പ്രവാസി


ഒരു മറുനാടൻ മലയാളിയുടെ കഥ.

പി പി ദിനകരന്‍
അമ്മയുടെ അടുത്തുനിന്നും മാറ്റിക്കെട്ടിയിരിക്കുന്ന പശുക്കുട്ടിയുടെ നിരന്തരമായ കരച്ചിൽ കേട്ടാണ് അവൻ ഉണർന്നത്. പശുക്കുട്ടിയുടെ കരച്ചിലിനൊപ്പം തള്ളപ്പശുവിന്റെ മറുവിളിയും കേൾക്കാം. സ്വന്തം കുഞ്ഞിനെ മുലയൂട്ടാൻ കഴിയാത്ത ഒരമ്മയുടെ നൊമ്പരം ആ മറുവിളിയിൽ വ്യക്തമാണ്.
ഇന്നലെ വളരെ വൈകിയാണ് ഉറങ്ങാൻ കിടന്നത്. രണ്ടാഴ്ച നീണ്ട തന്റെ അവധിക്കാലം ഇന്ന് തീരുന്നു. മടക്കയാത്രയ്ക്കുള്ള ഒരുക്കങ്ങളായിരുന്നു ഇന്നലെ രാത്രി. തന്റെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും അടുക്കിവച്ചു. ഒപ്പം, നാട്ടിലേയ്ക്ക് പോന്നപ്പോൾ പലരും വാങ്ങാൻ പറഞ്ഞുവിട്ട സാധനങ്ങളുമുണ്ട്, പ്രായം അറുപത്തഞ്ചു കഴിഞ്ഞ തന്റെ വീട്ടുടമസ്ഥ ആവശ്യപ്പെട്ട സൗന്ദര്യവർദ്ധകവസ്തുക്കളടക്കം.
മൂന്നു വർഷം മുമ്പാണ് താൻ വടക്കേ ഇന്ത്യയിലേയ്ക്ക് വണ്ടി കയറിയത്. വീട്ടിലെ പരാധീനതകളും മറ്റും തീർക്കാൻ അതത്യാവശ്യമാണെന്ന് തോന്നി. ഒരു അകന്ന ബന്ധു സഹായിക്കാമെന്നേറ്റപ്പോൾ സന്തോഷമായി തനിക്കും തന്റെ വീട്ടുക്കാർക്കും. വണ്ടിയിൽ കയറുന്നതിനു മുൻപ് തന്നെ കൂട്ടിക്കൊണ്ടു പോകുന്ന ബന്ധു എല്ലാവരും കേൾക്കാൻ വേണ്ടിയെന്നോണം പറഞ്ഞു, "നാട്ടിലുള്ളവർക്കെല്ലാം ഒരു ചിന്തയുണ്ട്, കേരളം വിട്ടാൽ പണം കൊയ്യാമെന്ന്. ആ ചിന്ത വേണ്ട. അവിടെ ചോര നീരാക്കിയാലും കിട്ടുന്നത് തുച്ഛമായിരിക്കും. അതുകൊണ്ടുവേണം സ്വന്തം ചിലവും കഴിയാൻ അതിനാൽ, മോൻ പുറത്താണെന്ന് കരുതി ധാരാളിത്തമരുത്." അതുകേട്ട് തന്റെ മാതാപിതാക്കൾ ചിരിച്ചതേയുള്ളൂ. നാട്ടിൻപുറത്തുക്കാരായ അവർക്ക് അതിനപ്പുറമൊന്നും ചിന്തിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല.
നീണ്ട മൂന്നുവർഷം നാട്ടിലേയ്ക്ക് പോരുന്നതിനെക്കുറിച്ചു ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. ഓരോ മാസവും വീട്ടിൽനിന്നും എന്തെങ്കിലുമൊക്കെ ആവശ്യങ്ങൾ പറഞ്ഞ് കത്ത് വരുമായിരുന്നു. തന്നാലായതുപ്പോലെ അയച്ചുകൊടുത്തു. യാതൊന്നും മിച്ചം വയ്ക്കാൻ കഴിയുമായിരുന്നില്ല. ഓരോ വിശേഷദിവസങ്ങളിലും അച്ഛൻ എഴുതും, "നീ വരണം" എന്ന്. എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞ്, "വരാൻ കഴിയില്ല" എന്ന് എഴുതി അറിയിക്കും.
തന്നെ കൊണ്ടുപോയ ബന്ധു ഒരു ദിവസം തന്നെ വിളിച്ചിട്ട് പറഞ്ഞ്, "അടുത്ത മാസം ഞങ്ങൾ നാട്ടിൽ പോകുന്നു. നീയും വാ." അതുകേട്ടപ്പോൾ മനസ്സിൽ ആശ തോന്നിയെങ്കിലും, എങ്ങനെ പൊരുമെന്നു ചിന്തിച്ചു. "നീ എന്താ ഒന്നും മിണ്ടാത്തെ? പോകാനും വരാനുമുള്ള ടിക്കറ്റ്‌ ഞാൻ എടുത്തിട്ടുണ്ട്. മൂന്നു വർഷമായില്ലേ ഇങ്ങോട്ട് വന്നിട്ട്? ഒന്നു നാട്ടിൽപോയിട്ട് വരാം. എന്താ?" കേട്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും, ടിക്കറ്റിനുള്ള പണത്തെക്കുറിച്ചു ചിന്തിച്ചപ്പോൾ അറിയാതെ പറഞ്ഞുപ്പോയി, "പക്ഷെ........., ടിക്കറ്റിനുള്ള പണം ഞാനെങ്ങിനെ ഇത്ര പെട്ടെന്ന് ശരിയാക്കും? നാട്ടിൽ പോകുന്നത് പിന്നെയോരിക്കലാകാം."
"ടിക്കറ്റ്‌ ഞാനെടുത്തെന്നു പറഞ്ഞില്ലേ? പിന്നെ, എനിക്ക് പൈസ തരുന്നതിനെക്കുറിച്ചാണെങ്കിൽ, ഞാനത് പിന്നെ വാങ്ങിക്കൊള്ളാം. എന്താ, പോരേ? നീ പോകാനൊരുങ്ങ്."
തനിക്കു എന്ത് പറയണമെന്നറിയില്ലായിരുന്നു. അന്നുമുതൽ "തലകീഴായി എണ്ണാൻ" തുടങ്ങി. മൂന്നുവർഷത്തിനുശേഷം തന്റെ ജന്മനാട് കാണാൻ പോകുന്നു........! മനസ്സിൽ ആഹ്ളാദം നിറയുന്നതറിഞ്ഞു.
ആ ദിവസമെത്തി. റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുമ്പോൾ മനസ്സ് തുടിക്കൊട്ടുകയായിരുന്നു. ട്രെയിനൊന്നു വേഗം വന്നെങ്കിൽ എന്നാശിച്ചുപ്പോയി. ഒടുവിൽ ട്രെയിൻ വന്നു നിന്നപ്പോഴും അത്‌ സ്റ്റേഷൻ വിട്ടപ്പോഴും മനസ്സിൽ വല്ലാത്തൊരു അനുഭൂതി നിറയുന്നുണ്ടായിരുന്നു.
ട്രെയിൻ നാട്ടിലെത്തിയപ്പോൾ കണ്ടു, അച്ഛൻ റെയിൽവേ സ്റ്റേഷനിൽ കാത്തുനില്ക്കുന്നു. പെട്ടിയും തൂക്കി ഇറങ്ങിയപ്പോൾ അച്ഛൻ ഓടിയെത്തി. അച്ഛനോടൊത്തു നടക്കുമ്പോൾ അച്ഛൻ ചോദിച്ചു, "ഇനി വല്ലതുമുണ്ടോ?" എന്തൊക്കെയോ കൂടുതലായി പ്രതീക്ഷിച്ചിരുന്നതുപ്പോലെ തോന്നി.
വീടിനടുത്ത് ബസ്സിറങ്ങി വീട്ടിലേയ്ക്ക് നടക്കുമ്പോൾ അച്ഛൻ ഏറെ തലയുയർത്തിപ്പിടിച്ചാണ് നടക്കുന്നത് എന്നുതോന്നി. "മകൻ ജോലിസ്ഥലത്തുനിന്നും ലീവിന് വന്നിരിക്കുന്നു" എന്ന് നാട്ടിലുള്ളവരോട് വിളിച്ചു പറയുന്നതുപോലെ തോന്നി ആ മുഖഭാവം.
വീട്ടിലെത്തി കുളി കഴിഞ്ഞപ്പോൾ അമ്മ ഭക്ഷണമെടുത്തുവച്ചു. ഭക്ഷണം കഴിക്കുമ്പോൾ ചോദിച്ചു, "അവനെവിടെ" (അനിയനെയാണ് ഉദ്ദേശിച്ചത്). അമ്മ പറഞ്ഞ്, "അവന് ഈയിടെയായി കൂട്ടുക്കെട്ട് അല്പം കൂടുതലാണ്. എപ്പോൾ വരും, എപ്പോൾ പോകും എന്നൊന്നുമറിയില്ല." "അവൻ വരട്ടെ" എന്ന് മറുപടി പറഞ്ഞു. ഇടയ്ക്ക് അച്ഛൻ പറഞ്ഞു, നമുക്ക് വീടൊക്കെ ഒന്നു പൊളിച്ചു പണിയണം. നീ വന്നിട്ടാകാമെന്നു കരുതിയിരിക്കുകയാണ്. ഇനി എന്നാണ് പോകുക?" കേട്ടപ്പോൾ തല മരവിക്കുന്നതുപോലെ തോന്നി. ഇവരൊക്കെയെന്താണ് കരുതിയിരിക്കുന്നത്? താൻ വരുമ്പോൾ പെട്ടി നിറച്ച് കൊണ്ടുവരുമെന്നോ?
ഭക്ഷണം കഴിഞ്ഞ് പെട്ടി തുറന്ന് തന്റെ വസ്ത്രങ്ങളെല്ലാം എടുത്തു മാറ്റിയപ്പോൾ അമ്മ ചോദിച്ചു, "നീ ഒന്നും കൊണ്ടുവന്നില്ലേ?" ഇവരോട് എന്താണ് പറയുക? "അച്ഛനും അമ്മയ്ക്കും ആവശ്യമുള്ളതൊന്നും അവിടെ കിട്ടില്ല. ഇവിടെനിന്നും വാങ്ങാം." താൻ മറുപടി പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ അനിയനെത്തി. "നീ എവിടെയായിരുന്നു?" "ഏയ്‌, ചുമ്മാ അമ്പലം വരെ പോയതാ......" അവൻ മറുപടി പറഞ്ഞു. വൈകീട്ട് അവൻ പുറത്തേയ്ക്ക് പോകുമ്പോൾ താൻ പറഞ്ഞു, "എവിടേയ്ക്കാ? ഇരുട്ടുന്നതിനു മുമ്പ് വരണം." "അത്‌......, സെക്കന്റ്‌ ഷോക്ക് പോകും." അതുവേണ്ടാ. ആ പതിവ് ഇനി നിറുത്തുക." താൻ പറഞ്ഞു. കേട്ടത് ഇഷ്ടപ്പെടാത്ത രീതിയിൽ അമ്മയെ തുറിച്ചു നോക്കി അവൻ നടന്നകന്നു.
വൈകീട്ട് അങ്ങാടിയിൽ പോയി അച്ഛനും അമ്മയ്ക്കും അനിയനും കൊടുക്കാനായി എന്തൊക്കെയോ വാങ്ങി. കൈയിലുള്ളതിനനുസരിച്ച് എല്ലാം ഒതുക്കി. വീട്ടില് കൊണ്ടുവന്നപ്പോൾ ആര്ക്കും തൃപ്തിയായില്ല എന്നുതോന്നി.
പിറ്റേദിവസം അമ്പലത്തിൽ ചെന്നപ്പോൾ അമ്പലത്തിലെ കാര്യക്കാരൻ ചോദിച്ചു, "നീ എന്നാ വന്നെ? പുറത്തേയ്ക്കൊന്നും കണ്ടില്ലല്ലോ!" "ഇന്നലെ വന്നതേയുള്ളൂ" മറുപടി പറഞ്ഞ് നടന്നുനീങ്ങി. അമ്പലത്തിൽനിന്നു പുറത്തേയ്ക്ക് കടന്നപ്പോൾ തന്റെ പഴയ കൂട്ടുക്കാരിൽ രണ്ടുപേർ അവിടെ നില്ക്കുന്നുണ്ടായിരുന്നു. "വന്നിട്ട് പുറത്തേയ്ക്കൊന്നും കണ്ടില്ലല്ലോ! വൈകീട്ട് കാണില്ലേ? ഒന്നു കൂടണം." ഒന്നും പറഞ്ഞില്ല. നാട്ടിൽ വന്ന് ആദ്യദിവസങ്ങളിൽ തന്നെ മനസ്സ് മടുത്തു. വരേണ്ടായിരുന്നു എന്നുതോന്നി.
അനിയൻ പുറത്തേയ്ക്കൊന്നും പോകാതെ മുറുമുറുപ്പോടെ വീട്ടിൽത്തന്നെ കഴിഞ്ഞുകൂടി. അവനെ അന്വേഷിച്ച് കൂട്ടുകാർ വീട്ടിലെത്തിയപ്പോൾ തന്നെ കണ്ടതും തിരികെ പോയി.
വൈകീട്ട് തന്നെ അന്വേഷിച്ച് പഴയ കൂട്ടുക്കാർ വീട്ടിലെത്തി. "യാത്രാക്ഷീണം മൂലമാകാം, നല്ല സുഖമില്ല." പറഞ്ഞൊഴിഞ്ഞു.
പിറ്റേന്ന് രാവിലെ അമ്പലത്തിൽ പോകാനിറങ്ങി. വഴിയിൽ കണ്ട കൂട്ടുക്കാരുടെ കമന്റ്‌ കേട്ടു, "അവൻ ആളാകെ മാറിപ്പോയി. ഇപ്പോൾ നമ്മളെയൊന്നും അറിയില്ല." അപ്പോഴും ഒന്നും മിണ്ടിയില്ല. തന്റെ അവസ്ഥ അവർക്കാർക്കുമറിയില്ലല്ലോ. പറഞ്ഞാൽ ആരും വിശ്വസിക്കുകയുമില്ല. എല്ലാവരുടെയും ചിന്ത മറുനാട്ടിൽ പോയാൽ പണം കൊയ്യാമെന്നാണ്.
അമ്പലത്തിൽനിന്ന് തിരികെ വീട്ടിലേയ്ക്ക് നടക്കുമ്പോൾ തന്റെ ഒരു പഴയ കൂട്ടുക്കാരനൊപ്പം അനിയന്റെ ചില സുഹൃത്തുക്കൾ നില്ക്കുന്നു. അവൻ ഒരു പ്രമുഖ രാഷ്ട്രീയപാർട്ടിയുടെ സ്ഥലത്തെ അറിയപ്പെടുന്ന നേതാവാണ്‌. അവർ തന്റെ കൂട്ടുക്കാരനോട് പറയുന്നതുകേട്ടു, "അതാണ്‌ ആൾ." അവൻ തന്റെ അടുത്തു വന്ന് ചോദിച്ചു, "അപ്പോൾ നീയാണല്ലേ ആ ഭീകരൻ......?" "അതെന്താ?" താൻ ചോദിച്ചു. "അല്ല, നീ അനിയനെ പുറത്തേയ്ക്കൊന്നും വിടുന്നില്ലെന്നറിഞ്ഞു." താൻ ചിരിച്ചു. "നീ അധികം നാൾ ഇവിടെ നില്ക്കണ്ടാ. എളുപ്പം പൊയ്ക്കോ." അവന്റെ ഉപദേശവും കിട്ടി. അപ്പോഴും താൻ ചിരിച്ചു. മൂന്നുവർഷം കഴിഞ്ഞ് നാടുകാണാൻ വന്നതാണ്. നാട്ടിലെ ഇപ്പോഴത്തെ അവസ്ഥകൾ തനിക്കു യോജിച്ചതല്ലയെന്നു തോന്നി. നാട്ടിലുള്ളവർ ആകെ മാറിപ്പോയിരിക്കുന്നു.
ദിവസങ്ങൾ കൊഴിഞ്ഞുപ്പോയ്ക്കൊണ്ടിരുന്നു. ഓരോദിവസവും പുറത്തേയ്ക്കിറങ്ങുമ്പോൾ പരിചയക്കാർ ചോദിക്കും, "ഇനിയെന്നാ പോണേ? അതോ, പോകുന്നില്ലേ?" ഇവർക്ക് താൻ ശല്യമായോ? പലപ്പോഴും തോന്നിപ്പോയി.
അങ്ങനെ ആ ദിവസമെത്തി. ഇന്ന് താൻ തിരികെ പോകുന്നു. അച്ഛനമ്മമാരുടെ മുഖത്ത് ആശാഭംഗം കാണാം, അനിയന്റെ മുഖത്ത് ആശ്വാസവും. എല്ലാം അടുക്കിപ്പെറുക്കി പെട്ടിയിലാക്കി, നേരത്തെത്തന്നെ ഇറങ്ങി. "വഴിയിൽ തിരക്കായാലോ? നേരത്തെ റെയിൽവേ സ്റ്റേഷനിൽ എത്തിയാലും കുഴപ്പമില്ല. അല്പം കാത്തിരിക്കണമന്നല്ലേയുള്ളൂ? സാരമില്ല." താൻ പറഞ്ഞു. എത്രയും വേഗം ഇവിടെനിന്നു പോകുകതന്നെ. ഇവിടെ നിൽക്കണമെങ്കിൽ കൈനിറയെ പണം വേണം. അതില്ലാത്തവർക്ക് മറുനാട് തന്നെയാണ് നല്ലത്. റെയിൽവേ സ്റ്റേഷനിൽ എത്തി ട്രെയിൻ വരാൻ കാത്തിരിക്കുമ്പോൾ മനസ്സിൽ നീറ്റൽ അനുഭവപ്പെട്ടു. മൂന്നുവർഷം മറുനാട്ടിൽ ജോലിചെയ്തു നാട്ടിലേയ്ക്ക് തിരിച്ചപ്പോൾ എന്തൊക്കെ പ്രതീക്ഷകളായിരുന്നു? വേണ്ടായിരുന്നു എന്നു തോന്നിപ്പോയി. ഇനി കൈനിറയെ പണമില്ലാതെ നാട്ടിലേയ്ക്കില്ല. നിശ്ചയിച്ചുറച്ച് അനന്തതയിലേയ്ക്ക് നോക്കിയിരിക്കുമ്പോൾ അകലെനിന്നും ട്രെയിനിന്റെ ചൂളംവിളി കേൾക്കുന്നുണ്ടായിരുന്നു.

Comments

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code