കവിത


നാലറയിലെ നാരി

പ്രിയ സായൂജ്
ഹൃദയം പകുത്തു നാലറകളാക്കിയതിൽ
ഹൃദ്യമാം സ്നേഹം പകർന്നു വച്ചു
ഹീരയായവനിയെ പാലിച്ചുപോന്നവൾ
ഹിംസാലുവായങ്ങു നീചജന്മങ്ങളിൽ

ആദ്യത്തെ അറയതിൽ ത്യാഗമായ് മമതയായ്
അഭയമായ്‌ മാറുന്ന മാതൃഭാവം
അവിടുണ്ട് സകല ഹൃദയദുഃഖങ്ങള്‍ക്കും
അന്യാദൃശമായൊരു വാത്സല്യപ്പാൽക്കടൽ

നിറയുന്നു സോദരീ ഭാവത്തിലറരണ്ടിൽ
നിസ്വാർത്ഥമായൊരു സ്നേഹനിലാവായി
നിമിഷവേഗത്തിൽ ക്ഷയിക്കുമീ ലോകത്തെ
നന്മതൻ രാഖി ചരടിൽ ബന്ധിക്കുന്നു

സഖിയായി മൂന്നാമറതന്നിൽ പ്രണയത്തിൻ
സപ്തവർണ്ണങ്ങൾ നിറച്ചു വയ്ക്കുന്നവള്‍
സാന്ത്വനമായി കരുത്തായി യാത്രയില്‍
സർവ്വദാ നിന്നില്‍ നിറഞ്ഞുനിൽക്കുന്നവൾ

തനയതൻ ഭാവത്തിൽ നാലാമറതന്നിൽ
താതന്റെ ഉയിരായി മാറുന്നവൾ
തായതൻ നെഞ്ചിൽ നിറവായ് ധ്യാനമായ്
തപസ്യതൻ  സുകൃതമായ് നിറയുന്നവൾ

നാലറതന്നിൽ നാലു ഭാവങ്ങളിൽ
നന്മതൻ നാമ്പു വിടര്‍ത്തുന്നനുദിനം
നാരി, നീ സർവ്വസൗഭാഗ്യദായിനി
നാലകം വാഴുന്ന പുണ്യപ്രവാഹിനി

Comments

 
കൃഷ്ണ     2014-01-13 08:04:35
നാലറതന്നിൽ നാലു ഭാവങ്ങളിൽ നന്മതൻ നാമ്പു വിടര്‍ത്തുന്നനുദിനം നാരി, നീ സർവ്വസൗഭാഗ്യദായിനി നാലകം വാഴുന്ന പുണ്യപ്രവാഹിനി
 

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code