കഥ


ഉറുമ്പും ആടുജീവിതവും

ഷെരീഫ് കൊട്ടാരക്കര
ബസ്സിന്റെ ഇരമ്പലിനും മീതെ മൊബൈല്‍ ഫോണ്‍ കരയുന്ന ശബ്ദം കേട്ട അവള്‍ മടിയില്‍വെച്ചിരുന്ന ഹാന്‍ഡ് ബാഗ് തുറന്ന് ഫോണ്‍ കയ്യിലെടുത്ത് പ്രത്യാശയോടെ നമ്പര്‍ നോക്കി. ഫോണ്‍കമ്പനിക്കാരുടെ പരസ്യ നമ്പറാണെന്ന് കണ്ടതോടെ ഉള്ളില്‍ നുരഞ്ഞ് പൊന്തിയ നിരാശയാല്‍ കാള്‍ കട്ട് ചെയ്ത് ഫോണ്‍ തിരികെ ബാഗില്‍ വെച്ച് സിബ്ബ് വലിച്ചിടുന്ന നേരത്താണ് ഉറുമ്പിനെ കണ്ടത്. അത് ബാഗില്‍ നിന്നും പുറത്തേക്ക് വരുകയായിരുന്നു.

ഇന്നു ഉച്ച നേരം ആഫീസില്‍ വെച്ച് ടിഫിന്‍ കാരിയര്‍ ഹാന്‍ഡ് ബാഗില്‍ നിന്നും പുറത്തെടുക്കാന്‍ നേരം ആ ജനുസ്സില്‍ പെട്ട ഒരു പറ്റം ഉറുമ്പുകള്‍ ബാഗ് ചാരി വെച്ചിരുന്ന ഭിത്തിയില്‍ ചുറ്റിക്കറങ്ങുന്നത് അവള്‍ കണ്ടിരുന്നു. കറുത്ത നിറത്തില്‍ വലിയ ഉറുമ്പുകള്‍. അതിലൊരെണ്ണമാണ് ഇപ്പോള്‍ ബാഗിന്റെ ഉള്ളില്‍നിന്നും പുറത്ത് വന്നതെന്ന് അവള്‍ക്ക് തീര്‍ച്ചയുണ്ട്.

ഉറുമ്പിനെ ബാഗില്‍ നിന്നും തട്ടിമാറ്റാന്‍ കൈകള്‍ ഉയര്‍ത്തിയപ്പോള്‍ പെട്ടന്നൊരു ചിന്ത
മനസിലൂടെകടന്ന് പോയി . 17കിലോമീറ്ററുകള്‍ക്കപ്പുറം അവളുടെ ജോലി സ്ഥലത്ത് വെച്ച് മറ്റ് ഉറുമ്പുകളുടെകൂട്ടത്തിലാണ് ഇവനെ താന്‍ കണ്ടത്. (പുരുഷ ഉറുമ്പാണ് അതെന്ന് അവള്‍ തീര്‍ച്ചയാക്കികഴിഞ്ഞിരുന്നുവല്ലോ) ഇവന്റെ ഭാര്യയും കുഞ്ഞുങ്ങളും മറ്റു കുടുംബാംഗങ്ങളുമായിരിക്കാം അവിടെ മേശപ്പുറത്ത് അപ്പോള്‍ കാണപ്പെട്ടത്. തലയെടുപ്പിലും വലിപ്പത്തിലും കെങ്കേമനായ ഇവനായിരിക്കാം കുടുംബ നായകന്‍ എന്നും അവള്‍ ഉറപ്പിച്ചു.

പക്ഷേ ഈ നേതാവിനെ ആ കുടുംബത്തിനു ഇനി ഒരിക്കലും കാണാന്‍ കഴിയില്ലല്ലോ എന്ന് ചിന്തിച്ചപ്പോള്‍ അവള്‍ക്ക് അതിയായ സങ്കടം തോന്നി. താന്‍ ബാഗില്‍ നിന്നും തട്ടി നിലത്തിട്ടാല്‍ ബസ്സ് ചെന്ന് നില്‍ക്കുന്ന സ്ഥലത്ത് അവന്‍ എത്തിച്ചേര്‍ന്നേക്കാം. അവിടെ ഏകനായി ഇനി ഒരിക്കലും തന്റെ ഇണകളെ കാണാനാവാതെ അലഞ്ഞ് തിരിഞ്ഞ് അവന്റെ ജീവിതം അവസാനിക്കും.

വീണ്ടും മൊബൈല്‍ ഫോണ്‍ കരഞ്ഞപ്പോള്‍ എന്നത്തേതും പോലെ പൊട്ടിവിരിയുന്ന പ്രത്യാശയോടെ അവള്‍ ഫോണ്‍ കയ്യിലെടുത്ത് നമ്പര്‍ നോക്കി. ഗള്‍ഫിലെ കോഡ് നമ്പര്‍ ആണോ കാണപ്പെടുന്നത്.

തന്റെ പ്രാണപ്രിയനെ പറ്റി എന്തെങ്കിലും വിവരം?

നീണ്ട മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നെങ്കിലും ആ ശബ്ദം...മിനിക്കുട്ടീ...എന്ന് നീട്ടി വിളിക്കുന്ന ആ മധുര സ്വരം....

"നമ്മുടെ മോന്‍ വലുതായോടോ എന്ന സുഖാന്വേഷണം"?

"അഛനും അമ്മക്കും അസുഖമൊന്നുമില്ലല്ലോ" എന്ന ആകാംക്ഷ നിറഞ്ഞ് നില്‍ക്കുന്ന ചോദ്യം?

ഫോണ്‍ ശബ്ദം കേള്‍ക്കുമ്പോള്‍ ഇതെല്ലാമാണല്ലോ അവളുടെ മനസില്‍ നിറയുന്ന പ്രത്യാശകള്‍ .

ഇപ്പോള്‍ വിളിച്ച നമ്പര്‍ കൂട്ടുകാരിയുടേതാണെന്ന് കണ്ടതോടെ നിസ്സംഗതയോടെ അവള്‍ ഫോണ്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. കുറച്ച് കാലമായി നിരാശ തനിക്ക് പരിചിതമായി എന്നും മനസ്സ് ശൂന്യാവസ്ഥയിലേക്ക് മാറ്റപ്പെട്ടു എന്നും അവള്‍ തിരിച്ചറിഞ്ഞു.

ഫോണ്‍ സംഭാഷണം കഴിഞ്ഞ് വീണ്ടും ഉറുമ്പിനെ നോക്കി. അവന്‍ ബാഗിന്റെ മടക്കുകളില്‍ അലയുകയാണ്. തന്റെ പ്രാണപ്രേയസിയെയും കുഞ്ഞുങ്ങളെയും കണ്ടെത്താന്‍ 17കിലോമീറ്റര്‍ നടന്ന് പോകാന്‍ അവനാവില്ലല്ലോ. മറ്റൊരു ബസ്സ് കൈ കാണിച്ച് നിര്‍ത്തി അതില്‍ കയറി തിരികെ പോകാനും അവനു കഴിയില്ല എന്ന് ചിന്തിച്ചപ്പോള്‍ ഉള്ളില്‍ വിങ്ങല്‍ അനുഭവപ്പെട്ടു.

ഇതേ പോലെ തന്റെ പ്രിയന്‍ മരുഭൂമിയിലെവിടെയോ....? എവിടെ ആയിരിക്കും? ബെന്യാമിന്റെ നോവലില്‍ വായിച്ചത് പോലെ ആടു ജീവിതം നയിക്കുകയായിരിക്കുമോ? അതോ അന്തമില്ലാത്ത മരുക്കാട്ടില്‍ വെള്ളം കിട്ടാതെ അവശനാ‍യി അലഞ്ഞു തിരിയുകയാണോ?...അതോ ഇനി ഒരിക്കലും തിരിച്ചു വരാനാവാതെ മണ്ണിനടിയില്‍ ....

കണ്ണില്‍ വെള്ളം നിറഞ്ഞത് മറ്റുള്ളവര്‍ കാണാതെ തുടയ്ക്കാന്‍ കൈ ഉയര്‍ത്തിയപ്പോള്‍ സിബ്ബിനിടയിലൂടെ ഉറുമ്പ് ബാഗിനകത്തേക്ക് കയറി പോകുന്നത് അവള്‍ കണ്ടു.

ബസ്സില്‍ നിറഞ്ഞ് നില്‍ക്കുന്ന യാത്രക്കാര്‍ക്ക് ഇടയിലൂടെ തിക്കി തിരക്കി കണ്ടക്റ്ററുടെ സമീപം ചെന്ന് തനിക്ക് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ “ഈ സ്ഥലത്ത് ഇറങ്ങുന്നതെന്തേ?“ എന്ന ചോദ്യം പരിചിതനായ കണ്ടക്റ്ററുടെ മുഖത്ത് കണ്ടത് അവഗണിച്ച് അവള്‍ ബസ്സില്‍ നിന്നും ചാടി ഇറങ്ങി.

17കിലോമീറ്റര്‍ തിരികെ പോയി ഉറുമ്പിനെ താന്‍ പകല്‍ കണ്ട സ്ഥലത്ത് കൊണ്ട് വിടണമെന്നുള്ള അതിയായ അഗ്രഹത്താലാണല്ലോ അവള്‍ റോഡില്‍ ബസ്സ് കാത്ത് നിന്നത്.

തന്റെയും കുഞ്ഞിന്റെയും സമീപം തിരികെ എത്താന്‍ ആരെങ്കിലും ഇത് പോലെ തന്റെ പ്രിയനെയും സഹായിക്കേണമേ എന്ന പ്രര്‍ത്ഥനയായിരുന്നു അവളുടെ മനസ്സില്‍ .

Comments

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code