ലേഖനം


സ്നേഹത്തിന്‍റെ പ്രസക്തി

ജോണ്‍ കോല്യാവ്
"ഒരൊറ്റ മതമു,ണ്ടുലകിന്നുയിരാംപ്രേമമതൊന്നല്ലോ
പരക്കെ നമ്മെപ്പാലമൃതൂട്ടും പാര്‍വ്വണ ശശിബിംബം
ഭക്ത്യനുരാഗദയാദിവപുസ്സപ്പരാത്മ ചൈതന്യം
പലമട്ടേന്തിപ്പാരിനതെങ്ങും പ്രകാശമരുളുന്നൂ.’'
(മഹാകവി ശ്രീ. ഉള്ളൂര്‍)

ഭാരതമുള്‍പ്പെടെ മിക്ക രാജ്യങ്ങളിലെയും ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പല പ്രശ്നങ്ങളുടെയും മൂലകാരണം സ്നേഹമില്ലായ്മയാണ്. അതിന്‍റെ ചില വശങ്ങളെക്കുറിച്ചുള്ള ഒരു വിശകലനമാണ് ഈ ലേഖനം.

പണ്ട്,ക്രിസ്തുവിനും മുന്‍പ്, ഡയോജെനീസ്1* എന്നൊരു തത്ത്വചിന്തകന്‍ ഏതെന്‍സിലെ തെരുവിലൂടെ പട്ടാപ്പകല്‍ വിളക്കുമായി നടന്ന കഥ പലരും കേട്ടിട്ടുണ്ടാവും. അദ്ദേഹം പ്രതീകാത്മകമായി തിരഞ്ഞത് ഒരു സത്യസന്ധനെയാണ്. തത്ത്വചിന്ത അധഃപതിച്ച്‌, സാങ്കേതികത കൊടികുത്തി വാഴുന്ന ഈ കാലഘട്ടത്തില്‍ അങ്ങനെയൊരു പ്രവൃത്തി രാജ്യസ്നേഹിയായ ഒരു ഭാരതീയനും ചെയ്യില്ലായിരിക്കാം. ചെയ്‌താല്‍? ഒരു യഥാര്‍ത്ഥ ഭാരതീയനെ തിരഞ്ഞാല്‍? എളുപ്പം കണ്ടെത്തുമോ? സ്വന്തം നാടിന്‍റെ മാനം കാക്കാന്‍ അതിര്‍ത്തികളില്‍ ജീവന്‍ പണയംവച്ചു പോരാടുന്ന ജവാന്മാരുടെ കൂട്ടത്തില്‍ കുറേപ്പേരെ കണ്ടു മുട്ടാനായേക്കും. അവരുടെ ത്യാഗത്തിന്‍റെ തണലില്‍ ഉണ്ടുറങ്ങി സുഖമായി ജീവിക്കുന്നവരില്‍ എത്രപേരുണ്ട്‌?

കാണാം നാഗന്മാരെ, ബംഗാളികളെ, ആസാമികളെ, ഗുജറാത്തികളെ, തമിഴരെ, തെലുങ്കരെയൊക്കെ. കാണാം ഹിന്ദുക്കളെ, മുസ്ലീങ്ങളെ, ക്രിസ്ത്യാനികളെ, സിഖുകാരെ, പാര്‍സികളെയെല്ലാം! കുറേക്കൂടി സൂക്ഷിച്ചു നോക്കിയാല്‍ ഇവരിലെത്തന്നെ പലപല ഉപ വിഭാഗങ്ങളെയും കാണാം. സ്വാതന്ത്ര്യസമരകാലത്തുണ്ടായിരുന്ന ഐക്യബോധമോ പിന്നീടു കുറെയെങ്കിലും കൈവന്ന നാനാത്വത്തിലെ എകത്വമോ ഒന്നും ഇപ്പോഴില്ല. സങ്കുചിത ചിന്തകളാലുള്ള അസഹിഷ്ണുതയും പരസ്പരവിദ്വേഷവുമാണ് ഇന്ന് പലരുടെയും കണ്ണുകളില്‍ ജ്വലിക്കുന്നത്. പിടിച്ചുപറിക്കാന്‍, കടിച്ചുകീറാന്‍, പാരവയ്ക്കാന്‍, കുതികാല്‍ വെട്ടാന്‍ ഒക്കെയുള്ള ത്വരയുമായി നീങ്ങുന്ന ഇരുകാലികളായിത്തീര്‍ന്നിരിക്കുന്നു ഭൂരിഭാഗവും. എന്താണ് ഇതിനു കാരണം?

മുഗളന്മാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും എന്തുകൊണ്ട് ഇന്ത്യയില്‍ ആധിപത്യമുറപ്പിക്കാന്‍ സാധിച്ചു? കൂട്ടബലാത്സംഗങ്ങളും സ്ത്രീപീഡനങ്ങളും വര്‍ഗ്ഗീയ കലാപങ്ങളും ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ട്? എന്തുകൊണ്ട് ഇന്നും ഭരണാധികാരികളില്‍ ഏറിയ പങ്കും അഴിമതി’വീരന്മാരായി’ വിലസുന്നു? സംസ്ഥാനങ്ങള്‍ തമ്മില്‍ ഭാഷയുടെയും ജലത്തിന്‍റെയും മറ്റും പേരില്‍ തമ്മിലടിക്കുന്നത്‌ എന്തുകൊണ്ട്? വിഷലിപ്തവും മായം ചേര്‍ത്തതുമായ ഭക്ഷ്യവസ്തുക്കള്‍ ക്രയവിക്രയം ചെയ്യാന്‍ കാരണമെന്ത്? ഇങ്ങനെയുള്ള ഒട്ടനേകം ചോദ്യങ്ങള്‍ക്ക് ഒറ്റയുത്തരം മാത്രം -സ്നേഹമില്ലായ്മ!

ദ്വേഷിക്കാന്‍ പഠിപ്പിക്കുന്നവര്‍

ആവശ്യമുണ്ട് ആണുങ്ങളെ ബലാത്സംഗം ചെയ്യുന്ന സ്ത്രീകളെ’: മലയാളത്തിലെ ഒരു പ്രമുഖ 2*വാരികയ്ക്കുള്ളിലെ ലേഖനത്തെക്കുറിച്ച് അതിന്‍റെ പുറന്താളില്‍ പ്രത്യക്ഷപ്പെട്ട തലവാചകം! എങ്ങനെയുണ്ട്? ‘ഇന്ത്യ എന്‍റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീസഹോദരന്മാരാണ്’ എന്ന പ്രതിജ്ഞ ആത്മാര്‍ഥതയോടെ ചൊല്ലിപ്പഠിച്ച ഒരാള്‍ക്ക്‌ ആ തലവാചകം ഏല്‍പ്പിക്കുന്ന ആഘാതം ചില്ലറയല്ല. താത്ക്കാലികമായി സ്ത്രീകളുടെ കൈയടി നേടാനും തങ്ങള്‍ പുരോഗമനവാദികളാണ് എന്ന് വീമ്പിളക്കാനും ഇത്തരം ചിന്താശൂന്യമായ രോഷപ്രകടനങ്ങള്‍ മാധ്യമങ്ങള്‍ പ്രയോഗിക്കാറുണ്ട്. സ്ത്രീയും പുരുഷനും പരസ്പരം ശത്രുക്കളാണെന്ന സന്ദേശമല്ലേ അത്തരം തലവാചകങ്ങള്‍ അറിഞ്ഞോ അറിയാതെയോ സംവേദിക്കുന്നത്? പരസ്പരം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ടവരാണ് ജനങ്ങള്‍. ഒറ്റതിരിഞ്ഞ സംഭവങ്ങളെ ഉദ്ധരിച്ച്, ‘പുരുഷന്മാരെല്ലാം സ്ത്രീകളെ ബലാത്സംഗംചെയ്യാന്‍ അവസരം പാര്‍ത്തിരിക്കുകയാണ്’ എന്ന സംജ്ഞയാണ് ഇന്ന് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്! മൂന്നുവയസ്സുള്ള പെണ്‍കുഞ്ഞു മുതല്‍ വൃദ്ധകള്‍ക്കു വരെ രക്ഷയില്ലാത്ത നാട്ടില്‍ അത്തരമൊരു തലവാചകം അത്ര അഭംഗിയായി തോന്നില്ലെങ്കിലും പുരുഷനെ സ്വാഭാവികമായി (വല്ല രാസവസ്തുക്കളും ഉപയോഗിക്കാതെ) ബലാത്സംഗം ചെയ്യാനാവില്ല എന്ന ജീവശാസ്ത്രപരമായ കേവലസത്യം മറന്നു എന്നതല്ല പ്രശ്നം: മറിച്ച്, ഒരു രാജ്യത്ത് സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു എങ്കില്‍ അതിന്‍റെ പ്രാഥമിക കാരണം ആ രാജ്യത്ത് യഥാര്‍ത്ഥ പൗരുഷമുള്ളവരും സ്ത്രീത്വമുള്ളവരും വിരളമായതാണെന്ന തിരിച്ചറിവില്ലായ്മയാണ്.

സാധൂകരണം?

കുരങ്ങുകളുടെ കൂട്ടത്തില്‍ ഒന്ന് ചട്ടം പിഴച്ചാല്‍ അതിനെ കൂട്ടത്തില്‍ കൂട്ടില്ല (പറഞ്ഞു കേട്ടുള്ള അറിവു മാത്രമല്ല, നേരിട്ടു കണ്ടിട്ടുമുണ്ട്). എന്തുകൊണ്ട്? സ്നേഹമില്ലാഞ്ഞിട്ടാണോ? പ്രകൃതിനിര്‍ദ്ധാരണം (natural selection) നടപ്പാക്കുകയാണ് നമ്മുടെ കസിനുകളായ വാനരന്മാര്‍! ജനിതകശാസ്ത്രമോ പരിണാമ ശാസ്ത്രമോ അറിയില്ലെങ്കിലും നൈസര്‍ഗ്ഗികമായി അവയ്ക്കറിയാം അവിടെ സഹതാപം കാണിച്ചാല്‍ വരും തലമുറയില്‍ പാകപ്പിഴകള്‍ ആവര്‍ത്തിക്കപ്പെടുമെന്ന്, പെരുകുമെന്ന്. ഹിംസ്രമൃഗങ്ങളില്‍നിന്ന് രക്ഷനേടാനും ആഹാര സമ്പാദനത്തിനും നിലനില്‍പ്പിനായുള്ള സമരത്തില്‍ (struggle for survival) ചാട്ടത്തിലെ കണിശത അവയ്ക്ക് അനിവാര്യമാണ്. പക്ഷേ, നാമോ? ശിക്ഷയുടെ ലഘുത്വം കൊണ്ട് ബലാത്സംഗവില്ലന്മാര്‍ക്ക് വീണ്ടും പ്രത്യുല്‍പ്പാദനത്തിനുള്ള അവസരങ്ങള്‍ പോലും നല്‍കുന്നു! കരുണ കാണിക്കേണ്ടിടത്തേ അതാകാവൂ. ഇല്ലെങ്കില്‍ വിപരീതഫലം ചെയ്യും! പരസ്പര സമ്മതത്തോടെ വ്യഭിചാരം ചെയ്യുന്നതും ബലപ്രയോഗത്തിലൂടെ വേഴ്ച നടത്തുന്നതും ഒരേ കുറ്റമാണോ? അല്ലേയല്ല! രണ്ടാമത്തേത് നിസ്സഹായതയുടെ മേല്‍ ‘കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍’ എന്ന പണ്ടത്തെ കിരാതവാഴ്ചയാണ്. അതിനു കടിഞ്ഞാണിടാന്‍ കഠിന ശിക്ഷ നല്‍കുന്ന കര്‍ശനനിയമം തന്നെ വേണം. അല്ലെങ്കില്‍, വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതുന്ന അനുഭവമാണ് ഉണ്ടാവുക! തന്‍റെ അമ്മപെങ്ങന്മാരില്‍ ആരെയെങ്കിലും ബലാത്സംഗം ചെയ്യാന്‍ ഒരുവന്‍ മുതിര്‍ന്നാല്‍ അയാളെ കഴിയുമെങ്കില്‍ ആ ദുഷ്പ്രവൃത്തിക്കു മുന്‍പേ വധിക്കേണ്ടതാണ്. അവിടെ കുരങ്ങന്‍റെ കരുണയില്ലായ്മ കാട്ടിയേ പറ്റൂ! ശത്രുരാജ്യക്കാര്‍ യുദ്ധത്തടവുകാരില്‍ പോലും പരീക്ഷിക്കാന്‍ മടിക്കുന്ന ക്രൂരതയല്ലേ ഡല്‍ഹി കൂട്ടബലാത്സംഗത്തില്‍ സ്വന്തരാജ്യക്കാര്‍ ചെയ്തത്? രാജ്യസ്നേഹത്തിന്‍റെ തരിമ്പെങ്കിലും അവരിലുണ്ടോ? അത്തരക്കാരെ രാജ്യത്തിന്‌ എന്തിനാണ്? വോട്ടിന്‍റെ എണ്ണം കൂട്ടാനോ? അവിടെയാണ് ശരിയായ പൗരുഷത്തിന്‍റെ ആവശ്യം. അതുണ്ടെങ്കില്‍ ബലാത്സംഗങ്ങള്‍ മാത്രമല്ല അഴിമതി, മോഷണം, തട്ടിപ്പ്, ക്വട്ടേഷന്‍ കൊലകള്‍, കള്ളക്കേസുണ്ടാക്കല്‍, വ്യാജ ഏറ്റുമുട്ടല്‍ തുടങ്ങിയവയൊന്നും ആവര്‍ത്തിക്കില്ല

സാംസ്കാരികമായി ഉയര്‍ന്ന ഏതൊരു രാഷ്ട്രത്തിന്‍റെയും അടിസ്ഥാനഘടകങ്ങള്‍ കുടുംബങ്ങളാണല്ലോ. ജന്തു,സസ്യ ശരീരങ്ങളില്‍ കോശങ്ങള്‍ക്കുള്ള സ്ഥാനമാണ് രാഷ്ട്രത്തില്‍ കുടുംബത്തിന്‍റെത്. എല്ലാ കോശങ്ങളും ഭംഗിയായി പ്രവര്‍ത്തിക്കുമ്പോള്‍ ഒരു ജീവി എപ്രകാരം സുഖമായി കഴിയുന്നോ അപ്രകാരം ഓരോ കുടുംബവും കെട്ടുറപ്പുള്ളതായി തീരുമ്പോള്‍ രാജ്യവും സ്ഥിരത കൈവരിക്കുന്നു. കുടുംബം നന്നായി മുന്‍പോട്ടു നീങ്ങണമെങ്കില്‍ നല്ലൊരു നായകന്‍/നായിക (നയിക്കുന്നയാള്‍ എന്നയര്‍ത്ഥത്തില്‍) അവിടെ വേണം; നാഡീവ്യൂഹം ഇതര കോശങ്ങളെ നിയന്ത്രിക്കുമ്പോലെ. അതിനായി പ്രകൃതി രൂപം കൊടുത്തിട്ടുള്ള മനുഷ്യവര്‍ഗ്ഗത്തിലെ അംഗമാണ് പുരുഷന്‍. ശാരീരികവും മാനസികവുമായ പല സവിശേഷതകളും ആ ധര്‍മ്മനിര്‍വഹണത്തിനായി അവനിലുണ്ട്. ചില ഗോത്രങ്ങളിലും ചുരുക്കം ജീവിവര്‍ഗ്ഗങ്ങളിലും സ്ത്രീകളാണ് നയിക്കുന്നത്. ‘ആദത്തിന്റെ വാരിയെല്ലൂരി സ്ത്രീയെ സൃഷ്ടിച്ചു’ എന്നൊക്കെയുള്ള പുരുഷമേധാവിത്വ കഥകള്‍ വിടാം. പോസിറ്റീവും നെഗറ്റീവും വിഭാഗങ്ങള്‍ (strains) ഉള്ള ബാക്ടീരിയങ്ങള്‍ മുതല്‍ സസ്തനികള്‍ വരെയുള്ള ഭൂരിഭാഗം ജന്തുവര്‍ഗ്ഗങ്ങളിലും ലൈംഗിക വേര്‍തിരിവ് (sexual dimorphism) ഉണ്ടായി വന്നത് അവയുടെ പുരോഗമനത്തിനാണ് (അസംതൃപ്തിയുള്ളവര്‍ അതിനെതിരേ ശബ്ദമുയര്‍ത്തിയിട്ട് വലിയ പ്രയോജനം തത്ക്കാലം ഇല്ല. ഭാവിയില്‍ ചിലപ്പോള്‍ ശാസ്ത്രത്തിന്‍റെ വളര്‍ച്ചയിലൂടെ ആണുങ്ങള്‍ പ്രസവം ഏറ്റെടുത്തേക്കാം).

സ്ഥല-കാലത്തില്‍ (space-time) അകന്നിരിക്കുന്ന പുരുഷനും സ്ത്രീയും പാതികള്‍ (1/2) മാത്രമാണെന്ന് മനസ്സിലാക്കാന്‍ അല്പമൊന്നു ചിന്തിച്ചാല്‍ മതി. അവര്‍ വിവാഹമെന്ന പാവന കര്‍മ്മത്തിലൂടെ ഒന്നായിത്തീര്‍ന്ന് കുടുംബം കെട്ടിപ്പൊക്കി, സ്നേഹത്തിലൂടെയും സഹകരണത്തിലൂടെയും പ്രത്യുത്പാദനം നടത്തി, സന്തതികളെ പോറ്റിവളര്‍ത്തുമ്പോഴാണ് ഭൂമിയില്‍ മാനവ സ്വര്‍ഗ്ഗം ജനിക്കുന്നത്: പരസ്പരം പോരാടിയും കടിച്ചുകീറിയും വല്ല വിധേനയും വിത്തുകള്‍ മുളപ്പിച്ചെടുക്കുമ്പോഴല്ല. സ്നേഹത്തില്‍നിന്ന് ഉത്ഭവിക്കുന്ന കാമത്തിലൂടെയാണ് സന്തതികള്‍ ജനിക്കേണ്ടത്‌, മറിച്ചല്ല. കാമപൂരണത്തിന്‍റെ ഉപോല്പന്നങ്ങളായി (byproducts) ജനിക്കുന്ന സന്താനങ്ങള്‍ ഭൂമിയില്‍ അനുഭവിക്കുന്നത് ദുരന്തങ്ങളാണ്. കാരണം, രതിസുഖത്താല്‍ മാത്രം ബന്ധിക്കപ്പെടുന്ന ദാമ്പത്യം ക്ഷണികവും പില്‍ക്കാലത്ത്‌ കുടുംബകലഹത്തില്‍ ചെന്നു ചേരുന്നതുമാകുന്നു. ഇന്ന് കുടുംബ ബന്ധങ്ങള്‍ ശിഥിലമായിരിക്കുന്നതിനു പ്രധാന കാരണം സ്നേഹത്തിന്‍റെ കുറവും കാമത്തിന്‍റെയും സ്വാര്‍ഥതയുടെയും അതിപ്രസരവുമാണ്. കേരളത്തിന്‍റെ പ്രധാന ശാപങ്ങളിലൊന്നായ മദ്യത്തിന്‍റെ ക്രമാതീത ഉപഭോഗത്തിന്‍റെ കാരണവും കുടുംബങ്ങളിലെ ശൈഥില്യമാണ്. ഈ അപചയമാണ് രാഷ്ട്രത്തിന്‍റെ പ്രശ്നവും...

പക്ഷേ, സ്വന്തം കുടുംബത്തിനു മാത്രമായി ഒരു സമൂഹത്തിലും ഏറെക്കാലം സ്വര്‍ഗ്ഗം ആസ്വദിക്കാനാവില്ല. ചുറ്റുമുള്ള മറ്റെല്ലാ കുടുംബങ്ങളും സമാധാനത്തിലും ഐശ്വര്യത്തിലും കഴിയുമ്പോഴാണ് ഓരോ കുടുംബത്തിന്‍റെയും നിലനില്‍പ്പ്‌ സാധ്യമാകൂ. തന്‍റെ ഭാര്യയ്ക്കും/ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി അഴിമതി കാട്ടുന്നവര്‍, മായം ചേര്‍ക്കുന്നവര്‍, പിടിച്ചു പറിക്കുന്നവര്‍, കൊല ചെയ്യുന്നവര്‍, അനിയന്ത്രിതമായി സമ്പാദിക്കുന്നവര്‍ ‘ഞാന്‍ എന്‍റെ കുടുംബത്തെ സ്നേഹിക്കുന്നു’ എന്ന് വീമ്പിളക്കുന്നതില്‍ അര്‍ത്ഥമില്ല. ചുറ്റുമുള്ള കോശങ്ങളുടെ സ്രോതസ്സുകള്‍ കവര്‍ന്നെടുത്ത് അനിയന്ത്രിതമായി വളരുന്ന കാന്‍സര്‍ കോശങ്ങള്‍ പോലെയാണത്. ക്രമാതീതമായി പെറ്റുപെരുകുന്ന കോശം മാരക രോഗമായി ആ ശരീരത്തെത്തന്നെ നശിപ്പിക്കുമ്പോലെ, സ്വന്തം ആവശ്യത്തില്‍ കവിഞ്ഞുള്ളത് മറ്റു കുടുംബങ്ങളുടെ ഉന്നമനത്തിനായി ഉപയോഗിക്കാത്തവര്‍ രാജ്യത്തിനു നാശമേ വിതയ്ക്കൂ. അവര്‍ സ്നേഹമുള്ളവരല്ല, സ്വാര്‍ത്ഥരാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ സാമ്പത്തിക അസന്തുലിതാവസ്ഥ സൃഷ്ടിച്ച്, വിപ്ലവങ്ങള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും തീ കൊളുത്തുന്നു. ഗില്ലറ്റിനിനു മുൻപിലെത്തുന്ന പ്രഭു, ‘ഞാന്‍ നിരപരാധിയാണ്!’ എന്നു വിളിച്ചുകൂവിയിട്ട് പ്രയോജനമില്ല. ദാരിദ്ര്യം ചൂഷണം ചെയ്താണ് പല ഭീകരസംഘടനകളും ചാവേര്‍ ബോംബുകളെ അയക്കുന്നത്. സ്വന്തം കുടുംബത്തില്‍ നിന്നുതന്നെയാണ് സ്നേഹവും ഔദാര്യവും മറ്റും ആരംഭിക്കേണ്ടത് (charity begins at home) എന്നതു പ്രസക്തം. പക്ഷേ, അത് ചുറ്റുമുള്ള കുടുംബങ്ങളെ പാടേ അവഗണിച്ചുകൊണ്ടാവരുത്. സ്വന്തം കാര്യത്തോടൊപ്പം അയല്പക്കത്തെയും ക്ഷേമം ഉറപ്പാക്കുന്നതാണ് യഥാര്‍ത്ഥ സ്നേഹം. അതിന്‍റെ കുറവാണ് ഇന്നു ലോകം പൊതുവെ അനുഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് കാരണം.എങ്കില്‍ ശരി.

ഈ സ്നേഹമില്ലായ്മയ്ക്ക് കാരണമെന്ത്? എന്താണ് പരിഹാരം? എങ്ങനെ ജനങ്ങളെ സ്നേഹസമ്പന്നരാക്കാം? ഉത്തരം ലളിതം. ജ്ഞാന സമ്പാദനം! സങ്കുചിത ചിന്താഗതികളാണ് യഥാര്‍ത്ഥ സ്നേഹത്തിന്‍റെയും ജ്ഞാനത്തിന്‍റെയും ശത്രു. പക്ഷേ ജ്ഞാനം എവിടെക്കിട്ടും? എവിടെയും! ജനങ്ങളെ ജ്ഞാനികളാക്കാന്‍ എളുപ്പമാണോ? അല്ല. എങ്കിലും അസാധ്യമല്ല. വഴിയുണ്ട്!

എന്താണ് ജ്ഞാനം?

ചാനല്‍ പ്രോഗ്രാമിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് ഒരാള്‍ കോടീശ്വരനോ കോടീശ്വരിയോ ആകുന്നത് അറിവിന്‍റെ ശക്തികൊണ്ടാണ്. പക്ഷേ അതല്ല ജ്ഞാനം. ജ്ഞാനപീഠം ലഭിച്ചാല്‍ ഒരാള്‍ ജ്ഞാനിയാകുമോ? ഇല്ല. കാരണം? ജ്ഞാനം എക്കാലവും ഒരു ചാപം (arc) മാത്രമാണ്. അത് ഒരിക്കലും വൃത്ത (circle)മാകില്ല. മനുഷ്യര്‍ ശ്രമിക്കേണ്ടത് ആ ചാപത്തെ കഴിയാവുന്നത്ര വലുതാക്കാനാണ്. അറിവുകള്‍ (data) ജ്ഞാനത്തിലേക്കുള്ള പടവുകള്‍ മാത്രമാണ്. ഉദാഹരണത്തിന്, ഇലക്ട്രോണ്‍ കണ്ടുപിടിച്ചതാര്? അതിന്‍റെ ഉത്തരം ഒരു അറിവ് (datum) ആണ്. എന്നാല്‍, ഇലക്ട്രോണ്‍ എന്താണ്? അതെവിടെ കാണപ്പെടുന്നു? ഒരു പ്രോട്ടോണുമായി തട്ടിച്ചു നോക്കിയാല്‍ അതിന് എന്തു പിണ്ഡമുണ്ട്? അതിന്‍റെ ചാര്‍ജ്ജ് എന്ത്? തുടങ്ങിയ ഒട്ടനേകം ചോദ്യങ്ങളിലൂടെ ഒടുവില്‍, ഇലക്ട്രോണ്‍ എന്തിനാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു എന്നു കണ്ടെത്തിയാല്‍ ജ്ഞാനത്തോട് വളരെ അടുത്താണ്. മറ്റൊരു ഉദാഹരണം: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആദ്യം യുദ്ധമുണ്ടായത് എന്ന്? ഇതിന്‍റെ ഉത്തരവും അറിവാണ്. എന്നാല്‍, എന്തിനായിരുന്നു ആ യുദ്ധം? എന്തെല്ലാം ആയുധങ്ങളാണ് ഉപയോഗിച്ചത്? എന്തെല്ലാം നാശനഷ്ടങ്ങളും നേട്ടങ്ങളുമാണ് ഇരുരാജ്യത്തിനും ആ യുദ്ധത്തിലൂടെ ഉണ്ടായത്? എങ്ങനെയാണ് യുദ്ധം അവസാനിച്ചത്‌? എന്നിങ്ങനെയുള്ള ചോദ്യങ്ങളിലൂടെ ഒടുവില്‍, യുദ്ധത്തിനുള്ള പ്രവണത മനുഷ്യരില്‍ ഉടലെടുക്കാന്‍ കാരണമെന്ത്? എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയാല്‍ ജ്ഞാനത്തിനടുത്താണ്.

‘ചിന്തിക്കാന്‍ ആര്‍ക്കു സമയം?’ എന്നതാവും ആദ്യ ചോദ്യം. ശരിയാണ്. പക്ഷേ, അറിവുകള്‍ ശേഖരിക്കാമല്ലോ? കര്‍ഷകനാകട്ടെ പ്രധാനമന്ത്രിയാവട്ടെ, പുതിയ അറിവുകള്‍ നേടാന്‍ പ്രത്യേകം സമയവും മുഹൂര്‍ത്തവും വേണമെന്നില്ല. പൂര്‍ണ്ണജ്ഞാനത്തില്‍ എത്താന്‍ പറ്റില്ലെങ്കിലും പുത്തന്‍ അറിവുകളിലൂടെ ഒരു പരിധിവരെയെങ്കിലും ചിന്താശക്തി വിപുലപ്പെടുത്താമല്ലോ? അപ്പോള്‍ മനുഷ്യരെ മാത്രമല്ല പ്രകൃതിയെയും സ്നേഹിക്കാന്‍ നാം പഠിക്കും. ജ്ഞാന സമ്പാദനത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നവര്‍ ഉണ്ടോ? തീര്‍ച്ചയായും ഉണ്ട്! മനുഷ്യര്‍ ചിന്താശേഷി ഉള്ളവരായിത്തീര്‍ന്നാല്‍ തങ്ങളുടെ ചൂഷണം നടക്കില്ല എന്ന് നല്ല ബോധ്യമുള്ളവര്‍. ആരാണവര്‍?

തടവറകള്‍ സൃഷ്ടിക്കുന്നവര്‍

ആധുനിക ലോകത്തെ രൂപപ്പെടുത്തിയ/മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന നാല് പ്രമുഖ സിദ്ധാന്തങ്ങളാണ് ഗുരുത്വാകര്‍ഷണ സിദ്ധാന്തം, പരിണാമ സിദ്ധാന്തം, ക്വാണ്ടം സിദ്ധാന്തം, ആപേക്ഷികതാ സിദ്ധാന്തം എന്നിവ. വ്യവസ്ഥാപിത വിശ്വാസങ്ങളെ അട്ടിമറിച്ചുകൊണ്ടാണ് ഇവ പ്രത്യക്ഷപ്പെട്ടത്. ജ്ഞാനത്തിന്‍റെ ഉത്തുംഗശൃംഗങ്ങളായ ഉപനിഷത്തുകള്‍ പിറന്നു വീണ ഭാരതത്തില്‍നിന്ന് എന്തുകൊണ്ട് അതേപോലെ വിപ്ലവകരമായ ഒരു അടിസ്ഥാന ദര്‍ശനവും ആധുനിക കാലഘട്ടത്തില്‍ ഉണ്ടായില്ല? എന്തുകൊണ്ട് സാങ്കേതികതയുടെ കാര്യത്തില്‍ നാം പിന്‍പേ പറക്കുന്ന പക്ഷികളായി മാറുന്നു? ഉത്തരം ലളിതം. നാം തടവറകളിലാണ്! മതവും രാഷ്ട്രീയവും ചേര്‍ന്ന് കെട്ടിപ്പൊക്കിയ അജ്ഞാനത്തിന്‍റെ അന്ധകാരക്കോട്ടയിലാണ് നമ്മള്‍. ആ തടവറയില്‍ നമുക്ക് താത്കാലിക സുരക്ഷിതത്വ ബോധമുണ്ട്. കാരണം, വിശ്വാസത്തിന്‍റെ കരിങ്കല്ലുകള്‍ കൊണ്ടാണ് അതിന്‍റെ കനത്ത ചുവരുകള്‍ തീര്‍ത്തിരിക്കുന്നത്. ഒറ്റ കുഴപ്പം, ബാഹ്യലോകത്തെ മാറ്റങ്ങള്‍ ഏറെ വൈകിയാണ് നമ്മുടെ ചെറു കിളിവാതിലിലൂടെ എത്തിച്ചേരൂ എന്നതാണ്.

‘ലോകത്തിലുള്ള എല്ലാ ജ്ഞാനവും ഇതിലുണ്ട്’ എന്ന് സ്വന്തം മത/രാഷ്ട്രീയ/ശാസ്ത്ര ഗ്രന്ഥത്തെക്കുറിച്ചു ഊറ്റം കൊള്ളുന്ന ഏവരും ജ്ഞാനത്തിലേക്കുള്ള വാതില്‍ കൊട്ടിയടച്ചു കഴിഞ്ഞു! ലോകത്തുള്ള എല്ലാ ഗ്രന്ഥങ്ങളും കൂട്ടിച്ചേര്‍ത്താലും നിര്‍വചിക്കാവുന്ന ഒന്നാണോ ഈ പ്രപഞ്ചവും അതിലെ അന്തമറ്റ അത്ഭുതങ്ങളും? ‘ത്രിലോകം’ എന്ന വാക്ക് ഇക്കാലത്തും കേള്‍ക്കുമ്പോള്‍ സഹതാപമാണ് തോന്നുക. സൌരയൂഥവും നാമുള്‍പ്പെടുന്ന ഈ ഗാലക്സിയും (ആകാശഗംഗ, Milky Way) പ്രപഞ്ച വിശാലതയില്‍ വെറും പൊട്ടു മാത്രമാണിന്ന്! ഓരോ മതഗ്രന്ഥവും ജ്ഞാനത്തിന്‍റെ അമൂല്യ ഖനിയാണെങ്കിലും പ്രപഞ്ചത്തെപ്പറ്റി തുച്ഛമായ അറിവു മാത്രമുണ്ടായിരുന്ന പുരാതന കാലത്തു രചിക്കപ്പെട്ട അവയില്‍ എല്ലാ അറിവും ഉണ്ടെന്നു വിശ്വസിക്കുന്നത് കേവലം മൂഢത മാത്രമാണ്. ‘നമ്മുടെ ഗ്രന്ഥം മാത്രമേ വായിക്കാവൂ; മറ്റത് നിഷിദ്ധമാണ്’ എന്ന് ഉപദേശിക്കുന്നവരും ഇതര മതസ്ഥരെ/പാര്‍ട്ടിക്കാരെ വെറുക്കാൻ/നശിപ്പിക്കാന്‍ ആവശ്യപ്പെടുന്നവരും തടവറകള്‍ സൃഷ്ടിച്ച്‌ ചൂഷണം ചെയ്യുന്നവരാണ്. അത് തിരിച്ചറിഞ്ഞ്‌ അറിവുകള്‍ നേടുമ്പോള്‍ തടവറകള്‍ താനേ തകരുന്നു. വിശാലവും സ്വതന്ത്രവുമായ ലോകം നാം കാണുന്നു. ധനസമ്പാദനം, കാമപൂരണം എന്നിവ മാത്രമല്ല ജീവിതത്തില്‍ ഉള്ളതെന്നും, ജ്ഞാനം എന്ന ഏറ്റവും വിശിഷ്ടമായ സംഗതി ആര്ജ്ജിക്കുകയാണ് മഹത്തായ കാര്യമെന്നും ബോധ്യമാവുന്നു. യാതൊരു പുത്തനറിവും പകര്‍ന്നു നൽകാനുതകാത്ത കച്ചറ സീരിയലുകള്‍ കണ്ടു പാഴാക്കുന്ന സമയം മതി വിപുലമായ വായനയ്ക്ക്. അറിവുകള്‍ കൈവശമുണ്ടെങ്കില്‍ കായികാദ്ധ്വാനത്തിനിടയില്‍ പോലും വിശകലനവും ചിന്തയും വഴിമുട്ടില്ല. ഒടുവില്‍, ജ്ഞാനത്തിന്‍റെ ഉയര്‍ന്ന പടവില്‍ എത്തിച്ചേരാന്‍ പറ്റും, തീര്‍ച്ച! അപ്പോള്‍ മറ്റോരോ വ്യക്തിയിലും സ്വന്തം പ്രതിബിംബംതന്നെ നാം കാണും. നാമറിയാതെ തത്ത്വമസിയും അദ്വൈതവും നമ്മില്‍ വന്നെത്തും. അയല്‍പക്കത്തെ കുടുംബത്തിന്‍റെ കണ്ണീര്‍ തുടയ്ക്കുന്നതാണ് ഏതൊരു തീര്‍ഥാടനത്തെക്കാളും പ്രാര്‍ത്ഥനയെക്കാളും പുണ്യമെന്നും തിരിച്ചറിയും. കുടുംബങ്ങളില്‍ ശാന്തിയും സ്നേഹവും കളിയാടും. അത് മൊത്തത്തില്‍ രാജ്യത്തിന്‍റെ ശ്രേയസ്സില്‍ ചെന്നെത്തിക്കൊള്ളും. പണംകൊണ്ടോ ശക്തികൊണ്ടോ ജ്ഞാനംകൊണ്ടോ നേടാനാവാത്തത് സ്നേഹത്താല്‍ സാധിക്കും എന്നറിയുന്നതും ജ്ഞാനംതന്നെയാണ്!

അതീവസമ്പന്നനായ വാസവഭട്ടാചാര്യനു ശ്രീബുദ്ധന്‍ നല്‍കുന്ന ഉപദേശത്തിന്‍റെ അല്‍പഭാഗത്തോടെ ഈ ലേഖനം ഉപസംഹരിക്കുന്നു:

“ദീനരെത്തലോടുന്നതൊന്നു മാത്രമേ ശാന്തി; താനും
തന്‍ കുടുംബവുമെന്നതൊക്കെയും ഭ്രാന്തി.
വാടിയിലാമൂലാഗ്രം പൂത്ത പാഴ്മുരിക്കത്രേ നേടിയ വിത്തം
തെല്ലും കൈവിടാന്‍ കരുതാത്തോന്‍. അന്യര്‍ക്കുവേണ്ടിച്ചെയ്യും സത്കർമ്മമല്ലാതുണ്ടോ ധന്യതാബീജം നമുക്കാനന്ദക്കനിയുണ്മാന്‍?”

-ശ്രീ. വെണ്ണിക്കുളം ഗോപാലക്കുറുപ്പ് (ഗുരുപൂജ)

***Notes:1*Diogenes of Sinope (412-323 BC): പകല്‍ വിളക്കുമേന്തി നടന്നതു കൂടാതെ മറ്റൊരു രസകരമായ സംഭവവും അദ്ദേഹത്തെക്കുറിച്ചുണ്ട്. സോക്രട്ടീസിന്റെ ശിഷ്യനായ പ്ലേറ്റോ മനുഷ്യനു നല്‍കിയ നിര്‍വചനം, ‘തൂവലുകളില്ലാത്ത ഇരുകാലി’ എന്നായിരുന്നു. ഡ്രസ്സ്‌ ചെയ്ത ഒരു കോഴിയുമായി ഒരിക്കല്‍ ഡയോജെനീസ് പ്ലേറ്റോയുടെ അക്കാഡമിയില്‍ കടന്നു ചെന്നു പറഞ്ഞു, ‘നോക്കൂ, ഞാന്‍ അങ്ങേക്കായി ഒരു മനുഷ്യനെ കൊണ്ടുവന്നിരിക്കുന്നു!’ അതേത്തുടര്‍ന്ന് മനുഷ്യന്‍റെ നിര്‍വചനം പ്ലേറ്റോ തിരുത്തിയെഴുതി: ‘തൂവലുകളില്ലാത്തതും പരന്ന നഖങ്ങളുള്ളതുമായ ഇരുകാലി!’

*2 സമകാലിക മലയാളം വാരിക - മാർച്ച്‌ 23, 2013

Comments

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code