പ്രവാസി


പ്രവാസഭാരങ്ങള്‍

മാധവ് കെ വാസുദേവ്
ഇന്ത്യന്‍ സാമ്പത്തികരംഗത്തെ പറ്റി പറയുമ്പോള്‍ നമുക്കു മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഒരു വിഭാഗം ആണ് പ്രവാസികള്‍ എന്ന ഓമനപ്പേരില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും മറ്റുള്ളവരും വിളിയ്ക്കുന്ന വിദേശത്തു ജോലി ചെയുന്നവര്‍. പക്ഷെ ഇവരുടെ പ്രശ്നങ്ങളും പരാതികളും അവരുടെ ബുദ്ധിമുട്ടുകളും എന്നും കണ്ടില്ല എന്നു നടിയ്ക്കന്ന ഇവിടുത്തെ രാഷ്ട്രീയനേതൃത്വങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടുള്ളൂ. അതിലപ്പുറം ഒന്ന് പ്രതീക്ഷിയ്ക്കുന്നില്ല, ഇപ്പോള്‍ ഒരു പ്രവാസമലയാളിയും. സ്വന്തം ജീവിതത്തെ നോക്കുകുത്തിയാക്കി നിര്‍ത്തിയിട്ട് മറ്റുളളവരുടെ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും കണ്ണും കാതും കൊടുക്കുമ്പോള്‍ തിരിച്ചറിയപ്പെടാതെ പോവുന്നു, ഒരുപാടു ജീവിതങ്ങള്‍. ഇവിടെയാണ്ഒരു വിദേശ മലയാളിയുടെ ത്യാഗം, അവന്‍റെ നിസംഗത, നിസ്വാര്‍ത്ഥത, ഒക്കെ തിരിച്ചറിയപ്പെടേണ്ടത്. കുടുംബത്തിന്റെ വലിയൊരു ഭാണ്ഡവും പേറി കടവും കടത്തിനു മേല്‍ കടവുമായി മരുഭൂമിയില്‍ ഉരുകിത്തീരുന്ന ജീവിതം നോക്കി ഊറിച്ചിരിയ്ക്കുന്നവനാണ് ഒരു സാധാരണ പ്രവാസി. അവന് അവന്റെ ബാധ്യതകളേയും പരിമിതികളേയും കുറിച്ച് നല്ല ബോധ്യമുണ്ട്. അതുകൊണ്ടു തന്നെയാണ് നഷ്ടപ്പെടലുകളുടെ നോവിലും ചിരിയ്ക്കാന്‍ പ്രവാസിയ്ക്കു കഴിയുന്നത്‌. എന്നു വെച്ചാല്‍ അവന്‍ അവനു വേണ്ടിയല്ല, മറ്റുള്ളവര്‍ക്കു വേണ്ടി ജീവിയ്ക്കുന്നു. വര്‍ധിച്ചു വരുന്ന ജീവിതഭാരങ്ങളൊന്ന് ഇറക്കി വെയ്ക്കാന്‍ നടുനിവര്‍ത്തു മ്പോള്‍ കാലം ഏറെ കടന്നു പോയിട്ടുണ്ടാവും. മിച്ച സമ്പാദ്യമായി കിട്ടുന്ന ഷുഗറും പ്രഷറും വൃക്കരോഗങ്ങളും അവന്റെ സന്തതസഹചാരിയാകുമ്പോള്‍ പ്രവാസിയുടെ ജീവിതനാടകത്തിലെ ഒരു രംഗം കൂടി കഴിയുന്നു.

നമ്മുടെ സര്‍ക്കാര്‍ വിളമ്പുന്ന വാഗ്ദാനങ്ങള്‍, രാഷ്ട്രീയപ്പാർട്ടികളിലെ സമുന്നത നേതാക്കളുടെ പൊന്നുരുക്കിയുള്ള വാക്കുകള്‍, ഇവയെല്ലാം പ്രവാസികളെ ആവേശത്തിരകളില്‍ ഉയര്‍ത്തി പ്രതീക്ഷയുടെ കൊടുമുടികള്‍ കയറ്റുമ്പോഴൊക്കെ ഒരു സാധാരണ പ്രവാസി പിന്നെയും വിശ്വസിക്കുന്നു, ഇനിയുമൊരു നല്ല കാലത്തെപ്പറ്റി. ഇതിനിടയിലാണ് വിമാനക്കമ്പനികളുടെ "തലയറുപ്പന്‍" യാത്രക്കൂലി; ഇവര്‍ ലോകഭീകരരേക്കാള്‍ വലിയ ദുഷ്ടന്മാര്‍. എല്ലാം സഹിച്ചു യാത്ര ചെയ്താലോ എപ്പോള്‍ ചെന്നെത്തുമെന്നു ഒരു ഉറപ്പുമില്ല. അപ്പോള്‍ ഒരു പ്രശ്നവുമായി നമ്മുടെ സ്വന്തം എംബസ്സിയെ സമീപിച്ചാല്‍ പിന്നെ കാര്യം നടന്നതു തന്നെ. സ്വന്തം സഹോദരങ്ങളുടെ കാര്യത്തില്‍ ഇത്രത്തോളം ശുഷ്കാന്തിയും സഹിഷ്ണുതയും ഉത്തരവാദിത്വബോധവുമുള്ള ഒരു സ്ഥാപനം വേറെയില്ല! ഇതിനുമപ്പുറമാണ് ചില സാംസ്കാരിക പ്രവര്‍ത്തകരുടെ പ്രകടനങ്ങള്‍.

ഇന്നു പ്രവാസിസമൂഹം നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പഠിച്ച്, അവയ്ക്കു പോംവഴികള്‍ കണ്ടു പിടിയ്ക്കണം. ശാശ്വതമായ പ്രശ്നപരിഹാരങ്ങളാണു വേണ്ടത്. പ്രവാസി ജീവിതം അവസാനിപ്പിച്ച്‌ തിരിച്ചെത്തുന്ന ഒരു പ്രവാസിയ്ക്ക് ജീവിതസൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക. ഇന്നു നമ്മുടെ രാഷ്ട്രത്തിനു ഏറ്റവും കടപ്പാടുള്ളത് ജീവനും രാഷ്ട്രത്തിനും സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന നമ്മുടെ ജവാന്‍മാരോടാണ്. അതു കഴിഞ്ഞാല്‍ സാമ്പത്തിക അക്ഷയപാത്രമായ പ്രവാസികള്‍. അവരോടു നീതികേടു കാണിക്കാതിരിയ്ക്കുക. ഓരോ പ്രവാസിയുടെയും മനസ്സ് ഒരു കനലാണ്. എരിഞ്ഞെരിഞ്ഞു നില്‍ക്കുന ഒരു കനല്‍. ആ കനലിന്റെ നീറ്റലില്‍ നിന്നു കൊണ്ടാണ് ഓരോ ജീവിതവും അവന്‍ കെട്ടിപ്പടുക്കുന്നത്. ഒറ്റപ്പെടലുകളും നഷ്ടങ്ങളും മാത്രം അവശേഷിക്കുന്ന ഒരു ശരാശരി പ്രവസിയുടെ ജീവിതം ഭാരമാണ്. മറ്റുള്ളവര്‍ക്കു വേണ്ടി സ്വയം ചുമക്കുന്ന ഭാരം.

Comments

 
ശ്യം ജൈംസ്    2015-08-01 11:04:31
പ്രവാസിസമൂഹം നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ അതിന്റെ പൂര്‍ണ്ണമായ ഉൾകൊള്ളാൻ ഇവിടുത്തെ അധികാരവർഗ്ഗം തയ്യാറാവുന്നില്ല അതാണ് സത്യം .. ലേഖനം നിലവാരം പുലർത്തുന്നു..
 

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code