കായികം


ഒരു വികാരത്തിന്റെ ചരിത്രം

അരുണ്‍ ചുള്ളിക്കല്‍
ഇന്ത്യയുടെ ഔദ്യോഗിക കായികയിനം ഹോക്കിയാണെങ്കിലും ക്രിക്കറ്റിനോളം വരുന്ന സ്വീകാര്യത ഹോക്കിക്കോ, ഫുട്ബോളിനോ മറ്റേതെങ്കിലും കായികയിനത്തിനോ ഇന്ത്യയില്‍ ലഭിക്കുന്നില്ല എന്നതും സമീപഭാവിയിലെങ്കിലും ക്രിക്കറ്റിനെ അതിജീവിച്ച് മറ്റൊരിനവും വരില്ല എന്നതും തര്‍ക്കമെന്യേ ഏവരും അംഗീകരിക്കുന്നൊരു വസ്തുതയാണ്. സച്ചിന്‍ യുഗം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു കാലയളവില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ അത്ര മാത്രം നാം നെഞ്ചിലേറ്റി കഴിഞ്ഞു. ക്രിക്കറ്റ് ഒരു വികാരമായി ഏറ്റെടുത്ത ജനത ഒരു പക്ഷെ അതിന്റെ ഉത്ഭവരാജ്യമായ ഇംഗ്ലണ്ടില്‍ പോലും ഉണ്ടോ എന്നത് സംശയമാണ്. ഈ വികാരത്തിന് നിദാനമായ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലേക്ക് ഒരു യാത്ര.

ബ്രിട്ടീഷുകാരാണ് ക്രിക്കറ്റ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത് എന്നത് പറയാതെ തന്നെ ആര്‍ക്കും ഊഹിക്കാവുന്ന ഒന്നാണ്. 1721-ല്‍ ബ്രിട്ടീഷ് ആര്‍മിയാണ് ക്രിക്കറ്റിനെ ഇന്ത്യക്കു പരിചയപ്പെടുത്തിയത്. അന്ന് നമ്മുടെ ആളുകളും പട്ടാളക്കാരോടൊപ്പം കളിച്ചു തുടങ്ങി. അങ്ങിനെ ബ്രിട്ടീഷുകാര്‍ കീഴടക്കുന്ന പ്രവിശ്യകളിലെല്ലാം ക്രിക്കറ്റും വ്യാപിച്ചു. മദ്രാസിലും, ബറോഡയിലും, കല്‍ക്കട്ടയിലും എല്ലാം. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇംഗ്ലീഷ് നാവികര്‍ 1731-ല്‍ എഴുതിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ ക്രിക്കറ്റിനെ കുറിച്ച് ആധികാരികമായ സൂചനയുള്ളത്. ബറോഡയ്ക്ക് അരികിലുള്ള കാംബെയില്‍ ക്രിക്കറ്റ് കളിച്ചിരുന്നതിനെ കുറിച്ചു പറയുന്ന ഭാഗത്ത് ബ്രിട്ടീഷ് കോളനിയുടെ മറ്റെല്ലാ ഭാഗത്തും ക്രിക്കറ്റ് വ്യാപിച്ചിരിക്കുന്നു എന്നും പറയുന്നു. എങ്കിലും 1792 വരെ ക്രിക്കറ്റ് ഔദ്യോഗികമായി കളിച്ചിരുന്നില്ല. അഥവാ ഉണ്ടായിരുന്നെങ്കില്‍ തന്നെ വെള്ളക്കാര്‍ക്കു മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചിരുന്നത്.

1792-ല്‍ കല്‍ക്കട്ട ഫുട്ബോള്‍ ആന്‍ഡ്‌ ക്രിക്കറ്റ് ക്ലബ് രൂപം കൊണ്ടു. (അനൗദ്യോഗികമായി 1792നു മുന്‍പു തന്നെ ഈ ക്ലബ് ഉണ്ടായിരുന്നു എന്നു പറയപ്പെടുന്നു.) കല്‍ക്കത്താ ക്ലബ് ആയിരുന്നു ഇന്ത്യയിലെ ആദ്യ ക്രിക്കറ്റ് ക്ലബ്. പിന്നീട് ടിപ്പുസുല്‍ത്താന്റെ മരണത്തോടെ ബ്രിട്ടീഷുകാര്‍ ദക്ഷിണേന്ത്യ പിടിച്ചടക്കിയ കാലത്ത് 1799-ല്‍ ശ്രീരംഗപട്ടണത്ത് മറ്റൊരു ക്രിക്കറ്റ് ക്ലബ്ബു രൂപം കൊണ്ടു. ഈ കാലയളവിലാണ് ബോംബെയില്‍ പാര്‍സികള്‍ ക്രിക്കറ്റു കളിച്ചു തുടങ്ങിയത്. 1848-ല്‍ അവര്‍ ഓറിയന്റല്‍ ക്രിക്കറ്റ് ക്ലബ്ബിനു രൂപം നല്‍കി. ഇന്ത്യാക്കാരാല്‍ സ്ഥാപിതമായ ആദ്യ ക്രിക്കറ്റ് ക്ലബ്ബ് ഇതായിരുന്നു. ഒരു പക്ഷെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പാരമ്പര്യം ഇവിടെ 
തുടങ്ങി എന്നു പറയാം.

1864-ല്‍ നടന്ന മദ്രാസ്‌ X കല്‍ക്കട്ട മത്സരമാണ്‌ ഇന്ത്യയിലെ ആദ്യത്തെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരം. ഫസ്റ്റ് ക്ലാസ് അംഗീകാരം നേടിയ ആദ്യ ടൂര്‍ണമെന്റ് ബോംബെ ക്വാഡ്രാംഗിള്‍ ആയിരുന്നു. 1877-ല്‍ പാര്‍സി ടീമിനെ വെള്ളക്കാര്‍ മത്സരത്തിന് ക്ഷണിച്ചതോടു കൂടിയാണ് ഈ ടൂര്‍ണമെന്റ് ആരംഭിച്ചത്. എങ്കിലും 1892-ല്‍ മാത്രമാണ് ഇതിന് ഫസ്റ്റ്ക്ലാസ് പദവി ലഭിച്ചത്. പദവി ലഭിച്ച ശേഷമുള്ള ആദ്യ സീസണില്‍ യൂറോപ്യന്‍സിനെ തോല്‍പ്പിച്ച് പാര്‍സി ടീം (1-0) വിജയികളായി. ടൂര്‍ണമെന്റില്‍ പിന്നീട് ഹിന്ദുസ്, മുസ്ലിംസ് എന്നീ ടീമുകള്‍ കൂടി ചേര്‍ന്നതോടെയാണ്‌ ക്വാഡ്രാംഗിള്‍ ടൂര്‍ണമെന്റായി വികസിച്ചത്. ബോംബെ പ്രസിഡന്‍സി മാച്ച് എന്നും, പിന്നീട് ബോംബെ ട്രയാംഗിള്‍ എന്നുമായിരുന്നു ടൂര്‍ണമെന്റിന്റെ ആദ്യകാല പേരുകള്‍ . 

1889-90 കാലയളവിലാണ് ആദ്യ വിദേശടീം ഇന്ത്യയില്‍ കളിക്കാന്‍ വരുന്നത്. പക്ഷെ ജോര്‍ജ്ജ് വെര്‍ണന്‍ എന്ന ക്യാപ്റ്റന്റെ നേതൃത്വത്തില്‍ എത്തിയ ടീം കളിച്ച കളികള്‍ ഫസ്റ്റ് ക്ലാസ് പദവി നേടിയില്ല. 1900ങ്ങളുടെ ആരംഭത്തില്‍ ദുലീപ് സിംഗ്ജി, രഞ്ജിത്ത് സിംഗ്ജി, തുടങ്ങിയവരെപ്പോലുള്ള പ്രഗത്ഭര്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിനു വേണ്ടി കളിച്ചിരുന്നു. ഇവരുടെ പേരിലാണ് രഞ്ജി ട്രോഫി, ദുലീപ് ട്രോഫി എന്നീ ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റുകള്‍ ഇന്ത്യയില്‍ നടക്കുന്നത്. ഇന്ത്യന്‍ ടീമിലേക്കുള്ള പ്രവേശന കവാടം എന്നു തന്നെ വിളിക്കാവുന്ന ഈ ടൂര്‍ണമെന്റുകളിലെ കളിക്കാരുടെ പ്രകടനം ഇന്ത്യന്‍ ടീം സിലക്ഷന്‍ പ്രോസസില്‍ പ്രധാന ഘടകമാണ്.

1911-ലാണ് ഇന്ത്യന്‍ ടീം ആദ്യ വിദേശ പര്യടനം നടത്തുന്നത്. എന്നാല്‍ അന്ന് ഏതാനും ചില കൗണ്ടി ടീമുകളുമായി മാത്രമാണ് ഇന്ത്യന്‍ ടീം കളിച്ചത്. 1926-ല്‍ ഇന്ത്യ ഇമ്പീരിയല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഇന്നത്തെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൌണ്‍സിലില്‍ ) അംഗമായി. 1932-ല്‍ ടെസ്റ്റ്‌ ക്രിക്കറ്റ് പദവി നേടുന്ന ആറാമത്തെ രാജ്യമായി തീര്‍ന്ന ഇന്ത്യ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റ മത്സരം നടത്തി. 158 റണ്‍സിന്റെ തോല്‍വിയോടെ തുടങ്ങിയ ടീമിന് വീണ്ടും ഇരുപതു വര്‍ഷം കാത്തിരിക്കേണ്ടി വന്നു, ആദ്യ ടെസ്റ്റ്‌ വിജയം എന്ന നേട്ടം കൈവരിക്കുവാന്‍ . മദ്രാസില്‍ വെച്ച് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ആദ്യ ടെസ്റ്റ്‌ വിജയം ആഘോഷിച്ച ഇന്ത്യ ആ വര്‍ഷം തന്നെ പാക്കിസ്ഥാനെതിരായ ടൂര്‍ണമെന്റില്‍ ആദ്യ പരമ്പര വിജയവും സ്വന്തമാക്കി.

പിന്നീട് സ്വന്തം മണ്ണില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന ഇന്ത്യന്‍ ടീം ആദ്യമായി വിദേശമണ്ണില്‍ പരമ്പര നേടുന്നത് 1956-ല്‍ ന്യൂസിലാന്‍റിന്നെതിരെയാണ്. സുനില്‍ ഗവാസ്കര്‍ , ഗുണ്ടപ്പ വിശ്വനാഥ് എന്നിവരുടെ ബാറ്റിംഗ് പാടവത്തിലും ബിഷന്‍ ബേദി, ചന്ദ്രശേഖര്‍ , പ്രസന്ന, വെങ്കട്ടരാഘവന്‍ സ്പിന്‍ കൂട്ടുകെട്ടിന്റെ കരുത്തിലും ഇന്ത്യ വളര്‍ന്നു. 1971-ല്‍ ഏകദിന ക്രിക്കറ്റ് രൂപം കൊണ്ടതോടു കൂടി ആക്രമണോത്സുക ബാറ്റിംഗ് ക്രിക്കറ്റിനെ സ്വാധീനിക്കാന്‍ തുടങ്ങി. പ്രതിരോധ ബാറ്റിംഗ് ശൈലി തുടര്‍ന്നിരുന്ന 
ഗവാസ്കറിനെ പോലെയുള്ളവരുടെ പ്രകടനം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്ക് ആശാവഹമായിരുന്നില്ല.

1980ല്‍ ഇന്ത്യന്‍ ടീമിലെത്തിയ രവിശാസ്ത്രി, വെങ്ങ്സര്‍ക്കാര്‍ , അസ്ഹറുദ്ദീന്‍ എന്നിവരുടെ ആക്രമണ ശൈലിയും, കപില്‍ ദേവ് എന്ന ഓള്‍ റൌണ്ടറുടെ മികവും ഇന്ത്യന്‍ ക്രിക്കറ്റിനെ ഏകദിനശൈലിക്ക് അനുയോജ്യരാക്കി. 1983-ല്‍ പ്രവചനങ്ങളെ അട്ടിമറിച്ച് കപിലിന്റെ ചെകുത്താന്മാര്‍ എന്ന് അപരനാമത്തില്‍ വിളിക്കപ്പെട്ട ഇന്ത്യന്‍ ടീം ആദ്യ ഏകദിന ലോകകപ്പു നേടി. 1987-ല്‍ ഇംഗ്ലണ്ടല്ലാതെ ലോകകപ്പിന് ആതിഥേയത്വം വഹിച്ച രാജ്യം എന്ന പദവിയും  ഇന്ത്യ പാക്കിസ്ഥാനോടൊപ്പം പങ്കിട്ടു. പിന്നീടുള്ള വളര്‍ച്ചയും സച്ചിന്‍ എന്ന ഇതിഹാസതാരവും 2011ലെ ഇന്ത്യയുടെ രണ്ടാം ലോകകപ്പു വിജയവും അതിവേഗ ക്രിക്കറ്റിന്റെ പുത്തന്‍ വര്‍ണ്ണക്കൂട്ടുകളും പരിചിതമായ ചിത്രങ്ങളായതിനാല്‍ അതേപ്പറ്റി കൂടുതല്‍ എഴുതേണ്ടതില്ല. പണത്തിന്റെയും പരസ്യലോകത്തിന്റെയും തിളക്കത്തില്‍ ഇടയ്ക്ക് പ്രകടനം മങ്ങിപ്പോകുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ തെല്ലൊന്ന് വേദനിപ്പിക്കും. എങ്കിലും ഭൂരിഭാഗം ഇന്ത്യന്‍ ജനതയുടേയും വികാരം എന്ന ക്രിക്കറ്റിന്റെ സ്ഥാനം ഇനിയും വെല്ലുവിളിക്കാന്‍ കഴിയാത്ത വിധം അഭംഗുരം തുടരട്ടേ എന്ന ആശംസയോടെ  ഈ ചരിത്രയാത്ര ഇവിടെ അവസാനിപ്പിക്കുന്നു.

Comments

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code