കഥ


ഇമ്മിണി ബല്യ പ്രാണൻ

കവിത നായർ
നേരം പരപരാന്നു വെളുത്തുവരുന്നു...ചാണകം മെഴുകിയ ചായ്പ്പിന്റെ ഒരു മൂലയിൽ, കീറിപ്പറഞ്ഞ ഒരു കരിമ്പടത്തിന്നടിയിൽ നിന്നും ഒരു കുഞ്ഞു പാദം പുറത്തേയ്ക്കു വന്നു. ചെറിയ ഞരങ്ങലോടെ, അതിനേക്കാൾ പതുക്കെ, അതേ കുഞ്ഞുവിരലുകൾ അകത്തേയ്ക്കു വലിഞ്ഞു. കുറേക്കഴിഞ്ഞ് അടുത്തുള്ള ഏതോ അമ്പലത്തിൽ പാട്ടുണർന്നു. സുപ്രഭാതം. കറുത്ത കരിമ്പടത്തിന്റെ ചൂടുപറ്റിക്കിടന്നിരുന്ന കുഞ്ഞുമിഴികൾ മെല്ലെത്തുറന്നു. ഓട്ടകൾക്കിടയിലൂടെ മുന്നിൽക്കാണുന്ന പാടത്തിനു മുകളിൽ മഞ്ഞു കെട്ടിക്കിടന്നു.

കുളിരു കോരിയിട്ടു...കണ്ണടച്ചു ദേഹം ചുരുട്ടിയൊതുക്കി... മിന്നൽ പോലൊരു വേദന.

“അമ്മേ!!!”

തണുപ്പു കുറഞ്ഞു. അമ്മ വന്നില്ലെങ്കിലും മുടങ്ങാതെ വരുന്ന സൂര്യൻ വന്നു. കരിമ്പടം പതിയേ കൈകൊണ്ടു മാറ്റിയിടണം, പക്ഷേ പറ്റില്ല. കുഞ്ഞിക്കണ്ണുകൾ ആരെയോ നോക്കി കരിമ്പടത്തിനുള്ളിൽ കിടന്നു. എന്നും ഇതേ സമയത്തു മുറ്റത്തൂടെ കിടാവിനേയും കൊണ്ടു പോകുന്ന അപ്പൂപ്പൻ...വെള്ളക്കൊക്കുകൾ അത്രയും വന്നു പോയിട്ടും ഇതേ വരെ വന്നിട്ടില്ല. കണ്ണുകൾ രണ്ടും അതേ കോണിലേയ്ക്ക് ഉറപ്പിച്ചു നിർത്തി.

അകത്ത് എന്തോ താഴെ വീണു. കുഞ്ഞിക്കണ്ണുകൾക്ക് സർവ്വപ്രതീക്ഷയും നഷ്ടപ്പെട്ട പോലെ. ഓല കൊണ്ടുള്ള വാതിൽ മാറ്റി ഒരു രൂപം പുറത്തിറങ്ങി. ബീഡിയും വലിച്ചു കാർക്കിച്ചു തുപ്പി അയാൾ കൊച്ചുതൂണിൽ ചാരി നിന്നു.

ഒന്നു പോയിരുന്നെങ്കിൽ...

ഇല്ല...പകരം അതേ കാലുകൾ നടന്നടുത്തു വന്നു.

ശ്വാസം അടക്കിപ്പിടിച്ച്...

“ബ്ഫൂ...നാശം...നാറീട്ടു വയ്യ!!”

പിന്നെയൊരു നിമിഷം...കരിമ്പടം പറിച്ചെടുത്തുമാറ്റി ഒരേറു കൊടുത്തു, അയാൾ. തിരിഞ്ഞുപോലും നോക്കാതെ ലുങ്കി മടക്കിക്കുത്തിയിറങ്ങി.

കുഞ്ഞിക്കണ്ണുകൾ.

ഞാൻ പെൺകുട്ടിയാണ്...ദേഹം നിറയെ കരപ്പൻ. അങ്ങിങ്ങായി എല്ലായിടവും പൊട്ടിയൊലിയ്ക്കുന്നു. ഓർമ്മയുള്ളപ്പോൾ മുതൽ ഞാനീ ചായ്പ്പിന്റെ മൂലയിലാണ്. അസുഖം മാറി കുറേ നാൾ മുൻപ് മുറ്റത്തു കളിച്ചിട്ടുണ്ട്. പിന്നേം കിടപ്പിലായി. ആദ്യമൊക്കെ അമ്മ കഷായം കൊണ്ടുക്കൊടുത്തിരുന്നു. ഇപ്പോ ആരേയും കാണാറില്ല. ഒരീസം അപ്പൂപ്പൻ പറഞ്ഞിരുന്നു...അമ്മ ഒരു കുഞ്ഞനിയനേം കൊണ്ടു വരുംന്ന്. ചിലപ്പോ എന്റെ ദീനം കാരണം ഇങ്ങു വരാത്തതാവോ...അറിയില്ലാ...

ഇപ്പോ സംസാരിയ്ക്കാനോ കരയാനോ പറ്റില്ല...വേദന. വിശപ്പുണ്ടാരുന്നു...അപ്പോ കരയുവാരുന്നു...

പിന്നെപ്പിന്നെ...വേദന കൂടി. കരച്ചിലു കുറഞ്ഞു. കുഞ്ഞിക്കണ്ണുകൾ മാത്രം നടക്കും...മുന്നിലുള്ള പാടത്തും ആകാശത്തും...രാത്രി വരെ. മൂന്നു ദിവസം മുന്നേ കിടാവിനെ കെട്ടാൻ കൊണ്ടോന്നപ്പോ ചൂടുവെള്ളത്തിലു തുണിമുക്കി അപ്പൂപ്പൻ ദേഹം തുടച്ചു തന്നു. ശബ്ദമില്ലാതെ കരഞ്ഞു...

ഏറ്റവും പേടി എന്നെ തിന്നാൻ വരുന്ന ഉറുമ്പുകളെയാ. ആദ്യമൊക്കെ നീക്കിനീക്കി വിടുമാരുന്നു. ഇപ്പോ തോന്നാറില്ല. ഉറുമ്പുകൾക്ക് എന്നെ വേണം...തേടി വരും...മുടങ്ങാതെ. എന്റെ ദേഹത്തെ പൊറ്റനൊക്കെ പെറുക്കിയെടുത്തു വരിവരിയായി പൊയ്ക്കോളും. ഒരിയ്ക്കൽ കൺപോളകളിലൂടെ ഉറുമ്പുകൾ കയറി...എന്തോ പോലെ. തല കുലുക്കിയിട്ടും താഴെപ്പോണില്ല. കടിച്ചു...ശ്വാസം മുട്ടി അലറി. അവറ്റകൾ പോയില്ല. പിടിച്ചു തൂങ്ങിക്കിടന്നു. അന്നുമുതൽ എനിയ്ക്കു വേദനയില്ല. ഉറുമ്പുകൾക്കും പ്രാണനുണ്ടെന്നാ അപ്പൂപ്പൻ പറയുന്നേ.

എന്നെപ്പോലെ അവറ്റകൾക്കും വേദനയുണ്ട്. വിശപ്പുണ്ട്.

രണ്ടു ദിവസമായി കണ്ണു തുറക്കാൻ വയ്യ. പേടിയുണ്ട്...കാരണം നാളെ മുതൽ എനിയ്ക്കൊന്നും കാണാൻ പറ്റില്ല. ഉറുമ്പുകളേയും. എന്റേത് ഇമ്മിണി ബല്യ പ്രാണൻ ആയകൊണ്ടാണ് ഇത്ര നാളും ഞാൻ കണ്ണു തുറന്നിരുന്നത്.

കുഞ്ഞിക്കണ്ണുകൾ മെല്ലെയടഞ്ഞു.

 

 

 

Comments

 
കീർത്തി     2014-06-23 10:16:01
നന്നായിട്ടുണ്ട്
 

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code