ലേഖനം


പൌരാണിക കാലത്ത് ആരോഗ്യം, ഭക്ഷണം, ജീവിതരീതികൾ, ചര്യകൾ ഇവയെല്ലാം  പരസ്പരപൂരിതങ്ങളായിരുന്നു, ജീവിക്കാൻ വേണ്ടിയുള്ള ഭക്ഷണമായിരുന്നു. അല്ലാതെ ഭക്ഷണത്തിനു വേണ്ടിയുള്ള ജീവിതമല്ലായിരുന്നു. ഇന്നാകട്ടെ, പുതിയ പുതിയ ഭക്ഷണപദാർത്ഥങ്ങൾ തേടി കമ്പോളങ്ങളിൽ ചേക്കേറുകയാണ്. പാരമ്പര്യ ഭക്ഷണം പാടെ ഉപേക്ഷിച്ച് വരുത്തൻ രുചിയും ഭക്ഷണവും സ്റ്റൈലും പ്രായഭേദമോ സാമ്പത്തികഭേദമോ ഇല്ലാതെ പിൻതുടരുന്ന പടയോട്ടത്വരയിലാണ്. ഒടുക്കം, ഭക്ഷണം പോലും വർജ്ജിക്കേണ്ട അവസ്ഥയിൽ ശരീരം രോഗാതുരമാകുന്നു. ആദ്യം ഉത്തേജകമാകും, ക്രമേണ പരിതാപകരമാകും ശരീരം. അടുത്തറിഞ്ഞിട്ടും പാഠം ഉൾക്കൊള്ളാത്ത ഒരു ധിക്കാരസമൂഹം.
 
ഔഷധസേവ കെങ്കേമമായി നടക്കുന്നുണ്ട്. എന്നാൽ അതിലും കൃത്രിമത്വം, കമ്പോളകാഴ്ചപ്പാട് ദോഷത്തെ മൂടിവച്ചിരിക്കുന്നു എന്നതാണ് സത്യം. അത് ആരോഗ്യത്തിനു പകരം അസുഖം വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത്. മറ്റൊരു കാര്യം പറയാതിരിക്കാൻ വയ്യ. ഇന്നത്തെ ഔഷധസസ്യങ്ങളും രോഗബാധിതരാണ്. കിട്ടാനുമില്ല. സമയമില്ലാത്ത മനുഷ്യൻ കഞ്ഞിയും ചന്തയിൽ നിന്നും വാങ്ങാൻ തയ്യാറാകുന്നു. ഔഷധസേവ, അത് ഗുണമോ ദോഷമോ നോക്കിയല്ല ഇന്നത്തെ മനുഷ്യർ നടത്തുന്നത്. പ്രകാശമാർന്ന മനസ്സോടെ ജീവിതപ്രതീക്ഷയുടെ പച്ചപ്പിലേയ്ക്ക് ഉണർന്നെഴുന്നേൽക്കാൻ ഒന്നാമതായി വേണ്ടത് ആരോഗ്യമാണ്. എവിടെ സംതൃപ്തിയും ആരോഗ്യവുമുണ്ടോ അവിടെ സ്നേഹവും ദയയും ഉണ്ടാകും. പശിയാർന്ന, രോഗാതുരമായ, അവഗണിക്കപ്പെട്ട ഒരു സമൂഹത്തിൽ പകയും പ്രതികാര ബുദ്ധിയും വളർന്നു പൊന്തും. വിശക്കുന്ന, തളർന്ന, ശേഷിയില്ലാത്ത ശരീരം വേദാന്തം ഉൾക്കൊള്ളുന്നതെങ്ങനെ? അതിനാൽ ഭക്ഷ്യസുരക്ഷ, ആരോഗ്യസുരക്ഷ ഇവയ്ക്കാണ് പരമപ്രധാനസ്ഥാനം കൊടുക്കേണ്ടത്. അതുവഴി രാജ്യസുരക്ഷ കൈവരും.
 
അന്യസംസ്ഥാനം കനിഞ്ഞില്ലെങ്കിൽ കല്ലും മണ്ണും തിന്നേണ്ട അവസ്ഥയാണ് നമുക്കുള്ളത്. ഭക്ഷണം, അതല്ലേ എല്ലാം! ചക്കയും മാങ്ങയും കാച്ചിലും കപ്പയും പുല്ലും തുടങ്ങി സസ്യാഹാരം അന്തസ്സിനു ചേർന്നതല്ല എന്നാണ് ആധുനിക നിലപാട്. മുടിയരായ മാതാപിതാക്കളും മുടിയരായ മക്കളും - ഇതാണ് ഇന്നത്തെ അവസ്ഥ. നന്നാവാൻ ആർക്കും വയ്യ. മദ്യവും മയക്കുമരുന്നും ആധുനിക മാദ്ധ്യമങ്ങളുടെ ഉപയൊഗവുമെല്ലാം മനുഷ്യ ചേതനയെ നന്നേ തളർത്തി മുന്നേറുന്നു. ഇതൊന്നുമില്ലാത്ത ഒരു ജീവിത സമൂഹത്തിനു സങ്കല്പിക്കാൻ പോലും ആവുന്നില്ല. 
 
ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ്‌ നിലനിൽക്കുന്നത് എന്നു ഗാന്ധിജി പറഞ്ഞത് വെറുതെയല്ല. ഗ്രാമം സമൃദ്ധിയുടെയും സ്വാസ്ഥ്യത്തിന്റെയും ഉറവിടമായിരുന്നു. മനുഷ്യനന്മയ്ക്ക് ഉതകുന്നതേ പുരോഗതിക്കായി ചെയ്യാൻ പാടുള്ളൂ എന്നതും നാം മറക്കാതിരിക്കുക. കൃഷിയിടവും ജലാശയവും  ഇല്ലാതായാൽ ജീവന്റെ ആധാരം, അതല്ലേ അവസാനിക്കുക? മനുഷ്യരെ നിർമ്മിക്കുന്ന നിയമങ്ങളും വിദ്യാഭ്യാസവുമാണ് ഇന്ന് ആവശ്യം.

Comments

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code