കവിത


ചിത്രം

Varshini Vinodhini

 ദം പൊട്ടുന്നു ..ചിന്നം വിളിക്കുന്നു

യന്ത്രം കണക്കെ മിഴിച്ചു നിൽക്കുന്നു

ചില്ലുവാതിൽ തച്ചുടക്കുന്നു

ഉള്ളിലെ മൂകത ഊറ്റിക്കുടിച്ച്‌

വിണ്ടുകീറിയ ചുണ്ടുകളുള്ളവൾ.

 

ജ്വരമായിരുന്നു ഉമ്മറത്തെ നെരിപ്പോടിനു

വാതിൽക്കൽ നിക്കും രാക്ഷസനും പിന്നെ,

തോളിൽ തലചായ്ച്ചുറങ്ങിയ ദൂതനും

പൊട്ടിത്തെറിക്കുന്ന കവിതകൾക്കും

മെരുങ്ങാത്ത പിരാകുന്ന അക്ഷരങ്ങൾക്കും

 

ചൂടാണെങ്ങും ദാഹവും

വിയർപ്പിൻ മണങ്ങൾ മത്സരിക്കുന്നു

വിശപ്പിന്റെ ശാപം നിലവിളിക്കുന്നു

കണ്ണുകൾ ചൂഴ്‌ന്നെടുത്ത ദുർമന്ത്രവാദി

സാധുവായ്‌ നിശ്ശബ്ദം കേഴുന്നു.

 

അർദ്ധരാത്രിയിലവൾ അനാഥയാകുന്നു

യുഗങ്ങളായ്‌ തെരുവിലലഞ്ഞവളെ പോൽ

ഘോരമായ്‌ പടർന്ന വിഷം പുരണ്ടവൾ

നോവിന്റെ അന്ധതയിൽ മുഖമമർത്തി

ഉദയം നോക്കി കിടന്നു നിശ്ചലം.

 

വിഹ്വലതകളുടെ ചങ്ങല കിലുക്കം

ചുറ്റിപ്പിണയുന്നു ശ്വാസവേഗത്തിൽ

മൗനത്തിൻ തിരയിലമർന്ന പെണ്ണിനെ

പ്രാണ ഞരമ്പുകൾ ചുറ്റിവരിയുന്നുമുണ്ട്‌

പാതിരാജാഥകൾ തട്ടിയുണർത്തുന്നുമുണ്ട്‌..

 

മഴമിഴാവിൽ ഉടയുന്ന സൗന്ദര്യം

ജ്വലിക്കുന്നു വിഹായസ്സിലേക്കുയരുവാൻ

ആർത്തുവിളിക്കുന്നു വിജനവീഥികൾ

ഹേ..ചിതലിരിക്കുന്നു അവളുടെ ചിത്രം

മൺചുവരിൽ അർദ്ധനഗ്നയായ്‌..!

Comments

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code