പുസ്തകപരിചയം


കഥകളില്‍ ചെന്ന് രാപാര്‍ക്കുവാന്‍

വി എസ് ബിന്ദു

തന്‍റെ കണ്ണുകളും മനസ്സും ചെന്നെത്തുന്നേടത്തു നിന്ന് കഥയുടെ ജീവനെ കണ്ടെടുക്കുന്ന എഴുത്തുകാരനാണ്‌ ഡോക്ടര്‍ ബിജു.കവിതയുടെ നിലാവ് ഉള്ളില്‍ പൂക്കുമ്പോഴും ജീവിത സമരങ്ങളുടെ തീക്ഷ്ണ മുഖങ്ങള്‍ കഥയായി മെനെഞ്ഞെടുക്കാന്‍ അനായാസം ബിജുവിന് കഴിയുന്നു .
ഓരോ കഥാപാത്രവും ഉള്ളില്‍ സൂക്ഷിക്കുന്ന തീപ്പൊരി വായനക്കാരെ അനുഭവിപ്പിക്കുന്നതിനുള്ള ശില്‍പ്പി തന്ത്രം എഴുത്തിന്‍റെ വൈഭവമായി അനുഭവപ്പെടുന്നു . സ്നേഹത്തിന്‍റെ കടല്‍ ഇരമ്പുന്നതും വേദന അമര്‍ത്തിയ തേങ്ങലുകളാകുന്നതും സൂക്ഷ്മമായി തെരഞ്ഞെടുത്തിരിക്കുന്ന വാക്കുകളുടെ കൂടിച്ചേരലില്‍ ആണ്. അവ ക്രമാനുഗതമായ ഒരു താളം കഥകളില്‍ സൃഷ്ടിക്കുന്നു.ഈ ക്രമത്തെ അട്ടി മറിച്ചു കൊണ്ട് പെട്ടെന്ന് ഒരു കൊടുംകാറ്റു കടന്നു വരുന്നതും നാം അറിയുന്നു . തികച്ചും അപ്രതീക്ഷിതങ്ങളായ പരിണാമങ്ങള്‍ കഥയെ കൂടുതല്‍ കൂടുതല്‍ വികാരങ്ങളുടെ ശക്തി കേന്ദ്രമാക്കുന്നു .
ഓരോ കഥയിലെയും ഊര്‍ജ്ജ പ്രവാഹം മലയാള ചെറുകഥയുടെ നിലവിലുള്ള സംജ്ഞകളോട് അടുപ്പവും അകലവും കാട്ടുന്നു .കഥാകാരന്‍റെ തന്നെ മേല്‍ വിലാസം നല്‍കി കഥയെ വളര്‍ത്തുന്ന കൌതുകമുള്ള രീതി യാണ് "നന്ദു വേട്ടന്‍റെ ലക്ഷ്മി " എന്ന കഥയിലെ ആകര്‍ഷണ മായി അനുഭവപ്പെടുന്നത് . ആ വിലാസത്തില്‍ ഇനി എത്തി ച്ചേരുന്ന കത്തുകള്‍ കഥകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഒറ്റയടിപ്പാതകളുടെതാവാം . ആശയ വിനിമയം മനുഷ്യര്‍ തമ്മില്‍ ആവശ്യത്തിനു പോലും ഇല്ലല്ലോ എന്നത് ഖേദ പൂര്‍വ്വം നമ്മെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ രചന . എഴുത്തില്‍ തനിക്കു കര്‍ശന നിയന്ത്രണ ങ്ങളൊന്നും ഈ യുവാവ് ഏര്‍പ്പെ ടുത്തിയിട്ടില്ല .

ഇതള്‍ വിരിഞ്ഞു നിവരുന്ന അനുഭൂതിയാണ് കഥകളിലൂടെ കടന്നു പോകുമ്പോള്‍ ആസ്വാദകന് ഉണ്ടാവുക . ഓരോ ജീവിതവും സിറി ഞ്ചിനും സൂചിക്കും ഇടയിലുള്ള ബന്ധത്തെ ഒന്ന് കുത്തി നോവിച്ചു അടയാളപ്പെടുത്തുമ്പോള്‍ ശുദ്ധീകരിക്കപ്പെടുന്ന രക്തം പോലെ ബിജുവിന്‍റെ പതിനൊന്നു കഥകള്‍ ലളിതമായി ചംക്രമണം ചെയ്യപ്പെടുന്നു . ഇതിലെ പ്രമേയങ്ങള്‍ പരിചയം കൊണ്ട് നമ്മുടെ ഏറ്റവും അടുത്ത് നില്‍ക്കുന്നവയാണ് . അവ കാല്പ്പനികമോ അല്ലാത്തതോ ആയ അകാരണമായ നോവ്‌ സമ്മാനിക്കുന്നുണ്ട് .
മക്കള്‍ ഉപേഷിച്ച ,വിധവയായ ദേവയാനിയമ്മ എന്ന സ്ത്രീയുടെ നഷ്ട സ്വര്‍ഗങ്ങളെല്ലാം അവരുടെ ഭര്‍ത്താവിനെ ക്കുറിച്ചാണ് .ഓര്‍മ്മകളില്‍ മുഖം തല്ലിവീഴുമ്പോള്‍ "അവര്‍ അലറി വിളിച്ചു .ശബ്ദം പുറത്തു വന്നില്ല " എന്ന അവരുടെ ദീനമായ അവസ്ഥ പൊതു ജീവിതമായി പങ്കു വയ്ക്കുന്നു .നോവു കട്ട പിടിച്ച ആ അമ്മയുടെ മനസ്സ്" ഒറ്റയടിപ്പാതകള്‍ "എന്ന കഥയില്‍ ഭദ്രവും എന്നാല്‍ അശാ ന്തവുമായ ഒരധ്യായം തുറക്കുന്നു .
നൊമ്പരപ്പെട്ടു ജീവിക്കുന്ന മറ്റൊരു കഥാപാത്രമാണ് ഉണ്ണിക്കുട്ടന്‍. ഇവിടെ അവന്‍റെ ആഗ്രഹ പൂര്‍ത്തിക്ക് തടസ്സം നില്‍ക്കുന്നത് കാന്‍സര്‍ എന്ന വ്യാധിയാണ് .പ്രണയിച്ചവള്‍ക്ക് തീരാ രോഗം എന്ന് മനസ്സിലാക്കുമ്പോള്‍ അവനു ലോകം തന്നെ കൈവിട്ടു പോകുന്നു . സത്യത്തിനും സ്നേഹത്തിനും ഇടയില്‍ മൌനം ഭാഷയാക്കിയ നിഷ എന്ന പ്രണയിനി നമ്മെ വല്ലാതെ പിന്തുടരും .ജീവിതാവിഷ്കാരം എന്ന നിലയില്‍ മാത്രമല്ല ബിജുവിന്‍റെ കഥകള്‍ ശ്രദ്ധ നേടുന്നത് .
മലയാള കഥാ ചരിത്രത്തില്‍ നിന്ന് ഇത്തരം ലളിതമായ ആഖ്യാനങ്ങള്‍ എന്നോ കളഞ്ഞു പോയത് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട് അവ . ഒരനുഭവത്തെ ചെറു കഥയാക്കുന്ന ക്രാഫ്ടിനു ഇപ്പോള്‍ അനേകം രൂപപരമായ പരിണാമം വന്നിരിക്കുന്നു .അത് ദേശപ്പെരുമയും കാലവളര്‍ച്ചയും കാട്ടുന്നു. പരന്നു പരന്നു പോകുന്നതിനിടയില്‍ ചിതറി പ്പോകുന്ന ഒന്നായി ചിലപ്പോള്‍ കഥകള്‍ മാറുന്നതും കണ്ടു വരുന്നു .ഈ കഥകള്‍ ആകട്ടെ അത്തരം പരിമിതികളില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നതായി നാം അറിയുന്നത് അവ ജീവിതത്തിന്‍റെ തുടര്‍ച്ച എന്ന നിലയില്‍ അവസാനിക്കുമ്പോഴാണ്‌.
"രഹസ്യം" എന്ന പേരിലുള്ള കഥ സോളമന്‍റെ ഉത്തമഗീതം ആധാരമായി സ്വീകരിച്ചു കൊണ്ടാണ് വളര്‍ന്നു മുന്നേറുന്നത് വായിച്ചു കഴിയുമ്പോള്‍ വിളഞ്ഞ മുന്തിരി തോട്ടം കാണുന്നതിന്‍ സുഖം. ഇതിലെ പ്രണയം ഒടുവിലും രാത്രിക്കും പകലിനും ഇടയിലുള്ള രഹസ്യമായി തന്നെ നില നില്‍ക്കുന്നു . അതും ഒരു പ്രണയ സങ്കീര്‍ത്തനം പോലെ നിരൂപിയ്ക്കാം .
പൊതുവേ കരച്ചില്‍ എന്നത് എല്ലാ കഥകളുടെയും അടിയില്‍ ആഴത്തില്‍ വര്‍ത്തിക്കുന്നു .അതിനിടയില്‍ പുഞ്ചിരിയുടെ തിളക്കവും ഉണ്ട് .ഗ്രാമ ഹൃദയവും ഒപ്പം വാത്സല്യവും എന്നോ നഷ്ടമായ പ്രവാസികളെ നാമം ജപിക്കുന്നത്രയും സ്വകാര്യമായ അനുഭവമായി "മടക്കയാത്ര "യില്‍ വരച്ചിരിക്കുന്നു . ജന്മ ദേശം തേടി വരുന്ന ആ യാത്രികന്‍ സ്വന്തം ഭാരത്തെ ചുമന്നു ചുമന്നു വളഞ്ഞിരിക്കുന്നു .
കാന്‍സര്‍ നഷ്ടപ്പെടുത്തുന്ന ചില ജീവിതങ്ങളെ ഈ സമാഹാരത്തില്‍ അടുത്തു കാണാം . ഒരു ആതുര ശുശ്രൂഷകനെ സ്വാധീനിച്ച ചില അനുഭവങ്ങള്‍ ഏതോ മുഹൂര്‍ത്തത്തില്‍ കഥയുടെ ഭാവം സ്വീകരിച്ചിരിക്കുകയാണ് .
പെണ് ജീവിതങ്ങള്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് അവരുടെ പ്രതിരോധങ്ങള്‍ സമരരൂപകങ്ങള്‍ ആയി നിറയുമ്പോള്‍ സാരണിച്ചേച്ചി ജീവിതത്തോടു തോറ്റു പോകുന്ന കാഴ്ച ഖേദം പകരുന്നു .സ്ത്രീ ജീവിതങ്ങളുടെ അതിജീവനമെന്നത് മറ്റനേകം ഘടകങ്ങളെ ക്കൂടി പരിഗണിച്ചു മുന്നോട്ടു പോകുന്നു എന്നാണു ബിജുവിന്‍റെ പക്ഷം .അതിനാല്‍ തന്‍റെ മുന്നില്‍ തെളിയുന്ന നേര്‍ ചിത്രങ്ങളില്‍ ഭാവനയുടെ നിറം ഏറെ ചേര്‍ക്കാന്‍ കഥാകാരന്‍ ശ്രമിച്ചില്ല .
"വെറുതെ കുറെ വരകള്‍ " വായനക്കാരുടെ മനസ്സില്‍ കഥകളിലൂടെ വരച്ചു പോകാന്‍ കഴിയുമ്പോള്‍ ബിജു തന്‍റെ സാമൂഹിക പരിസരത്തെ ശക്തമായ വീക്ഷണം കൊണ്ടു പ്രതിഫലിപ്പിക്കുന്നു .നിബിഡമായ വനത്തിനുള്ളില്‍ അകപ്പെട്ടപോലെ ഈ കഥകള്‍ ഉഴറുന്നില്ല.തന്നില്‍ നിന്ന് തന്നെ പുറപ്പെടുന്ന പ്രകാശ രശ്മികള്‍ കൊണ്ട് അവ വെളിച്ചം പായിക്കുകയാണ് .
മകളെ വിവാഹം ചെയ്തയച്ച അച്ഛന്‍ അനുഭവിക്കുന്ന കണ്വന്‍റെ വ്യഥയാണ്" മനസ്സ്" എന്ന പത്താമത്തെ കഥ .തന്‍റെ കണ്‍ മുന്നില്‍ വളര്‍ന്നു വലുതായ മകളെ വിവാഹത്തിലൂടെ പിരിയേണ്ടി വരുന്ന പിതാവിന്റെ ഓരോ വാക്കും ആ കഥയുടെ ജീവന്‍ വര്ദ്ധിപ്പിക്കുന്നു .വായനക്കാരുടെ ഈറനണിയുന്ന കണ്ണുകള്‍ ഉണ്ടാക്കുന്ന തന്മയീഭാവം കഥാകൃത്തിന്റെ വിജയം കുറിക്കുന്നു ,
നസീമ എന്ന ആയിഷയുടെ കഥയും തന്റെ ജീവിതത്തില്‍ അവള്‍ക്കുള്ള സ്ഥാനവും ഡോ.വിനയ ചന്ദ്രന്‍ അവാര്‍ഡു സ്വീകരിച്ചു കൊണ്ടുനടത്തുന്ന പ്രസംഗത്തില്‍ നിന്നും വെളിപ്പെടുന്നുണ്ട് . അനുവാചകരിലേക്ക് തന്‍റെ മനസ്സ് സൂക്ഷിക്കാന്‍ കൊടുക്കുന്ന പ്രക്രിയ ഈ ബിജുവിനു വശം തന്നെ ."സൂര്യോദയത്തിനപ്പുറം " സംഭവിക്കാവുന്നവ എന്തുമാകാം അവയോടുള്ള പ്രതികരണങ്ങള്‍ അപ്രതീക്ഷിതവും ആകാം അരൂപികളായി എത്തുന്ന അനുഭവങ്ങള്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഞെട്ടലുകളും സന്തോഷവുമാണ് കഥകളുടെ പ്രത്യേകത.
ശില്പ ഭംഗിയുള്ള കഥകള്‍ ഈ സമാഹാരത്തിന്‍ മേന്‍മയാണ് അവയുടെ ആന്തരിക ശക്തിയാകട്ടെ ജീവിതത്തെ സ്നേഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതും . രോഗവും ചികിത്സയും രോഗികളും അവരുമായി ബന്ധമുള്ളവരും ചേര്‍ന്ന് സൃഷ്ടിക്കുന്ന ലോകം അതിന്‍റെ അവതരണ രീതി കൊണ്ട് ഹൃദയത്തെ തൊടുന്നു .പ്രതല വിസ്തൃതി ചുരുക്കുമ്പോള്‍ കഥകളുടെ ശരീരം പാകപ്പെടുന്നത് അസാധാരണ മെയ് വഴക്കത്തോടെയാണ് .അവയ്ക്ക് പറയാനും പാടാനും ആ ഇത്തിരി വട്ടം നല്‍കുന്ന അവസരം അത്രയേറെ ഭ്രമ കല്‍പ്പനയുള്ളതല്ല .
സ്നേഹം ,കരുണ എന്നീ മൂല്യങ്ങളൊക്കെ സര്‍ഗാത്മകമായി മാറുന്നത് അവയില്‍ നിഴലിക്കുന്ന പാപ ബോധങ്ങളിലൂടെയാണ് . എല്ലാം കലങ്ങിത്തെളിഞ്ഞു കണ്‍ മുന്നിലൂടെ ഒഴുകുന്ന കാഴ്ച . സംഭ്രമാ കുലതകള്‍ പുലര്‍ത്തുന്ന കാലം ചുറ്റിലും നിറയുമ്പോള്‍ ബിജുവിന് അവയെ തന്‍റെ സുദീര്‍ഘമായ വിചാരങ്ങള്‍ കൊണ്ട് വിചാരണ ചെയ്യാന്‍ കഴിഞ്ഞു . നിസ്സഹായരാണ് പലപ്പോഴും മനുഷ്യര്‍ എന്നും ആകസ്മികങ്ങളാണ് അവരെ നിയന്ത്രിക്കുന്നതെന്നും പറയാനും കഴിഞ്ഞു.
"താലി" ...അത് പൂര്‍വികര്‍ ഉണ്ടാക്കിയ ആചാരം മാത്രം "എന്ന പ്രസ്താവനയിലൂടെ തന്‍റെ കഥയെ പുരോഗമന കാലവുമായി കണ്ണി ചേര്‍ക്കുകയും അലങ്കാരങ്ങളുടെ പകര്‍ത്തലുകളെ തള്ളിക്കളയുകയും ചെയ്യുന്നു .പ്രകൃതിയും പ്രഭാതവും ബിംബിക്കുന്ന ഈ എഴുത്ത് അനേകം മാനങ്ങള്‍ ഉള്ളതുമാണ് .അവ മനുഷ്യ പക്ഷത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നു .ജാതിയും മതവും നിര്‍മ്മിക്കുന്ന വേലികള്‍ ഇപ്പോഴും പൊളിയാതെ ഉണ്ട് എന്ന് ബോധ്യപ്പെടുത്തുന്നു .കഥകളിലെ സ്ഥലകാല നിര്‍മ്മിതിയും വളരെ ശ്രദ്ധിച്ചാണ് കൈകാര്യം ചെയ്തിരിക്കുന്നത് .ബിജു കഥകളിലൂടെ കാട്ടി ത്തരുന്ന ലോകം അത്തരത്തില്‍ നമ്മുടേതു തന്നെ .
"വെറുതെ കുറെ വരകള്‍" ആരും വരയ്ക്കാറില്ല .ഒരുപക്ഷേ അലക്ഷ്യമായി എപ്പോഴെങ്കിലും ഉണ്ടായേക്കാവുന്ന ആ വരകള്‍ നമ്മളോട് പറയുന്നത് അവയുടെ രൂപപ്പെടലിനു പിന്നിലെ ത്യാഗസഞ്ചാര ങ്ങളെ ക്കുറിച്ചാവും .അവ നമ്മുടെ കണ്ണ് നനയിക്കുകയും നക്ഷത്രങ്ങള്‍ പറയുന്ന വര്‍ത്തമാനങ്ങളെ പകര്‍ത്തി ത്തരികയും ചെയ്യും .


"സേനാനി ,കടമ " എന്നിങ്ങനെ ശ്രദ്ധേയങ്ങളായ പതിനൊന്നു കഥകളാണ് ഈ സമാഹാരം ഉള്‍ക്കൊള്ളുന്നത് മൂര്‍ച്ചയേറിയതും തീപ്പിടിപ്പിക്കുന്നതുമായി പിറക്കാനിരിക്കുന്ന അനേകം പുതിയ കഥകളുടെ വരവിനെക്കുറിച്ച് ഈ പുസ്തകം നമ്മോടു പറയുന്നു . നൊമ്പരങ്ങളുടെ ഉടലില്‍ നിന്ന് കഥയുടെ വിശിഷ്ടങ്ങളായ കൈവഴികള്‍ പിറക്കുന്നു . കഥാപാത്രങ്ങളുടെ നേര്‍ത്ത ചലനങ്ങളില്‍ പോലും അതീവ ശ്രദ്ധ കാട്ടുന്ന ഈ യുവ കഥാകൃത്ത്‌ തന്‍റെ എഴുത്തുമുറിയില്‍ ഉണര്‍ന്നിരിക്കുന്നു .ഇനി വരാനിരിക്കുന്നത് കഥകളുടെ പ്രവാഹമാണല്ലോ . കാല സാഗരങ്ങള്‍ കാത്തിരിക്കുന്ന അനുസ്യൂതമായ അക്ഷര പ്രവാഹം .
http://www.paridhipublications.com/book/Veruthe-Kure-Varakal/1575/

Comments

 
സണ്ണി പാ    2015-02-27 00:15:14
പുസ്തകം വായിച്ചു .. നല്ല നല്ല കഥകളുടെ അപൂർവ്വ സംഗമം അതാണ്‌ വെറുതെ കുറെ വരകൾ
 
 
ഷാനു മാത    2015-02-12 20:27:57
അഭിനന്ദനങ്ങൾ ഡോക്ടർ.. കഥകൾ എല്ലാം ഇഷ്ട്ടമായി
 
 
രമ്യ ആനന    2015-02-04 08:35:40
കാന്‍സര്‍ നഷ്ടപ്പെടുത്തുന്ന ചില ജീവിതങ്ങളെ ഈ സമാഹാരത്തില്‍ അടുത്തു കാണാം - ഹൃദയം കൊണ്ടും കണ്ണിരു കൊണ്ടും എഴുതിയ കഥകൾ .. ഡോക്ടർക്ക്‌ അഭിനന്ദനങ്ങൾ
 
 
സിന്ധു     2015-01-31 08:57:32
"വെറുതെ കുറെ വരകള്‍ " ഡോക്ടറുടെ കഥ സമാഹാരം വായിച്ചിരുന്നു ... "താലി" ...അത് പൂര്‍വികര്‍ ഉണ്ടാക്കിയ ആചാരം മാത്രം " ഉണ്ണികുട്ടന്റെ പെണ്ണുകാണൽ എന്നാ കഥയിലെ ഈ വാക്കുകൾ മനസ്സിൽ തങ്ങിനിക്കുന്നു .കണ്ണുകളെ ഈറനണിയിക്കുന്ന മനോഹരങ്ങളായകഥകൾ . ഡോക്ടര്ക്കും "വെറുതെ കുറെ വരകള്‍ "ക്കും അഭിനന്ദനങ്ങൾ
 
 
താര സുരേ    2015-01-30 13:45:18
ഈ പുസ്തകം ഞാൻ വായിച്ചു ... ഏറ്റവും മികച്ച കഥകളുടെ സംഗമം ഡോക്ടർക്ക്‌ അഭിനന്ദനങ്ങൾ
 

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code