്കയില്ല .
തൊട്ടിലും കട്ടിലും കട്ടളയും തീര്‍ക്കാന്‍,
കട്ടത്തടി വേണ്ട കാരിരിമ്പുംവേണ്ട ,
പ്ലാസ്റ്റിക്ക് തീര്‍ക്കുന്നോരിന്ദ്രജാലം ,
അടുപ്പെരിക്കാനുമത് വേണ്ട യിപ്പോള്‍
കൊള്ളി വെക്കാന്‍ വൈദ്യുത ശ്മശാനങ്ങള്‍ .
വായുവും വെള്ളവും കുപ്പിയില്‍ പേറുന്നോര്‍ 
നാളെയീ ദേഹം ചുമക്കാന്‍ പാത്രം തേടുമോ?
ഇന്നലെതന്‍ നന്മകള്‍ കൈവിട്ടു ജീവിപ്പോര്‍ ,
നാളെയിതോര്‍ത്തു ദു:ഖിയ്ക്ക വേണം.

Comments

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code