കഥ


ഭാര്യാപദവി

Kunjuss Canada (കുഞ്ഞൂസ്)
തറയില്‍ അമരുന്ന ഷൂസിന്റെ ശബ്ദം കേട്ടാണ് കണ്ണുകള്‍ പതുക്കെ തുറന്നത്. ഹോ....തല പൊട്ടിപ്പൊളിയുന്ന വേദന, കണ്ണില്‍ നിന്നും തീ പാറുന്നപോലെ.... അതിനിടയിലും കണ്ടു, രാജേട്ടന്റെ കനപ്പിച്ച മുഖം...!! മനപ്പൂര്‍വം പനി വരുത്തി വച്ചതുപോലെ, ദേഷ്യത്തില്‍ എന്തൊക്കെയോ പറയുന്നു. എന്താണെന്നു വ്യക്തമാകുന്നില്ല.
"എനിക്കു ഇന്ന് മീറ്റിംഗ് ഉള്ളതാ എന്നറിഞ്ഞു കൂടെ, ഒരു ചായ ഇട്ടിട്ടു പോയി കിടന്നു കൂടെ, അല്ലേലും ഒരാവശ്യത്തിനും ഉപകരിക്കില്ല"
പരാതികളുടെ എണ്ണം നീളുന്നു. പതുക്കെ എണീക്കാന്‍ ശ്രമിച്ചു, പക്ഷെ വയ്യ..പറ്റുന്നില്ല...
ഇനി എന്തെങ്കിലുമാകട്ടെ , പറയാനുള്ളതൊക്കെ പറഞ്ഞോട്ടെ, ഇന്ന് തീരെ വയ്യ..
അങ്ങോട്ടും ഇങ്ങോട്ടും ദേഷ്യപ്പെട്ടു നടക്കുന്നുണ്ട്... ഇന്നലെ താൻ തേച്ചു വച്ച വസ്ത്രങ്ങള്‍ ആണിട്ടിരിക്കുന്നത്. കാലില്‍ കിടന്നു തിളങ്ങുന്ന ഷൂസും ഇന്നലെ താൻ പോളിഷ് ചെയ്തു വച്ചിരുന്നവ തന്നെയല്ലേ.??
അദ്ദേഹത്തിന്റെ ബ്രീഫ്കേസും ഇന്നലെ തന്നെ റെഡിയാക്കി വച്ചിരുന്നല്ലോ. ഒരു കാര്യത്തിനും ഒരിക്കലും മുടക്കം വരുത്തിയിട്ടില്ല. ഇന്നു തനിക്കു വയ്യാഞ്ഞിട്ടാണെന്നു പോലും ഓര്‍ക്കുന്നില്ലല്ലോ.... പനിയും ഉള്ളിലെ വേദനയും..... തുളുമ്പുന്ന കണ്ണുനീര്‍ കാണാതിരിക്കാന്‍ തിരിഞ്ഞു കിടന്നു കണ്ണടച്ചു.
ഒരിറ്റു കണ്ണുനീര്‍ തലയിണയിലേക്കടര്‍ന്നു വീണു.
പലപ്പോഴും സങ്കല്‍പ്പിച്ചു നോക്കിയിട്ടുണ്ട്, തനിക്കൊരസുഖം വരുന്നതും രാജേട്ടന്‍ കൂടെയിരുന്നു ശുശ്രുഷിക്കുന്നതും ഒക്കെ. അതൊരു സുഖമുള്ള സ്വപ്നമായിരുന്നു തനിക്കെന്നും. എന്നാല്‍ ഇന്നോ, എന്തിനെന്നറിയാതെ ചുണ്ടുകള്‍ വിതുമ്പിപ്പോയി.... വാതില്‍ വലിച്ചടക്കുന്ന ശബ്ദം കേട്ടു, രാജേട്ടന്‍ പോയിക്കാണും, തന്നോട് പറയാതെ....!
"നിക്കു വേണ്ട കുഞ്ഞേട്ടാ..."
"അങ്ങിനെ പറഞ്ഞാലോ, കുഞ്ഞാറ്റെടെ ഉവ്വാവ് മാറേണ്ടേ, എന്നിട്ട് വേണ്ടേ മിടുക്കിയായിട്ടു സ്കൂളില്‍ പോകാന്‍...."
ഒരു ആറുവയസുകാരിയെ നെഞ്ചോടു ചേര്‍ത്ത് വച്ചു, പൊടിയരിക്കഞ്ഞി കോരിക്കൊടുക്കുന്ന പത്തുവയസുകാരന്‍, ഓരോന്നുപറഞ്ഞു കഞ്ഞിയും മരുന്നും കഴിപ്പിക്കുന്ന കുഞ്ഞേട്ടന്‍..... അമ്മാവന്റെ സംരക്ഷണയില്‍ കഴിയുന്ന അനാഥരായ അവര്‍, പരസ്പരം തുണയായി ഒരു ജീവനായി....

"കുഞ്ഞേട്ടാ....കുഞ്ഞേട്ടാ...."
തന്റെ നെഞ്ചിലേക്ക് ചാഞ്ഞുറങ്ങുന്ന കുഞ്ഞാറ്റയെ ചേര്‍ത്തുപിടിച്ചു ആ ഏട്ടന്‍.
"മേം സാബ്" ആരോ കുലുക്കി വിളിച്ചു. "ഡോക്ടറെ വിളിക്കണോ, ഈശ്വരാ, നല്ല പനിയുണ്ടല്ലോ..."
ഓ, ഷംല, ഇവള്‍ എപ്പോള്‍ എത്തി?ഒന്നും അറിഞ്ഞില്ലല്ലോ.... രാജേട്ടന്‍ വാതില്‍ അടക്കാതെ ചെയിന്‍ ഇട്ടിട്ടാവും പോയത്. പനിയുടെ ചൂടില്‍ എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടാവണം, അതാവും അവള്‍ ഭയന്നത്.
"ഒന്നും വേണ്ട ഷംലാ.... ഞാന്‍ കിടക്കട്ടെ"
"എന്നാ ഞാന്‍ പനിക്കഷായം ഉണ്ടാക്കി കൊണ്ട് വരാം" അവള്‍ തിരിഞ്ഞു അടുക്കള ഭാഗത്തേക്കു നടന്നു.
ഇവള്‍ക്ക് തോന്നുന്ന അനുകമ്പ പോലും രാജേട്ടനില്ലാതെ പോയല്ലോ.... വിങ്ങുന്ന ഹൃദയത്തോടെ കണ്ണുകൾ പൂട്ടുമ്പോൾ ഉള്ളിലെ ലാവ ചെന്നിയിലൂടെ ഒഴുകിയിറങ്ങി ....

Comments

 
താര സുരേ    2015-01-30 13:39:07
കൊള്ളാം ചേച്ചി ... കഥ കഥ വായിക്കാൻ അവസരം ഒരുക്കി തന്ന തരംഗിനിക്കും നന്ദി
 

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code