ലേഖനം


വരുമോരോ ദിനം .....

വി എസ് ബിന്ദു
ഇന്നത്തെ ദിനത്തിന് എന്താണു പ്രത്യേകത?
ഭൂമിയുടെ ഭ്രമണത്തിനും സൂര്യന്റെ വരവിനുമപ്പുറം ഓരോ ദിനവും നമുക്കു പ്രസക്തമാകുന്നത് അവ നമ്മുടെ ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനം കൊണ്ടാണ്. പൊള്ളിയ്ക്കുന്ന ഓർമ്മകളായും ഉള്ളം കുളിർപ്പിയ്ക്കുന്ന അനുഭവങ്ങളായും അവ വന്നെത്തുന്നു. സ്വീകരിച്ചാലും ഇല്ലെങ്കിലും ഹൃദയത്തിൽ എന്തോ കൊത്തി വയ്ക്കുന്നു. ദിനപ്പത്രങ്ങളിൽ ചൂണ്ടിക്കാട്ടപ്പെടുന്ന ദിനങ്ങൾക്ക് ചരിത്രപരമായ സവിശേഷതകൾ ഉണ്ടാകും. അവ ലോകം മുഴുവൻ ഓർക്കുന്ന ദിനങ്ങളാണ്. മാതൃദിനം ലോകമെങ്ങും അത്യാഹ്ലാദത്തോടെ കൊണ്ടാടി. സോഷ്യൽ മീഡിയയിൽ ആളുകൾ അമ്മമാരുടെ പ്രകീർത്തനങ്ങൾ കൊണ്ടു പുതിയ ലോകം ചമച്ചു. ചിലരാകട്ടെ, അമ്മയെ ഓർക്കാൻ ഒരു ദിനം വേണമോ എന്നു ചോദിച്ചു. അതു പ്രസക്തമാണ്. അമ്മ നമ്മുടെ ജീവിതം തന്നെയാണ്.

ഒരായുസ്സു മുഴുവൻ നെഞ്ചേറ്റി ലാളിച്ചു വളർത്തി നമ്മെ വലുതാക്കിയവൾ. അവൾക്കായി ഒരു ചുംബനം, ഒരു സമ്മാനം. കഠിനമായ തിരക്കിനിടയിൽ ഓടിക്കിതച്ചെത്തി ഒപ്പമിരുന്നു ഭക്ഷണം, അകലെയാണെങ്കിൽ ഒരു ഫോൺകോൾ, എല്ലാം സാദ്ധ്യമാകുന്നു ഈ ദിനത്തിൽ എന്നതാണു പ്രത്യേകത. ഒന്നും മാറ്റി വയ്ക്കപ്പെടുന്നില്ല. ജന്മദിന ആശംസകൾ പോലെ. ഒരാൾ തന്റെ അമ്മയുടെ എൺപതു വർഷം മുൻപുള്ള ഫോട്ടോ തപ്പിയെടുക്കുന്നു. ഇരട്ടവാലൻ കരണ്ടതും മങ്ങിയതും പുരാതനസൌന്ദര്യം പ്രകാശിപ്പിയ്ക്കുന്നതുമായ ആ ചിത്രം ആഹ്ലാദത്തോടെ പ്രദർശിപ്പിയ്ക്കുന്നു. വിട്ടുപിരിഞ്ഞുപോയവരെക്കുറിച്ച് ഓർമ്മകൾ പങ്കുവയ്ക്കുന്നു. അങ്ങനെ സൌരഭ്യമുള്ള ചിന്തകളാണ് മാതൃദിനം നൽകിയത്. വരുംവർഷങ്ങളിൽ കൂടുതൽ ആഴത്തിലുള്ള സന്ദേശമായി ഇതു മാറിയിരിയ്ക്കും. മദ്ധ്യവർഗ്ഗകുടുംബങ്ങളിലോ അതിലുമുയർന്നവരിലോ ആകാം ഇത്തരം ആഘോഷങ്ങൾ വളർന്നു വലുതാകുക.

അയൽ വീടുകളിൽ പണിയെടുത്തും പുല്ലരിഞ്ഞും ഇപ്പോഴും വാർദ്ധക്യം താണ്ടുന്ന അനേകം അമ്മമാരുള്ള നാടാണിത്. അവരുൾപ്പെട്ട ലോകം ഇത്തരം സൌഹൃദങ്ങൾക്കു പുറത്തല്ലേ എന്നതാണു ചോദ്യം. ഉപേക്ഷിയ്ക്കപ്പെട്ടവർ ഉറ്റവരുടെ വരവിനായി കാത്തിരിയ്ക്കുന്നു. ആരും വരുന്നില്ല. ചിലരാകട്ടെ തങ്ങളെ പരിചരിയ്ക്കാൻ നിയുക്തരായവരോട് മക്കളെക്കുറിച്ചു ചോദിച്ചുകൊണ്ടേയിരിയ്ക്കുന്നു. ആരും വരുന്നില്ല. ഇനിയുമൊരുവൾ മാതൃദിനത്തിൽത്തന്നെ തെരുവിൽ ഉപേക്ഷിയ്ക്കപ്പെടുന്നു. ഒരമ്മ വാർദ്ധക്യത്തിൽ ബലാൽക്കാരം ചെയ്യപ്പെടുന്നു. എവിടെ മാതൃദിനത്തിന്റെ സ്നേഹസന്ദേശം? അങ്ങനെയുള്ളവരുടെ ജീവിതത്തിന്റെ ബാലൻസു തെറ്റിയ്ക്കുന്ന ഈ ദിനം ഇന്നത്തെ രീതിയിലാണോ ആഘോഷിയ്ക്കപ്പെടേണ്ടത്? വീടുകളുടെ പൂമുഖങ്ങളിൽ വന്നിരിയ്ക്കാൻ അനുവാദമില്ലാത്ത വയസ്സരെ കണ്ടാണ് നമ്മുടെ കുട്ടികൾ വളരുന്നത്. ആരുടെ കനത്ത തീരുമാനങ്ങളാണോ നമ്മെ മുന്നോട്ടു നയിച്ചിരുന്നത്, അവരുടെ ശബ്ദം പോലും നമ്മെ ഇപ്പോൾ അസഹ്യരാക്കുന്നു. വാർദ്ധക്യം ഒരവസ്ഥയാണ് എന്നു തിരിച്ചറിയാതെ അതൊരു രോഗമാണെന്നു കരുതുന്ന വിചിത്രാനുഭവങ്ങൾ. ബില്ലടയ്ക്കാതെ ആശുപത്രിയിൽ നിന്നു മുങ്ങിക്കളയുകയോ ആശുപത്രിവരാന്തയിൽ അവരെ ഉപേക്ഷിച്ചു പോകുകയോ ചെയ്യുന്നവർ ധാരാളം എന്നു ഡോക്ടർ പറയുന്നു.

ആരോഗ്യമുള്ള മാതാവിനോ പിതാവിനോ മാത്രമുള്ളതല്ല, മാതൃദിനവും പിതൃദിനവും. മാതൃത്വത്തെ ബലപ്പിച്ചു സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്ന വാദം കേൾക്കുന്നു. കുട്ടികളുടെ എല്ലാ ഉത്തരവാദിത്വവും അമ്മമാർ ഏറ്റെടുക്കേണ്ടി വരുന്നു എന്നതിനാലാവുമത്. അല്ലെങ്കിൽ അമ്മയാകാതെ ജീവിയ്ക്കുന്നത് ഏറ്റവും മോശമായ അവസ്ഥയാണ് എന്നതിനെക്കുറിച്ചുമാകാം. പക്ഷേ ഇവ രണ്ടുമല്ല മാതൃത്വത്തെ മാനിയ്ക്കണം എന്നു പറയുന്നത്. സ്ത്രീയുടെ ഈ ശാരീരികാവകാശത്തെ അന്തസ്സോടെ കാണാൻ കഴിയണം. ഏതു പ്രതിസന്ധിയിലും സ്വന്തം കുഞ്ഞിനെ ഏതു ജീവിയും സംരക്ഷിയ്ക്കുന്നതു പ്രകൃതിയിൽ കാണാം. അതൊരു മാതൃബോധമാണ്. അതു പിന്നീട് സാർവ്വലൌകികമായ ബോധമായി മാറുന്നതാണ് ലോകത്തിന്റെ സ്നേഹപാഠം.

നഷ്ടപ്പെടുന്ന മൂല്യബോധങ്ങളെക്കുറിച്ചു വാ കീറിപ്പറയുന്നവർ ജാതിമതത്തിനെതിരേയുള്ള സമരങ്ങൾ മുഖ്യധാരയിൽ തുടങ്ങുന്നതിനു മുൻപേ എല്ലാം അവഗണിച്ച്, സ്വന്തം കൈകൊണ്ട് എല്ലാവർക്കും ഭക്ഷണം വിളമ്പിക്കൊടുക്കുന്ന അടുക്കളകളിലാണ് ആദ്യം സമത്വബോധമുണ്ടാക്കിയ വിപ്ലവങ്ങൾ നടന്നത് എന്നു കാണുന്നില്ല. മാതൃദിനം ഒരു പ്രദേശത്തെ സാംസ്കാരികാനുഭവമായി മാറണം. അത് എല്ലാ സ്ത്രീകളേയും പരിഗണിച്ചുമാവണം. പെറ്റമ്മമാരെക്കാൾ പോറ്റമ്മമാർ സ്നേഹത്തിന്റെ മുദ്രകളാകുന്നതും നാം കാണുന്നതാണ്. ഓരോ അമ്മയും ഓരോ കാവ്യം ഉള്ളിലെഴുതുന്നുണ്ട്. അതിൽ ഭൂമിയുടെ സമവാക്യമുണ്ട്. ഒരു ചീരത്തൈയ്യോ ഒരു പക്ഷിക്കുഞ്ഞോ ആ കൈക്കുള്ളിൽ വളരുന്ന അതേ പ്രക്രിയ. അല്ലെങ്കിൽ ദിനങ്ങൾ പേരുകളിൽ ഒതുങ്ങുകയേ ഉള്ളു.

ഹിരോഷിമയും നാഗാസാക്കിയും ഒരിക്കലും ആവർത്തിയ്ക്കാതിരിയ്ക്കാൻ കുരുന്നുകൈകൾ പറത്തുന്ന സദാക്കോ കൊക്കുകൾ നമുക്കു നൽകുന്ന സന്ദേശം പോലെ മനോഹരമാകണം അത്. പച്ചപ്പുകളാൽ നേരു നുണയുന്ന പ്രകൃതിയുടെ സൌന്ദര്യമാകണം അത്. ഒരമ്മയ്ക്ക് മകനോ മകളോ ആരുമോ എഴുതുന്ന കത്തുകൾ വിലാസം തെറ്റി നഷ്ടമാകാതെ അവർക്കു തന്നെ ലഭിയ്ക്കുമ്പോളുണ്ടാകുന്ന സന്തോഷമാകണം അത്. പുരാണങ്ങളിലും ചരിത്രത്തിലും നിരവധി അമ്മമാരുടെ വീരഗാഥകളുണ്ട്. ചോരയിലും കണ്ണീരിലും പതറാതെ മുന്നോട്ടു നീങ്ങിയ ധൈര്യമാണത്. ആയതിനാൽ ദിനാഘോഷങ്ങൾ വെറും ആഘോഷങ്ങളല്ല തന്നെ.

Comments

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code