ലേഖനം


ഡിസംബറില്‍ തീ മഞ്ഞു പെയ്യുന്നു

വി എസ് ബിന്ദു
ഓരോ വേവലാതിയും വിടരുന്നതും കൊഴിയുന്നതും വല്ലാത്ത ഒരനുഭവമാണ്. നിദ്രയില്ലാതെ അലയുമ്പോൾ. യാത്രകളില്‍ തിക്കിത്തിരക്കുമ്പോള്‍ വെറുതെയിരിക്കുമ്പോള്‍ ഒക്കെ ഉള്ളു പൊള്ളിച്ചു കൊണ്ട് ആധികള്‍ കടന്നു വരുന്നു. ചെവി പൊത്തിപ്പിടിച്ചാലും കേള്‍ക്കുന്ന ഒരു കരച്ചില്‍ ഇപ്പോള്‍ ഡിസംബറില്‍ മനസ്സിലേക്കു വന്നു വീഴുന്നുണ്ട്‌. ലോകത്തെ ഏറ്റവും മനോഹരമായ രാവു നെഞ്ചിലേറ്റുന്ന മാസം. കാലിത്തൊഴുത്തില്‍ നക്ഷത്രം പൂത്തിറങ്ങിയ  കാലം. ത്യാഗവും നന്മയും കൊണ്ടു മനുഷ്യനെ കാരുണ്യമുള്ളവരാക്കാന്‍ കഴിയുമെന്നു പ്രവചിച്ച വേള. ആളുകള്‍ പ്രാര്‍ഥനയിലൂടെയും സഹനത്തിലൂടെയും  മാനവികതയുടെ വരവ് ആഘോഷിക്കുന്നു. അനീതികള്‍ ഉണ്ടാകാന്‍ പാടില്ലാത്ത വിധം നിര്‍മ്മലമാകണം നമ്മുടെ ജീവിതം എന്ന് ഓരോരുത്തരും ആഗ്രഹിക്കുന്നു.

തണുത്ത ഋതുവിന്‍റെ കണ്‍മുന്നിലേക്കാണ് നിസ്സഹായയായ ഒരു പെണ്‍കുട്ടിയുടെ ശിഥിലമാക്കപ്പെട്ട ശരീരം ചെന്നു  വീണത്‌. അവളുടെ ചങ്ങാത്തത്തിന്‍റെ തീരുമാനം നല്ലൊരു സിനിമ കാണുക ഒന്നിച്ചു കാണുക എന്നതായിരുന്നു. അങ്ങനെ ചെറുപ്പത്തിന്‍റെ സ്വപ്‌നങ്ങളില്‍ ഒന്നിച്ചു യാത്ര ചെയ്താണ് അവര്‍ ഇരുട്ടിലേക്ക് ചീറി വന്ന ആ ബസ്സിനു കൈ കാണിച്ചത്. പിന്നെ സംഭവിച്ചതെല്ലാം നമുക്കറിയാം  അഥവാ സ്വതന്ത്രഇന്ത്യയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒന്ന് സംഭവിച്ചു. പെണ്‍കുട്ടികളുടെ സുരക്ഷ എന്നത് ആരുടെ ഉത്തരവാദിത്തം എന്ന ചര്‍ച്ചയായിരുന്നു എങ്ങും. കൂട്ടുകാരനുമൊത്തുള്ള യാത്ര മുതല്‍ വസ്ത്രധാരണ രീതിവരെ കുറ്റക്കാരായി. ഒത്തിരിക്കാലത്തിനു ശേഷം, പെണ്‍കുട്ടികളെ  നേരത്തെ കെട്ടിച്ചുവിട്ടാല്‍ എല്ലാ പ്രശ്നവും തീരുമെന്നുള്ള തീര്‍പ്പുകളും ഉണ്ടായി!

കുഞ്ഞുന്നാളില്‍ പാടവും തൊടിയും കടന്ന് ഒറ്റയ്ക്ക് അകലെയുള്ള പ്രൈമറി സ്കൂളില്‍ പോയി പഠിച്ചതോര്‍ക്കുന്നു. പാടത്തു പണിയെടുക്കുന്നവരും വഴിയില്‍ കാണുന്നവരും കുശലം ചോദിക്കും.വീട്ടുകാരെ ചോദിക്കും. നന്നായി പഠിക്കണമെന്നു പറയും. ചിലര്‍ തെളിഞ്ഞ ഒരു പുഞ്ചിരി നല്‍കി കടന്നു പോകും. കൊമ്പു കുലുക്കി നില്‍ക്കുന്ന പയ്യിനെയോ എതിരെ ഓടി വരുന്ന നായയെയോ പേടിച്ചാല്‍ കൈ പിടിച്ചു  ഭയത്തെ ഓടിച്ചു കളയും. അവര്‍ക്ക് ജാതിയും മതവും മുഖവും ഉണ്ടായിരുന്നില്ല. എല്ലാവരും സംസാരിച്ചിരുന്നത് സ്നേഹത്തിന്‍റെ ഭാഷയും.

പക്ഷെ മെല്ലെ മെല്ലെ വഴികള്‍ ചുരുങ്ങി. പാടങ്ങള്‍ ഇല്ലാതായി. കൂറ്റന്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നു. തൊട്ടടുത്തുള്ളവരെ കണ്ടാല്‍ അറിയാതെയായി. മരണവും കല്യാണവും പോലും പരസ്പരം പറഞ്ഞില്ല. അതൊക്കെയാണല്ലോ സാമൂഹിക ചടങ്ങുകൾ. അവയില്‍ നിന്നൊക്കെ ഒഴിവാകാന്‍ തുടങ്ങിയതോടെ മനുഷ്യര്‍ ഓരോ തുരുത്തായി. ഇതൊക്കെ നാം ഇപ്പോള്‍ എന്നും കേള്‍ക്കുന്ന പരിദേവനങ്ങൾ. ചിത്രങ്ങളെഴുതി ഒരു പുഴ പോകുന്നതു നോക്കി നിന്ന് സമയത്തിനു സ്കൂളില്‍ എത്താതിരുന്നിട്ടുണ്ട്. പുഴ ഇല്ലാതായതോടെ സ്വപ്‌നങ്ങള്‍ പുഴക്കര കടന്നു. പ്രകൃതിയുടെ വിനാശം മനുഷ്യരെ  പ്രകോപിപ്പിക്കുമോ? എന്നു വേണം കരുതാന്‍. അങ്ങനെ പ്രകൃതിയും മനുഷ്യനും ഇല്ലാതായ കാലത്ത് ഒരു പെണ്‍കുട്ടിയുടെ ജീവിതം "എനിക്ക് ജീവിക്കണം, എനിക്ക് ജീവിക്കണം" എന്നു കേഴുന്ന അവസ്ഥയിലേക്ക് വീഴുന്നു, ശരീരമാകെ തുളകളുമായി അവള്‍ ജീവന്‍ രക്ഷോപാധികളെ വെല്ലുവിളിക്കുന്നു. ഒടുവില്‍ മരണം അവളെ കട്ടെടുക്കുകയും ചെയ്യുന്നു. രാത്രിയും യാത്രയും അവളുടേതല്ലാതാകുന്നു. ഇങ്ങനെ ഒരുവള്‍ വധിക്കപ്പെട്ടിട്ടും കഴിഞ്ഞ ഡിസംബര്‍ മുതലുള്ള ബലാല്‍സംഗ, സ്ത്രീഹത്യക്കണക്കുകള്‍ പരിശോധിച്ചാല്‍ ഇത്തരം കുറ്റങ്ങള്‍ ഇല്ലാതാക്കാനുള്ള നമ്മുടെ ഇടപെടലുകളുടെ ജാഗ്രത മനസ്സിലാകും. ഡല്‍ഹി പെണ്‍കുട്ടിയ്ക്കായി കൈയ്യിലൂടെ ഉരുകി വീഴുന്ന മെഴുകുതിരിപ്പാടുകള്‍ സൃഷ്ടിച്ച പൊള്ളലുകള്‍ ഉണങ്ങുന്നതിന് മുന്‍പേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു. "ഇരകൾ" മൊഴി കൊടുത്തും ആശുപത്രികളില്‍ വിവിധ പരിശോധനകളില്‍ പുളഞ്ഞും വലയുമ്പോള്‍ ആരൊക്കെയോ പണവും കയ്യൂക്കും ഉപയോഗിച്ച് രക്ഷപ്പെടുകയാണ്. കോടതിയും ഒച്ചിഴയും പോലെയുള്ള അതിന്‍റെ നടപടിക്രമങ്ങളില്‍ സംതൃപ്തമാണ്.

കേരളത്തില്‍ ഏറെ പഠനങ്ങള്‍ക്ക് വിധേയമാകേണ്ടി വരുന്നതാണ് കുട്ടികളോട് മാതാപിതാക്കള്‍ കാട്ടുന്ന ക്രൂരത. കുഞ്ഞുങ്ങള്‍ നിസ്സഹായർ, എന്ത് ആരു കാട്ടിയാലും കരയാന്‍ പോലും ഭയന്ന് അവര്‍ ജീവിക്കും. അച്ഛന്‍, അമ്മ എന്നീ പദങ്ങളും മലയാളി പണത്തിനു അടിയറ വച്ചുവോ? ഷഫീക് അബോധാവസ്ഥയില്‍ നമ്മോടു പറഞ്ഞതാണത്. അസൌകര്യമാകുന്നു കുട്ടികളെങ്കില്‍ കൊന്നൊഴിക്കുക തന്നെ എന്ന തീരുമാനം. അക്കൂട്ടത്തില്‍ നമ്മെ ഏറ്റവും ഞെട്ടിച്ച വാര്‍ത്തയാണ് ഒരു പെണ്‍കുരുന്നിനെ രണ്ടു നരാധമന്‍മാര്‍ക്ക് വിട്ടു കൊടുത്ത് അവസാനിപ്പിച്ച കഥ. എന്താണ് ആ അമ്മയുടെ പ്രലോഭനം? വളര്‍ന്നു വരുമ്പോള്‍ മകള്‍ തനിക്കു ഭാരമാകുമെന്നോ അതോ  അവളെ ഒഴിവാക്കിയാല്‍ കൂടുതല്‍ സുഖസൌകര്യങ്ങളിലേക്ക് തന്‍റെ വഴി തുറക്കുമെന്നോ?അറിയില്ല. എതൊരമ്മയ്ക്കാണ് മകള്‍ ഇങ്ങനെ പിടഞ്ഞു മരിക്കുന്നത് കണ്ടു നില്‍ക്കാന്‍ ആവുക? ചരിത്രവും അനുഭവവും പകര്‍ന്ന അറിവ് കുട്ടികള്‍ക്ക് വേണ്ടി ജീവന്‍ വെടിയുന്ന അമ്മമാരെക്കുറിച്ചാണ്. ഉപഭോഗകാലത്ത് മാതൃസ്നേഹവും മുലപ്പാലില്‍ വിഷം ചേര്‍ക്കുന്നോ? ഒരു പക്ഷെ ആ സ്ത്രീ നിരന്തരം ഭീഷണിക്ക് വഴങ്ങിയതുമാവാം. എങ്കില്‍ ഒരു ഇര എന്ന നിലയില്‍ അവര്‍ക്കെന്താണ്‌ ചെയ്യാനുണ്ടായിരുന്നത്? സമൂഹത്തിന്‍റെ നോട്ടം അവരില്‍ പതിയേണ്ടിയിരുന്നില്ലേ? ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്ന ഇത്തരം സംഭവങ്ങളുടെ പുറത്തിരുന്നാണ് നാം ഇതൊക്കെ എഴുതുന്നത്. ചിലപ്പോള്‍ സമൂഹം ഒരു വലിയ കള്ളമാണ്. അത് ആരേയും  പരിഗണിക്കില്ല. പതിനൊന്നു വയസ്സുള്ള മകന്‍ മൂന്നു വര്‍ഷമായി സ്വവര്‍ഗരതിക്കാരന്‍റെ കെണിയിലാണെന്ന് തിരിച്ചറിഞ്ഞ ഒരമ്മയെക്കണ്ടു. അവര്‍ അത് വിശ്വസിച്ചില്ല. "ഞാനെന്നും ഊട്ടുന്ന, എന്‍റെ ഒപ്പം ഉറക്കുന്ന, കുളിപ്പിക്കുന്ന എന്‍റെ മകന്‍റെ ശരീരം ഇങ്ങനെ പിച്ചിച്ചീന്തപ്പെടുകയായിരുന്നുവെന്നു എന്തുകൊണ്ട് ഇത്രയും നാള്‍  എനിക്ക് മനസ്സിലാക്കാനായില്ല" എന്നായിരുന്നു ആ അമ്മയുടെ നെഞ്ചു പൊട്ടിയ ചോദ്യം. ഒരേ കൂരക്കു കീഴിൽ, കിടക്കയില്‍ തൊട്ടുതൊട്ടുറങ്ങുമ്പോഴും മക്കളുടെ ഹൃദയത്തുടിപ്പുകള്‍ നമ്മുടെ മനസ്സില്‍ നിന്നും ഊര്‍ന്നു പോകുന്നുണ്ടോ, ഈ ചെകുത്താന്‍ കാലത്ത്?

നമ്മള്‍ വലിയ വീടുണ്ടാക്കുന്നു. അടുത്ത തലമുറയ്ക്ക് ജീവിക്കാന്‍ കണക്കാക്കി ഇപ്പോഴേ എല്ലാം സൂക്ഷിക്കുന്നു. പക്ഷെ പുറംതോട് മാത്രമായ കുറേക്കുഞ്ഞുങ്ങള്‍ നമ്മെ വേട്ടയാടുമ്പോള്‍ കണക്കുപുസ്തകം വീണ്ടും പരിശോധിക്കേണ്ടി വരുന്നു. ആഹ്ലാദങ്ങളില്ലാത്ത ബാല്യവും വിദ്യാഭ്യാസവും സ്നേഹനിരാസവും മുതിര്‍ന്നവരുടെ അശ്രദ്ധയുമാണോ നമ്മുടെ കുഞ്ഞുങ്ങളെ  ജീവിതത്തില്‍ നിന്നും അകറ്റുന്നത്. "പേടി" എന്ന വാക്കാണ്‌  കുട്ടിക്കാലം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്‌. മാനസികാരോഗ്യമെന്നത് ഇപ്പോഴും ചര്‍ച്ച ചെയ്യാന്‍ മാത്രമുള്ള വിഷയമായി മാറുന്നു. പല കുട്ടികളുടെയും വീടുകള്‍ അശാന്തമാണ്. "ഇപ്പോള്‍ കുഴപ്പമില്ല.നന്നായി ഉറങ്ങാം, അച്ഛന്‍ ജയിലിലാണ്" എന്നു പറയുന്ന ഒന്‍പതുകാരന്‍ കേരളം തിളങ്ങാനുള്ള വഴിയിലെ മുത്തല്ല. അവന്‍റെ കണ്ണില്‍ നിന്നും തീ പൊഴിയുന്നു, ഏതു തണുപ്പിലും. അതു പൊള്ളിക്കുന്നത് നമ്മുടെ തൊലിയാണ്. അവ വ്രണമായി വലിപ്പം വയ്ക്കുന്നു.

കുട്ടികളെ നശിപ്പിക്കുന്ന, സ്ത്രീകളെ ഇല്ലാതാക്കുന്ന  ഒരാള്‍ക്കൂട്ടം ലക്‌ഷ്യം വയ്ക്കുന്നത് രാജ്യത്തിന്‍റെ തകര്‍ച്ചയെത്തന്നെ. സ്ത്രീകളുടെ സുരക്ഷക്കായി മാറ്റിവച്ച നിര്‍ഭയഫണ്ടില്‍ നിന്നും ഇതേവരെ ചില്ലിക്കാശുപോലും ചെലവഴിച്ചില്ല എന്ന നടുക്കുന്ന സത്യവും ഈ ദിനത്തില്‍ നാം അറിഞ്ഞു. സൌമ്യയും സ്മിതയും ജ്യോതിയും പേരറിയാത്ത അനേകരും ജീവന്‍ കൊടുത്തത്‌ അവര്‍ പെണ്‍ശരീരങ്ങളായിപ്പോയി എന്നതു കൊണ്ടാണ്. ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമിമാര്‍ക്ക്  ഇരട്ടലിംഗമുണ്ടെന്നു  കേരളം തിരിച്ചറിഞ്ഞു. അവര്‍ക്ക് ഇരുട്ടിലും തിളങ്ങുന്ന കണ്ണുകളും ഉണ്ട്. അവരതു തുറന്നു പിടിച്ചിരിക്കുന്നു. ആ ആസക്തികളിലേക്ക് ഇരയായിപ്പോകാം.

രാവിന്‍റെ മൂര്‍ച്ച കൂടുന്നു. ഇടയന്മാര്‍ യാത്ര തുടങ്ങി. ഭുമിയില്‍ എവിടെയോ സ്നേഹത്തിന്‍റെ മണി മുഴങ്ങാന്‍ തുടങ്ങിയിരിക്കുന്നു. അവര്‍ വാസനത്തൈലങ്ങളും സമ്മാനങ്ങളും കരുതി. ആ കാലിത്തൊഴുത്ത് അവര്‍ക്കായി കാത്തിരിക്കുകയാണ്, പല നിറങ്ങളിൽ, പേരുകളിൽ. സമാധാനത്തിന്‍റെ ചിറകുകള്‍ ഭുമിയില്‍ മുളച്ചിട്ടും എന്തു കൊണ്ടാണ് ഇവിടെ ഇപ്പോഴും തീ മഞ്ഞു പെയ്യുന്നത്?

Comments

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code