ആരോഗ്യം


ശ്വാസകോശാര്‍ബുദം

Binitha
പുകവലി ശീലമാക്കിയവര്‍ക്ക് പുകവലി നിര്‍ത്തുകയെന്നത് വളരെയേറെ പ്രയാസമുള്ള കാര്യമാണ്. ഈ ദുശ്ശീലം ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുവെന്നു പുകവലിക്കുന്ന പലർക്കും നന്നായറിയാം. ഈ ദുശ്ശീലം നിര്‍‌ത്തുന്നതിന് പല മാര്‍ഗ്ഗങ്ങളും കാലാകാലങ്ങളായി ഉപയോഗപ്പെടുത്തുന്നുണ്ട്. മരുന്നുകളും ഹിപ്നോട്ടിസവുമൊക്കെ ഇതിനുള്ള മാര്‍ഗ്ഗങ്ങളാണ്. മരുന്നുകളുടെയൊന്നും സഹായമില്ലാതെ പുകവലിയിൽ നിന്നു മുക്തി നേടാനും നമുക്കു കഴിയും. അതിന് ‘ഇനി ഒരിക്കലും ഞാന്‍ പുകവലിയ്ക്കുകയില്ല’ എന്ന ദൃഢനിശ്ചയം മാത്രം മതി. അതങ്ങിനെ നില്‍ക്കട്ടെ.

സിഗരറ്റില്‍ അടങ്ങിയിട്ടുള്ള ഏറ്റവും കൂടുതലുള്ള വിഷം നിക്കോട്ടിന്‍ ആണ്. പക്ഷെ സിഗരറ്റില്‍ വേറെയും അനേകം ദോഷകരമായ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ബെന്‍സീന്‍, ആര്‍സെനിക്, ടാര്‍, ഫോര്‍മാല്‍ഡിഹൈഡ്, അസെറ്റോണ്‍, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, അമോണിയ, കാഡ്മിയം, നൈട്രജന്‍, നാഫ്തലീന്‍, ഹൈഡ്രജന്‍ സയനൈഡ്, ലെഡ്, കൗമരിന്‍, ക്രോമിയം, നാഫ്തലീന്‍, തുടങ്ങിയ നിരവധി അപകടകരമായ കെമിക്കലുകള്‍ നമ്മൾ വലിച്ചു കയറ്റുന്ന ഒരു ചെറിയ സിഗരറ്റില്‍ അടങ്ങിയിരിക്കുന്നു എന്ന സത്യം നാം മനസ്സിലാക്കണം. ഇത് ക്യാന്‍സര്‍ വരുത്തുക മാത്രമല്ല നിങ്ങളുടെ ഡിഎന്‍എയെ നശിപ്പിയ്ക്കുകയും ചെയ്യുന്നു എന്ന സംഗതിയും മനസ്സിലാക്കാതെയിരിക്കരുത്.

സാധാരണയായി പുരുഷന്മാരില്‍ കാണപ്പെടുന്ന അര്‍ബുദമാണ് ശ്വാസകോശാര്‍ബുദം. പുകവലിയാണ് ഇതിന്‍റെ മുഖ്യകാരണം. അതുകൊണ്ടു തന്നെ പുരുഷന്മാരിലാണ് ഇത് കൂടുതല്‍ കാണപ്പെടുന്നതും. പക്ഷെ പുകവലി സാധാരണമായതോടെ ഇന്നു നമ്മുടെ സ്ത്രീകളിലും ശ്വാസകോശാര്‍ബുദം കണ്ടുവരുന്നു. സ്ത്രീകള്‍ക്കിടയില്‍ പുകവലി സാധാരണമല്ലാത്ത ഗ്രാമപ്രദേശത്തു പോലും അടുത്ത കാലത്തായി സ്ത്രീകളില്‍ ശ്വാസകോശാര്‍ബുദം കണ്ടുവരുന്നുണ്ട്. ഇതിനു കാരണം മറ്റൊന്നുമല്ല. ജീവിതപങ്കാളികളുടെ പുകവലി തന്നെയാണ്.

പുകവലിച്ചു പുറംതള്ളുന്ന പുക അന്തരീക്ഷവായുവിൽ കലര്‍ന്ന് ഈ വായു ശ്വസിക്കുന്ന പുകവലിക്കാത്തവര്‍ക്കും രോഗമുണ്ടാവാൻ കാരണമാവുന്നു. ഇതിനെ ‘പാസ്സീവ് സ്‌മോക്കിങ്’എന്നു പറയാം. പുകവലിക്കുന്നവരില്‍ ഈ രോഗം വരാനുള്ള സാദ്ധ്യത പുകവലിക്കാത്തവരേക്കാള്‍ 20 ഇരട്ടിയാണെന്നുമാത്രം. ഒരുപക്ഷേ പുകവലി നിര്‍ത്തിയാലും 10മുതല്‍ 15 വരെ വര്‍ഷങ്ങള്‍ കൊണ്ടു മാത്രമേ രോഗസാദ്ധ്യത കുറയുന്നുള്ളുവെന്നതാണു സത്യം. പുകവലിക്കാരുടെ ജീവിതപങ്കാളികള്‍ക്കും ശ്വാസകോശാര്‍ബുദം ഉണ്ടാവാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

രോഗലക്ഷണങ്ങളുടെ അഭാവം മൂലം ശ്വാസകോശാര്‍ബുദം ആരംഭദശയില്‍ കണ്ടുപിടിക്കാന്‍ കഴിയാതെ വരുന്നു. ചുമയാണ് രോഗത്തിന്‍റെ പ്രധാന ലക്ഷണം. എങ്കിലും പുകവലിക്കുന്നവരില്‍ ചുമ സര്‍വസാധാരണമായതിനാല്‍ പല രോഗികളും ഇതു ശ്രദ്ധിയ്ക്കാറില്ല. കഫമില്ലാത്ത ചുമ, അല്ലെങ്കില്‍ കട്ടികുറഞ്ഞ പത പോലെയുള്ള കഫം മുതലായവ രോഗലക്ഷണങ്ങളാണെന്നു പറയാം. ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതും ഈ രോഗത്തിന്‍റെ ലക്ഷണമാണ്. ശ്വാസതടസ്സം, മുഖത്തും മാറത്തുമുണ്ടാകുന്ന നീര്, ശബ്ദത്തിനുണ്ടാകുന്ന വ്യതിയാനം(ഒച്ചയടപ്പ്), ഭക്ഷണം വിഴുങ്ങാന്‍ തടസ്സം, വിശപ്പില്ലായ്മ, ശരീരം ശോഷിക്കുക മുതലായവയാണു മറ്റു രോഗലക്ഷണങ്ങൾ.

അര്‍ബുദം വാരിയെല്ലുകളേയും മറ്റും ആക്രമിച്ചു തുടങ്ങുമ്പോള്‍ കടുത്ത നെഞ്ചുവേദനയുണ്ടാകാം. കരള്‍, മസ്തിഷ്‌കം, അസ്ഥികള്‍ എന്നിവിടങ്ങളിലേക്കും ഈ രോഗം പടര്‍ന്നുപിടിക്കാം. നെഞ്ചിനകത്ത് നീരു നിറഞ്ഞു ശ്വാസംമുട്ടലും ഉണ്ടാകാം.

ശ്വാസനാളത്തിന്‍റെ ഉള്‍വശം നേരിട്ടു പരിശോധിക്കുന്ന "ബ്രോങ്കോസ്‌കോപ്പി" എന്ന പരിശോധനാരീതിയാണ് ഏറ്റവും ഫലപ്രദം. കഫം, രക്തം എന്നിവയുടെ പരിശോധനയും സി.ടി. സ്‌കാനിങ്ങും കൊണ്ട് ശ്വാസകോശാര്‍ബുദം മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുന്നതിനു മുമ്പ് കണ്ടെത്താൻ കഴിഞ്ഞാൽ ശസ്ത്രക്രിയ വഴി പൂര്‍ണമായി നീക്കംചെയ്യാന്‍ കഴിഞ്ഞേക്കും. മരുന്നുകളുപയോഗിച്ചുള്ള കീമോതെറാപ്പിയും റേഡിയേഷന്‍ ചികിത്സയും കൊണ്ട് അര്‍ബുദത്തിന്‍റെ വളര്‍ച്ച തടയാമെങ്കിലും രോഗം സാധാരണഗതിയില്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാറില്ല. രോഗം കണ്ടെത്തി ഒരു വര്‍ഷത്തിനകം പകുതിയിലേറെപ്പേരും മരണമടയുന്നതായി കണ്ടുവരുന്നു എന്ന് പറയുമ്പോള്‍ ഈ രോഗത്തിന്‍റെ ഗുരുതരാവസ്ഥയെപ്പറ്റി കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ?

ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത സ്ഥിതിക്ക് രോഗം വരാതെ നോക്കുകയാണ് നല്ലത്. പുകവലി ഒഴിവാക്കുകയെന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. പക്ഷെ പുകവലിക്കാതിരുന്നാല്‍ മാത്രം രോഗനിയന്ത്രണം പൂര്‍ണ്ണമാകുന്നില്ല. വീട്ടിലും ജോലിസ്ഥലത്തുമുള്ള പുകവലിക്കാരെ അതില്‍നിന്നു പിന്തിരിപ്പിക്കാനുള്ള ശ്രമം കൂടിനടത്തണം. പുകവലിക്കാരുമായുമുള്ള സഹകരണം പൂർണ്ണമായും ഒഴിവാക്കുകയും വേണം. പാരമ്പര്യമായും ശ്വാസകോശാര്‍ബുദം വരാന്‍ സാധ്യതയുള്ളതിനാല്‍ അതിനു സാധ്യതയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പുകവലിക്കാർ ഇടയ്ക്കിടെ മെഡിക്കല്‍ പരിശോധന നടത്തുന്നതും നന്നായിരിക്കും. പോഷകപ്രധാനമായ ആഹാരം - പ്രത്യേകിച്ചും പച്ചക്കറികള്‍, പഴങ്ങള്‍ മുതലായവ - ധാരാളം കഴിക്കുന്നത് ശ്വാസകോശാര്‍ബുദത്തെ തടയാന്‍ ഒരു പരിധിവരെ സഹായിക്കും.

Comments

 
KRISHNA    2014-09-22 19:44:33
നല്ല ലേഖനം
 

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code